- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്ത് വർഷം മുൻപ് ഗുർമീത് എങ്ങനെ യുകെയിൽ എത്തിയെന്നത് കടങ്കഥ; യുകെയിലോ നാട്ടിലോ ബന്ധുക്കൾ ഇല്ല; 75 കാരിയെ ഇന്ത്യയിലേക്ക് നാടുകടത്താൻ ബ്രിട്ടൺ; ഉണർന്നെണീറ്റ് സോഷ്യൽ മീഡിയ
ന്യുനതകളും കുറ്റങ്ങളും ഒരുപാട് പറയാനുണ്ടാകുമെങ്കിലും, കഴിഞ്ഞ കുറേകാലങ്ങളായി ശബ്ദമില്ലാത്തവന്റെ ശബ്ദം അധികാരത്തിന്റെ ഇടനാഴികളിലെത്തിക്കുന്നത് സമൂഹ മാധ്യമങ്ങളാണ്. അല്ലെങ്കിൽ ഒരുപക്ഷെ അധികാരപ്പെട്ടവർ കേൾക്കാതെ പോകുമായിരുന്ന വിലാപങ്ങൾ സമൂഹമാധ്യമങ്ങളിൽ മാറ്റൊലി കൊണ്ടപ്പോൾ, അധികാരികൾക്ക് ചെവിയോർക്കാതിരിക്കൻ ആയില്ല. കാണാൻ ഇഷ്ടമില്ലാത്തവ കണാതേയും കേൾക്കാൻ ഇഷ്ടമില്ലാത്തവ കേൾക്കാതേയും അധികാരത്തിന്റെ ചക്രം തിരിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാക്കിയതിൽ സമൂഹമാധ്യമങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്.
ഇതാ വീണ്ടും ഒരു നിസ്സഹായയായ വൃദ്ധയുടെ രോദനം സമൂഹ മാധ്യമങ്ങളിൽ മാറ്റൊലി കൊള്ളുന്നു. പ്രായമേറെയായ ഒരു സിക്ക് വിധവയെ ഇന്ത്യയിലേക്ക് നിർബന്ധപൂർവ്വം നാടുകടത്താനുള്ള ഹോം ഡിപ്പാർട്ട്മെന്റിന്റെ തീരുമാനത്തിനെതിരെ 62,000 ത്തിൽ അധികം ആളുകളാണ് ഓൺലൈൻ പരാതിയിൽ ഒപ്പു വച്ചിരിക്കുന്നത്.കഴിഞ്ഞ 10 വർഷമായി ഇംഗ്ലണ്ടിൽ താമസിക്കുകയാണ് ഈ വനിത.
ഗുർമിത് കൗർ സൊഹാട്ട എന്ന 75 കാരി എങ്ങനെ ബ്രിട്ടനിലെത്തി എന്നത് ഒരു കടങ്കഥയായി അവശേഷിക്കുന്നു. ബ്രിട്ടനിൽ അവർക്ക് ബന്ധുക്കൾ ആരുംതന്നെയില്ല. ഇന്ത്യയിലും അങ്ങനെ തന്നെ. ലോകത്തിൽ തീർത്തും ഒറ്റപ്പെട്ട അവർ ആവശ്യമായ രേഖകൾ ഒന്നും ഇല്ലാതെയാണ് ബ്രിട്ടനിലെത്തിയത്. അതുകൊണ്ടുതന്നെ അവരെ തിരിച്ചയയ്ക്കുവാനായിരുന്നു ഹോം ഡിപ്പാർട്ട്മെന്റ് തീരുമാനിച്ചതും. 2009 മുതൽ വെസ്റ്റ് മിഡ്ലാൻഡ്സിലെ സ്മെത്വിക്കിലാണ് അവർ താമസിക്കുന്നത്.
തണലേകാൻ ഒരു കുടുംബം ബ്രിട്ടനിലും ഇല്ല ഇന്ത്യയിലും ഇല്ല. സ്മെത്വിക്കിലെ സിക്ക് സമൂഹം അവരെ ഏറ്റെടുക്കുകയായിരുന്നു. അവരുടെ സഹായത്തോടെ ബ്രിട്ടനിൽ നിയമാനുസൃതമായി താമസിക്കുവാൻ അവർ സമർപ്പിച്ച അപേക്ഷ പക്ഷെ സർക്കാർ നിർദാക്ഷണ്യം തള്ളിക്കളഞ്ഞു. ഇതിനെതിരെയാണ് ബ്രിട്ടനിലെ ഹോം ഡിപ്പാർട്ട്മെന്റിനും , ബ്രിട്ടീഷ് പാർലമെന്റിനും പരാതി നൽകാൻ ചേഞ്ച് .ഓർഗ് എന്ന വെബസൈറ്റിലൂടെ കുറച്ചുപേർ മുന്നോട്ട് വന്നത്.
പ്രദേശത്തെ ഗുരുദ്വാരകളിലാണ് ഗുർമീത് ഏറെ സമയവും ചെലവഴിക്കുന്നത്. സ്വന്തമായി ഒന്നുമില്ലെങ്കിലും, എന്ത് കിട്ടിയാലും അത് മറ്റുള്ളവരുമായി പങ്ക് വയ്ക്കാൻ ഇഷ്ടപ്പെടുന്ന സ്ത്രീയാണവർ എന്നാണ് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നത്. അടുത്തയിടെ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധം നടന്നപ്പോൾ, തനിക്ക് ഗുരുദ്വാരയിൽ നിന്നും ലഭിച്ച പഴങ്ങൾ പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയവർക്ക് നൽകി ഇവർ ഐക്യദാർഢ്യം പ്രഖാപിച്ചിരുന്നു. ഗുർമീത് ആന്റി എന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന അവരെ സ്മെത്വിക്കിന് വേണം എന്നാണ് തദ്ദേശവാസികൾ ഒറ്റക്കെട്ടായി പറയുന്നത്.
ഇന്ത്യയിലേക്ക് തിരിച്ചെത്തിയാൽ, തികച്ചും ഏകാന്തമായിരിക്കും ജീവിതം എന്നാണ് ഗുർമീത് കൗർ പറയുന്നത്. അത് തീർച്ചയായും തന്റെ മനസ്സിനേയും ശരീരത്തേയും ബാധിക്കും. ഭർത്താവിന്റെ മരണശേഷം, ജീവിതം എന്തെന്നറിഞ്ഞത് സ്മെത്വിക്കിലെ ഗുരുദ്വാരകളിലാണെന്നാണ് അവർ പറയുന്നത്. ഇവിടെ തനിക്ക് ലഭിക്കുന്ന സ്നേഹവും കരുതലും നഷ്ടപ്പെട്ടാൽ പിന്നെ ജീവിതം ദുരിതപൂർണ്ണമാകും എന്നും അവർ പറയുന്നു. ഈ ആരാധനാലയങ്ങളിൽ എത്തുന്ന ഭക്തരാണ് ഇപ്പോൾ തന്റെ കുടുംബാംഗങ്ങൾ എന്നും അവർ പറയുന്നു.
ഗുരുദ്വാരകളിൽ ചെറിയ ജോലികൾ ചെയ്തും, അവിടെ എത്തുന്നവർക്ക് വേണ്ട സഹായങ്ങൾ ചെയ്തുമൊക്കെയാണ് ഈ 75 കാരി ജീവിതം മുന്നോട്ട് തള്ളിനീക്കുന്നത്. ജീവിതത്തിന്റെ സായാഹ്നത്തിൽ അവരെ ഏകാന്തതയുടെ തുരുത്തുകളിലേക്ക് തള്ളിവിടരുത് എന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ അനേകർ ആവശ്യപ്പെടുന്നത്. ഒറ്റപ്പെടലിന്റെ വേദന മറ്റെന്തിനേക്കാളേറെ അസഹ്യമാണ് എന്നവർ അധികാരികളെ ഓർമ്മിപ്പിക്കുന്നു. ഏതായാലും, ഈ ഇടപെടൽ ഫലം കണ്ടുതുടങ്ങിയിട്ടുണ്ടെന്നാണ് ചില സൂചനകൾ പറയുന്നത്. ഇവർക്ക്, ബ്രിട്ടനിൽ നിയമവിധേയമായി താമസിക്കുവാൻ എടുക്കേണ്ട നടപടികളെ കുറിച്ച് ഇവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം ഹോം ഡിപ്പാർട്ട്മെന്റ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ