- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അധികാരത്തോടുള്ള അഭിനിവേശം മാത്രമാണോ ട്രംപിനെ തോൽവി സമ്മതിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത് ? വൈറ്റ്ഹൗസിൽ നിന്നും പുറത്തിറങ്ങിയാൽ നേരിടേണ്ടി വരുന്നത് നിരവധി കേസുകൾ; ലൈംഗിക പീഡനം മുതൽ സാമ്പത്തിക ക്രമക്കേറ്റ് വരെയുള്ള നിരവധി കുറ്റങ്ങൾക്കുള്ള വിചാരണ കാത്തിരിക്കുന്നു; ട്രംപിന്റെ ഭാവി തീരുമാനിച്ചേക്കാവുന്ന ആറു കേസുകൾ
അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഒരുപാട് നാടകീയ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ലോകത്തിന്റെ മുന്നിൽ അമേരിക്കയുടെ പ്രതിച്ഛായ പാതാളത്തോളം താഴ്‌ത്തിക്കൊണ്ട് നിലവിലെ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് കളിച്ച കളികൾക്ക് പിന്നിലെ യഥാർത്ഥ ഉദ്ദേശം അധികാരക്കൊതിയല്ല, മറ്റു ചിലതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പടെ നിരവധി കേസുകൾ ട്രംപിന്റെ പേരിലുണ്ട്. അധികാരത്തിൽ ഇരിക്കുന്ന പ്രസിഡണ്ടിനെ ഫെഡറൽ ക്രിമിനൽ നിയമങ്ങൾക്ക് വിധേയമായി വിചാരണ ചെയ്യരുത് എന്നൊരു അലിഖിത നിയമം അമേരിക്കയിൽ ഉള്ളതുകോണ്ട് മാത്രമാണ് ഈ കേസുകൾ പുറത്തുവരാത്തത് എന്നാണവർ പറയുന്നത്.
ഒരിക്കൽ അധികാരം വിട്ട് വൈറ്റ്ഹൗസിന് വെളിയിൽ എത്തിയാൽ, ഡൊണാൾഡ് ട്രംപ് മറ്റേതൊരു അമേരിക്കക്കാരനേയും പോലെ ഒരു സാധാരണ പൗരൻ മാത്രമാണ്. അദ്ദേഹത്തിന് എതിരെയുള്ള ഏതൊരു കേസിലും വിചാരണ തുടരാനാകും. ഇതിൽ നിന്നും രക്ഷനേടുവാനായാണ് ട്രംപ് നാടകം കളിക്കുന്നത് എന്നൊരു ആരോപണവും ഉയരുന്നുണ്ട്.പ്രധാനമായും ആറ് കേസുകളാണ് ട്രംപിന് ഭാവിയിൽ ഭീഷണി ഉയർത്തിയേക്കാവുന്നത്.
ലൈംഗിക ബന്ധം സ്വകാര്യമായി വയ്ക്കാൻ കൈക്കൂലി നൽകിയ കേസ്
2016-ലെ തെരഞ്ഞെടുപ്പ് കാലത്താണ് ഈ സംഭവം നടക്കുന്നത്. പ്ലേബോയ് മോഡലായ കരേൻ മെക് ഡഗൽ, പോൺ മൂവി നടിയായ സ്റ്റോമി ഡാനിയൽസ് എന്നീ യുവതികളാണ് ഈ ആരോപണവുമായി എത്തിയത്. ഡൊണാൾഡ് ട്രംപ് തങ്ങളുമായി ലൈംഗിക ബന്ധം പുലർത്തിയെന്നും അക്കാര്യം പുറത്തുപറയാതിരിക്കാൻ പണം നൽകി എന്നതുമായിരുന്നു ആരോപണം. 2018-ൽ അവർ ഈ ആരോപണം ഉന്നയിച്ചപ്പോൾ അത് വൻവിവാദമായി മാറിയിരുന്നു.
ഫെഡറൽ നിയമങ്ങളുടെ ലംഘനമായാണ് ഇതിനെ കണക്കാക്കിയത്. അന്ന് ട്രംപിന്റെ പേഴ്സണൽ അഭിഭാഷകനായിരുന്ന മൈക്കൽ കോഹന്റെ പങ്കായിരുന്നു ഇക്കാര്യത്തിൽ അന്വേഷിച്ചത്. ഈ സ്ത്രീകൾക്ക് പണം നൽകിയ കാര്യം കോഹെൻ സമ്മതിക്കുകയും തുടർന്ന് അദ്ദേഹത്തെ മൂന്ന് വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. ട്രംപിന്റെ നിർദ്ദേശ പ്രകാരമാണ് താൻ പണം നൽകിയതെന്ന് കോഹൻ പറഞ്ഞിരുന്നെങ്കിലും അന്ന് ട്രംപിനെതിരെ അന്വേഷണമൊന്നും നടന്നിരുന്നില്ല.
ട്രംപ് നിർദ്ദേശം നൽകി എന്നതിന് തെളിവുകൾ സമാഹരിക്കാൻ പ്രോസിക്യുഷന് കഴിയാത്തതും, അധികാരത്തിലിരിക്കുന്ന പ്രസിഡണ്ടിനെ വിചാരണക്ക് വിധേയമാക്കുന്നത് പരമ്പരാഗത രീതികൾക്ക് വിരുദ്ധമായതുമായിരുന്നു കാരണം. എന്നാൽ, ഈ കേസ്സ് പൂർണ്ണമായും തീർന്നിട്ടില്ല. ഇതിൽ ഒരു പുനരന്വേഷണത്തിനുള്ള സാധ്യത ഇപ്പോഴുമുണ്ട്. ട്രംപ് അധികാരത്തിന് പുറത്തെത്തിയാൽ ഇത് ഒരു കുരുക്കായി മാറിയേക്കാം.
ടാക്സ്- ബാങ്ക് തട്ടിപ്പുകൾ
ട്രംപിന്റെ ടാക്സ് റിട്ടേൺസ് ഉൾപ്പടെയുള്ള പല രേഖകളും കാണിക്കണമെന്ന് ആവശ്യപ്പെട്ട് വാൻസ് സമർപ്പിച്ച അപേക്ഷയിലാണ് ഈ തലവേദന തുടങ്ങുന്നത്. ഏട്ടു വർഷത്തെ കണക്കുകളായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇത് രാഷ്ട്രീയ പ്രേരിതം എന്ന് പറഞ്ഞ് ട്രംപ് മുടക്കുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ പക്ഷെ കോടതി ട്രംപിന്റെ വാദം തള്ളിയിരുന്നു. ഇത് ട്രംപിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവിധ രേഖകൾ പ്രോസിക്യുട്ടർമാർക്ക് പരിശോധിക്കാം എന്നതിനടുത്തെത്തിച്ചു. നികുതി വെട്ടിപ്പ്, ഇഷുറൻസ് വെട്ടിപ്പ്, ബാങ്ക് തട്ടിപ്പ് എന്നീ നിരവധി ആരോപണങ്ങളാണ് ഈ കേസിൽ ട്രംപിനെതിരെ ഉയർന്നിരിക്കുന്നത്.
റിയൽ എസ്റ്റേറ്റ് തട്ടിപ്പ് അന്വേഷണം
2019 മാർച്ച് മുതൽ ന്യുയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസ് ട്രംപ് ഓർഗനൈസേഷൻ നടത്തി എന്ന് ആരോപിക്കപ്പെടുന്ന ഒരു റിയൽ എസ്റ്റേറ്റ് തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കുകയാണ്.ഈ അന്വേഷണവും കോഹനിലേക്ക് നീളുകയായിരുന്നു. 2019-ൽ വായ്പകൾ എടുക്കുവാനും, നികുതി കുറയ്ക്കുവാനുമായി പല വസ്തു ഇടപാടുകളിലും ട്രംപ് വ്യാജ വിലകളായിരുന്നു കാണിച്ചിരുന്നതെന്ന് കോഹൻ കോൺഗ്രസ്സിൽ പറഞ്ഞിരുന്നു. ഇത് ജെയിംസിന് ലഭിച്ച മറ്റൊരു തെളിവാണ്. എന്നാൽ, ട്രംപ് ഓർഗനൈസേഷന്റെ എക്സിക്യുട്ടീവ് വൈസ് പ്രസിഡണ്ടും ട്രംപിന്റെ മകനുമായ എറിക് ട്രംപ്, ഇത് രാഷ്ട്രീയ പ്രേരിതമായ ഒരു ആരോപണം എന്നു പറഞ്ഞ് അന്വേഷണത്തെ അപലപിക്കുകയായിരുന്നു. ഈ കേസിലും അന്വേഷണം കൂടുതൽ കടുപ്പിക്കാൻ ഇടയുണ്ട്.
അധികാര ദുർവിനിയോഗം
ട്രംപ് പ്രസിഡണ്ടായിരുന്ന കാലത്ത് തന്റെ അധികാരം സ്വന്തം ലാഭത്തിനായി ദുരുപയോഗം ചെയ്തു എന്ന ആരോപണം ഉയർന്നിരുന്നു. ചില വിദേശ ഉദ്യോഗസ്ഥരെ വാഷിങ്ടൺ ഡി സിയിലുള്ള ട്രംപ് ഇന്റർനാഷണൽ ഹോട്ടലിൽ താമസിപ്പിച്ചതുമായി ബന്ധപ്പെട്ടതാണ് ഒരു ആരോപണം. ഇത്തരത്തിൽ അധികാരം ഉപയോഗിച്ച്, തന്റെ ബിസിനസ്സ് വിപുലീകരിക്കാൻ ശ്രമിച്ചതിനെതിരെയുള്ള പരാതിയിലും ഇനി അന്വേഷണം ഉണ്ടായേക്കും.
ലൈംഗിക ആരോപണം
നിരവധി സ്ത്രീകളുമായി ട്രംപ് ലൈംഗികമായി മോശമായി പെരുമാറിയതായി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. 2016-ലെ തെരഞ്ഞെടുപ്പ് സമയത്ത് അവരിൽ പലരും എല്ലാം തുറന്ന് പറഞ്ഞ് രംഗത്തെത്തുകയും ചെയ്തിരുന്നു. അതിൽ രണ്ടുപേർ ട്രംപിനെതിരെ മാനനഷ്ടത്തിന് കേസും നൽകിയിട്ടുണ്ട്. ഒരു കോളമിസ്റ്റ് കൂടിയായ ജീ കരോളാണ് അതിൽ ഒന്ന്. 1990-ൽ ഒരു ലക്ഷുറി മാൻഹാട്ടൻ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലെ ഡ്രസ്സിങ് മുറിയിൽ വച്ച് തന്നെ ട്രംപ് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു എന്നായിരുന്നു അവർ ആരോപിച്ചിരുന്നത്.
എന്നാൽ, ആ സ്ത്രീ താൻ ഇഷ്ടപ്പെടുന്ന തരത്തിൽ ഉൾപ്പെട്ടതല്ലാത്തതിനാൽ ബലാത്സംഗം ചെയ്തില്ലെന്നായിരുന്നു ട്രംപ് ഇതിനെ കുറിച്ച് പറഞ്ഞത്. ഇതിനെതിരെയാണ് അവർ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ട്രംപുമായി നേരിട്ടുള്ള കരോളിന്റെ യുദ്ധം പക്ഷെ യു എസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് ഇടപെട്ടതോടെ വഴിമാറി പോവുകയായിരുന്നു. ട്രംപിനു പകരം അമേരിക്കൻ ഭരണകൂടത്തേയായിരുന്നു അവർ പ്രതിചേർത്തത്. എന്നാൽ വ്യക്തിപരമായ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക സ്ഥാനം പ്രതിയല്ലെന്ന് പറഞ്ഞ ഒരു ഫെഡറൽ ജഡ്ജി ഈ കേസിൽ ട്രംപിനെ തന്നെ പ്രതിസ്ഥാനത്തുകൊണ്ടുവരികയായിരുന്നു.
മറ്റൊരു സംഭവത്തിൽ ട്രംപിന്റെ ടെലിവിഷൻ ഷോ ആയ അപ്രന്റീസിലെ ഒരു മത്സരാർത്ഥിയായ സെർവോസ് എന്ന യുവതിയും സമാനമായ ആരോപണവുമായി രംഗത്തെത്തിയിരുന്നു. 2007 - ബേവെർലി ഹിൽസ് ഹോട്ടലിൽ വച്ച് ട്രംപ് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. ഇതിൽ സെർവോസിനെ കള്ളി എന്ന് ട്രംപ് വിശേഷിപ്പിച്ചതിനെതിരെയാണ് അവർ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഇതിലും വിചാരണ നേരിടേണ്ടതായി വന്നേക്കാം ട്രംപിന്.
മേരി ട്രംപ് ലോ സ്യുട്ട്
അടുത്തയിടെ ഇറങ്ങിയ ഓർമ്മക്കുറിപ്പുകളിൽ ട്രംപിന്റെ സഹോദര പുത്രിയായ മേരി ട്രംപ് അദ്ദേഹത്തെ വിശേഷിപ്പിച്ചത് ആത്മരതിയിൽ ആറാടുന്നവൻ എന്നായിരുന്നു. പരമ്പരാഗതമായി ലഭിക്കേണ്ട സ്വത്ത് തങ്ങളെ പറ്റിച്ച് തട്ടിയെടുത്തു എന്നാരോപിച്ച് അവർ ഒരു കേസും ട്രംപിനെതിരെ ഫയൽ ചെയ്തിട്ടുണ്ട്. ഇതും ഒരു ഡെമോക്ലീസിന്റെ വാൾ പോലെ ട്രംപിന്റെ തലക്ക് മുകളിൽ തൂങ്ങിക്കിടപ്പുണ്ട്.
അമേരിക്കൻ പാരമ്പര്യമനുസരിച്ച്, അധികാരത്തിൽ ഇരിക്കുന്ന പ്രസിഡണ്ടിനെതിരെ സാധാരണയായി ഫെഡറൽ നിയമങ്ങൾ ഉപയോഗിച്ച് വിചാരണ നടത്താറില്ല. ഈ ഒരു രീതിയായിരുന്നു ഇതുവരെ ട്രംപിന്റെ രക്ഷാ കവചം. ഇനിയിപ്പോൾ ഇതില്ലാതെയാകുമ്പോൾ, കേസുകൾ ഒന്നൊന്നായി പൊങ്ങിവരും എന്ന് ട്രംപിന് അറിയാം. അതുതന്നെയാണ് എന്തു ചെയ്തിട്ടായാലും പ്രസിഡണ്ട് കസേരയിൽ നിന്നും ഇറങ്ങാതെ നോക്കാൻ ട്രംപ് ശ്രമിച്ചത്.
മറുനാടന് മലയാളി ബ്യൂറോ