വാഷിങ്ടൺ: ഇസ്ലാമിക തീവ്രവാദികളുടെ പേടി സ്വപ്നമാണ് ഇസ്രയേൽ ചാരസംഘടനയായ മൊസാദ്. ഇപ്പോൾ ഒളിച്ചുപാർക്കുന്ന ഭീകരരെ കണ്ടെത്താനുള്ള മൊസാദിന്റെ പ്രത്യേക വിഭാഗമായ 'കിഡോൻ' ആണ് വിദേശമാധ്യമങ്ങഴിൽ ചർച്ചയാവുന്നത്. അൽഖ്വായിദ കമാൻഡറും അധികാര ശ്രേണിയിൽ രണ്ടാമനുമായ അബ്ദുല്ല അഹമ്മദ് അബ്ദുല്ലയെ (അബു മുഹമ്മദ് അൽ മസ്രി) വധിച്ചത് യുഎസ് ചാരസംഘടനയായ സിഐഎയും മൊസാദിന്റെ പ്രത്യേക വിഭാഗണായ കിഡോണും ചേർന്നാണെന്നാണ് ന്യൂയേർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. യുഎസിന്റെ നിർദ്ദേശപ്രകാരം ഇസ്രയേൽ ചാരന്മാർ മസ്രിയെ വധിച്ചതായി ന്യൂയോർക്ക് ടൈംസ് ആണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ഇറാനിൽ ഒളിവിൽ കഴിയുകയായിരുന്ന മസ്രിയും മകളും കഴിഞ്ഞ ഓഗസ്റ്റ് 7ന് ടെഹ്റാൻ നഗരപ്രാന്തത്തിൽ വാഹനമോടിച്ചു പോകുമ്പോൾ ബൈക്കിൽ പിന്തുടർന്നെത്തിയ രണ്ടംഗ സംഘം വെടിവച്ചുകൊല്ലുകയായിരുന്നു. മകൾ മറിയവും കൊല്ലപ്പെട്ടതായി പേര് വെളിപ്പെടുത്താത്ത യുഎസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ഈജിപ്തിൽ ജനിച്ച മസ്രി, മുൻ പ്രഫഷനൽ സോക്കർ കളിക്കാരനാണ്. പിന്നീട് ഒസാമ ബിൻ ലാദന്റെ ഏറ്റവും വിശ്വസ്തരിലൊരാളായി. 1988ൽ സംഘടനയിൽ ചേർന്നു. മസ്രിയുടെ മകൾ മറിയത്തെ വിവാഹം ചെയ്തത് ലാദന്റെ മകൻ ഹംസയാണ്. ഇയാളെ കഴിഞ്ഞവർഷം അഫ്ഗാനിസ്ഥാൻപാക്കിസ്ഥാൻ പ്രദേശത്ത് യുഎസ് വകവരുത്തിയിരുന്നു. മസ്രി ഇല്ലാതായതിലൂടെ അൽ ഖായിദ കൂടുതൽ ദുർബലമായെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. മസ്രി കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണമില്ലാത്തതിനാൽ എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് ഭീകരപ്പട്ടികയിൽ ഇപ്പോഴുമുണ്ട് മസ്രി. ഇയാളെക്കുറിച്ചു വിവരം നൽകുന്നവർക്ക് 10 ദശലക്ഷം ഡോളർ (74,54,03,000 രൂപ) ആണ് പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്.1998ൽ ആഫ്രിക്കയിലെ 2 യുഎസ് എംബസികളിൽ ആക്രമണം നടത്തി ഇരുന്നൂറിലേറെ പേരെ കൊന്നതിനു പിന്നിൽ മസ്രിയായിരുന്നു. മസ്രിയുടെ മരണം അൽ ഖായിദ സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു രാജ്യവും ഏറ്റെടുത്തിട്ടുമില്ല. ഓപ്പറേഷൻ ഏകോപിപ്പിച്ചത് ഇസ്രയേലികളാണെന്നു യുഎസ് ഉദ്യോഗസ്ഥൻ ഉറപ്പിച്ചു പറയുന്നു.

ഇസ്രയേലിന്റെയും അമേരിക്കയുടെയും ചാരസംഘടനകൾ കൃത്യമായ ആസൂത്രണത്തോടെയാണ് മസ്രിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചതും കണ്ടെത്തിയതും. മസ്രിയെ എവിടെ കണ്ടെത്താനാകുമെന്നുള്ള വിവരങ്ങൾ നൽകിയത് യുഎസ് ഏജൻസികളാണ്. ഏതെക്കെ പേരുകളിലാണ് മസ്രി അറിയപ്പെടുന്നതെന്നും അവർ കണ്ടെത്തിയിരുന്നു. 1998-ൽ കെനിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ യുഎസ് എംബസി ആക്രമിച്ച ദിവസം തന്നെയാണു മസ്രിയെയും വധിക്കാൻ തിരഞ്ഞെടുത്ത്. എംബസി ആക്രമണത്തിനു പിന്നിൽ മസ്രിയാണെന്ന സൂചനകളുണ്ടായിരുന്നു.

മകൾ മറിയത്തെ നേതൃനിരയിലേക്കു കൊണ്ടുവരാണുള്ള നീക്കത്തിലായിരുന്നു മസ്രിയെന്ന വിവരത്തെ തുടർന്നാണ് മറിയത്തെയും ലക്ഷ്യമിട്ടത്. ഭർത്താവും ബിൻ ലാദന്റെ മകനുമായ ഹംസാ ബിൻ ലാദനെ കഴിഞ്ഞ വർഷം അമേരിക്കൻ ഏജൻസികൾ കൊലപ്പെടുത്തിയിരുന്നു.എന്നാൽ മസ്രി വധിക്കപ്പെട്ട വിഷയത്തിൽ പ്രതികരിക്കാൻ സിഐഎ, എഫ്ബിഐ, പെന്റഗൺ, വൈറ്റ് ഹൗസ്, ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫിസ്, ഇന്റലിജൻസ് മന്ത്രാലയം എന്നിവ തയാറായില്ലെന്നാണു വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. റിപ്പോർട്ട് തള്ളി ശനിയാഴ്ച ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കി.

രാജ്യത്ത് ഒരു അൽ ഖായിദ അംഗത്തിന്റെയും സാന്നിധ്യമില്ല. ഇറാനും ഇത്തരം സംഘങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന വ്യാജവിവരം മാധ്യമങ്ങൾക്കു ചോർത്തി നൽകി പ്രചരിപ്പിക്കാനാണു ശ്രമമെന്നും ഇറാൻ അഭിപ്രായപ്പെട്ടു. കഴിഞ്ഞമാസം സ്വകാര്യ അൽ ഖായിദ ഫോറത്തിൽ മസ്രിയുടെ മരണത്തെപ്പറ്റിയുള്ള സന്ദേശം വരികയും വേഗത്തിൽ ഡിലീറ്റ് ചെയ്യുകയും ചെയ്തതായി, ഓൺലൈനിലെ ഭീകര പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന എസ്ഐടിഇ (സെർച്ച് ഫോർ ഇന്റർനാഷനൽ ടെററിസ്റ്റ് എന്റ്‌റിറ്റീസ്) ഇന്റലിജൻസ് ഗ്രൂപ്പ് റിപ്പോർട്ട് ചെയ്തു.

രണ്ടു വർഷത്തോളമായി നേതാക്കളുടെ മരണം സമ്മതിക്കുന്നതിൽ അൽ ഖായിദ പരാജയമാണെന്നും സംഘടനയുടെ ദൗർബല്യം തിരിച്ചറിയപ്പെടുമെന്ന ഭയമാണു കാരണമെന്നും എസ്ഐടിഇ സ്ഥാപക റിത കാറ്റ്സ് പറഞ്ഞു. മസ്രിക്കെതിരായ ആക്രമണത്തെ മറയ്ക്കാൻ മറ്റൊരു കഥ കെട്ടിച്ചമയ്ക്കുകയാണ് ഇറാൻ ചെയ്തത്. അർധ ഔദ്യോഗിക വാർത്താ ഏജൻസി ഫാർസിന്റെ റിപ്പോർട്ട് പ്രകാരം ഹബീബ് ദൗദ് എന്ന ലബനീസുകാരനും മകൾ മറിയവും ബൈക്കിലെത്തിയ ആക്രമിയിൽനിന്നു വെടിയേറ്റു മരിച്ചു എന്നാണെന്ന് എസ്ഐടിഇ പറയുന്നു.

ചരിത്രാധ്യാപകനാണു മരിച്ചതെന്നു മറ്റ് ഇറാനിയൻ മാധ്യമങ്ങൾ പറയുന്നു. ഹബീബ് ദൗദ് 57കാരനായ മസ്രി തന്നെയാണെന്നാണ് അനൗദ്യോഗിക നിഗമനം.

തീവ്രവാദ വിരുദ്ധ പോരാട്ടത്തിന്റെ കുന്തമുന

നിരവധി രഹസ്യ ദൗത്യങ്ങൾ നടത്തി പ്രധാന തീവ്രവാദികളെ കൊല്ലാൻ കിഡോണിന് കഴിഞ്ഞിട്ടുണ്ട്. എബ്രായ ഭാഷയിലെ കിഡോൺ എന്നാൽ 'കുന്തമുന' എന്നാണ്. മറിയവും ഈ ദൗത്യത്തിന്റെ ലക്ഷ്യമായിരുന്നു എന്ന് അധികൃതർ പറഞ്ഞു. അതായത് വർഷങ്ങളോളും ഒളിവ് ജീവിതം നയിച്ച് കാര്യങ്ങൾ പഠിക്കാൻ കഴിയുന്ന ചാരമ്മാരെയാണ് കിഡോൺ രൂപപ്പെടുത്തി എടുക്കുക. ഉദാഹരമായി ഈ സംഭവത്തിൽ തന്നെ വേഷം മാറി നിരവധി വർഷങ്ങൾ ടെഹ്റാനിൽ താമസിച്ചാണ് കിഡോൺ ചാരന്മാർ ഇവരെ കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും അപകടകരമായ രഹസ്യാന്വേഷണ ഏജൻസികളിൽ ഒന്നായി ഇസ്രയേലിന്റെ മൊസാദിനെ കണക്കാക്കുന്നത് എന്തുകൊണ്ടാണെന്ന് അവർ വീണ്ടും തെളിയിച്ചു.

1998ൽ ആഫ്രിക്കയിലെ 2 യുഎസ് എംബസികളിൽ ആക്രമണം നടത്തിയതിനു പിന്നിൽ അൽ മസ്രിയാണ്. ഈജിപ്ത് സ്വദേശിയായ ഇയാൾ അൽ ഖായിദയുടെ ഇപ്പോഴത്തെ തലവൻ അയ്മാൻ അൽ സവാഹിരിയുടെ വലംകയ്യായിരുന്നു.അബു മുഹമ്മദും മകൾ മറിയവും ഇറാനിൽ ഒളിച്ചിരിക്കുന്നതായി ബ്രിട്ടിഷ് ഡെയ്‌ലി മെയിൽ ദിനപത്രം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുശേഷം, മൊസാദ് സ്ട്രൈക്ക് ടീം ഓഗസ്റ്റ് 7 ന് അവരുടെ ശത്രുരാജ്യമായ ഇറാനിലേക്ക് ചരിത്ര രഹസ്യാന്വേഷണ ദൗത്യം നടത്തുകയായിരുന്നു. അമേരിക്കയിലെ ട്രംപ് ഭരണകൂടം ടെഹ്‌റാനിൽ സമ്മർദ്ദം വർധിപ്പിച്ചുകൊണ്ടിരുന്ന സമയത്താണ് മൊസാദ് ഈ ദൗത്യം നിർവഹിച്ചതെന്നതും ശ്രദ്ധേയമാണ്.

മിസ്രിയെ മകളോടൊപ്പം ടെഹ്‌റാനിൽ രഹസ്യമായി കൊലപ്പെടുത്തി എന്നാണ് നാല് മുൻ അമേരിക്കൻ ഉദ്യോഗസ്ഥർ അവകാശപ്പെട്ടത്. അബു മുഹമ്മദിനെ എവിടെ കണ്ടെത്താമെന്ന് അമേരിക്ക ഇസ്രയേലിനെ അറിയിച്ചിരുന്നു. ഇതിനുശേഷം, ഉയർന്ന പരിശീലനം നേടിയ മൊസാദ് ഡിറ്റക്ടീവുകൾ സംഭവത്തിന് നേതൃത്വം നൽകി. ഇതോടെ 22 വർഷത്തെ അൽഖായിദ തീവ്രവാദികളോടുള്ള പ്രതികാരമാണ് അമേരിക്ക പൂർത്തിയാക്കിയത്. 1998 ൽ കെനിയയിലെയും ടാൻസാനിയയിലെയും അമേരിക്കൻ എംബസികൾക്കെതിരായ ഭീകരാക്രമണത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരായിരുന്നു ഇവർ.അന്നത്തെ അൽഖായിദ ആക്രമണത്തിൽ 224 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിന്റെ സൂത്രധാരൻ അബു മുഹമ്മദായിരുന്നു. അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐ അബു മുഹമ്മദിനെ കണ്ടെത്തുന്നവർക്ക് 1 കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

മൊസാദിന്റെ വധിക്കൽ ദൗത്യം നടത്തിയത് രാത്രി ഒൻപതിനായിരുന്നു. ഓഗസ്റ്റ് 7 ന് ആയുധധാരികളായ രണ്ടുപേർ കാർ നിർത്തി അബു മുഹമ്മദിനെയും മകളെയും വെടിവച്ചു കൊല്ലുകയായിരുന്നു. ആക്രമണം ആരും അറിയാതിരിക്കാൻ മൊസാദ് ആക്രമണകാരികൾ സൈലൻസറുകൾ ഘടിപ്പിച്ച റൈഫിളുകളാണ് ഉപയോഗിച്ചത്.ഇറാനിൽ പ്രവേശിച്ച് മൊസാദ് കിഡോൺ സ്‌ട്രൈക്ക് ടീമിന് ഈ അപകടകരമായ ദൗത്യം നടത്താൻ കഴിഞ്ഞതായി യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും പറഞ്ഞു.