- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
50 വർഷം മുൻപ് പൂട്ടിപ്പോയ ബ്രിട്ടീഷ് കമ്പനിയായ ബി എസ് എ വാങ്ങി ആനന്ദ് മഹീന്ദ്ര; ബ്രിട്ടീഷ് യുവത്വത്തെ ഇളക്കി മറിച്ച ബി എസ് എ മോട്ടോർ സൈക്കിളുകൾ ഇനി ബിർമിങ്ഹാമിൽ നിന്ന് പുറത്തിറക്കാൻ ഇന്ത്യൻ വ്യവസായി
ബ്രിട്ടീഷ് ചരിത്രത്തിൽ തന്നെ അതീവ പ്രാധാന്യമുള്ള ബി എസ് എ മോട്ടോർ സൈക്കിളുകൾ, ഒരു ഇടവേളയ്ക്ക് ശേഷം പുറത്തിറക്കാൻ ഇന്ത്യൻ വ്യവസായി എത്തുന്നു. കോടീശ്വരനും മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാനുമായ ആനന്ദ് മഹീന്ദ്ര, കഴിഞ്ഞ 50 വർഷക്കാലമായി അടച്ചുപൂട്ടിയ ബി എസ് എ കമ്പനി വാങ്ങിയതോടെയാണ് ഈ ജനപ്രിയ ബ്രാൻഡിന് ശാപമോക്ഷം ലഭിച്ചിരിക്കുന്നത്. ബിർമ്മിങ്ഹാമിലുള്ള കമ്പനിയുടെ യൂണിറ്റിൽ നിന്നും അടുത്ത വർഷം മദ്ധ്യത്തോടെ ആദ്യത്തെ ബൈക്ക് പുറത്തിറങ്ങുമെന്ന് ആനന്ദ് മഹീന്ദ്ര പറഞ്ഞു.
അതിനൊപ്പം ഓക്സ്ഫോർഡ്ഷയറിലെ ബാൻബറിയിൽ ഒരു ഗവേഷണ കേന്ദ്രവും തുടങ്ങുമെന്ന് മഹീന്ദ്ര പറഞ്ഞു. ഇലക്ട്രിക് ബൈക്കുകൾ വികസിപ്പിക്കുകയാവും ഈ കേന്ദ്രത്തിന്റെ മുഖ്യ ഉദ്ദേശം. ഇപ്പോൾ ഉദ്പാദനം തുടങ്ങുക പെട്രോൾ ബൈക്കുകളുടെത് തന്നെയായിരിക്കും. 2021 അവസാനത്തോടെബി എസ് എ ഇലക്ട്രിക് ബൈക്കുകൾ നിരത്തിലിറക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ തന്നെ, ഏറ്റവും വലിയ മോട്ടോർ സൈക്കിൾ വിപണി ആയതിനാലാണ് ബ്രിട്ടനിൽ ഇത് ആദ്യമായി ഇറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്‌ച്ചയാണ് തങ്ങളുടെ സബ്സിഡിയറി കമ്പനിയായ ബി എസ് എ കമ്പനി ലിമിറ്റഡ് യു കെ, ബി എസ് എ റീഗൽ ഗ്രൂപ്പിൽ നിന്നും മൂന്ന് കമ്പനികൾ വാങ്ങിയ വിവരം മഹീന്ദ്ര & മഹീന്ദ്ര പ്രഖ്യാപിച്ചത്. ഫോബ്സ് മാസികയുടെ കണക്ക് പ്രകാരം 1.7 ബില്ല്യൺ ഡോളർ ആസ്തിയുള്ള ഗ്രൂപ്പാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. 2016-ൽ ബി എസ് എ കമ്പനി ലിമിറ്റഡ് വാങ്ങിയപ്പോൾ തന്നെ ഈ ജനപ്രിയ ബ്രാൻഡ് വീണ്ടും നിരത്തുകളിൽ സജീവമാകുമെന്ന് ആനന്ദ് മഹീന്ദ്ര ഉറപ്പുനൽകിയിരുന്നു.
ഈ പുതിയ സംരംഭം തീർച്ചയായും ബി എസ് എ യുടെ ചരിത്രത്തോട് നീതിപുലർത്തുന്നതായിരിക്കും എന്ന് ആനന്ദ് മഹീന്ദ്ര ഉറപ്പിച്ചു പറയുന്നു. പരമ്പരാഗത എഞ്ചിനുകളുള്ള പുതിയ ബി എസ് എ ബൈക്കുകൾക്ക് 5,000 പൗണ്ടിനും 10,000 പൗണ്ടിനും ഇടയിൽ വിലവരും.
ബിർമ്മിങ്ഹാം സ്മോൾ ആംസ് എന്ന ബി എസ് എ കമ്പനി തോക്കുകൾ ഉൾപ്പടെയുള്ള ആയുധങ്ങൾ നിർമ്മിക്കുവാനായി 1861 ലാണ് സ്ഥാപിച്ചത്. എന്നാൽ, രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇത് ഒരു മോട്ടർസൈക്കിൾ നിർമ്മാണ യൂണിറ്റായി മാറുകയായിരുന്നു. തുടർന്ന് വളരെക്കാലത്തോളം ബിർമ്മിങ്ഹാമിലെ ഏറ്റവും വലിയ തൊഴിൽ ദാതാവായിരുന്നു ബി എസ് എ. രണ്ടാം ലോകമഹായുദ്ധ കാലത്തു തന്നെ ഇവിടെ ഏകദേശം 1.28 ലക്ഷത്തോളം മിലിറ്ററി സൈക്കിളുകളും അത്രയും തന്നെ മിലിറ്ററി മോട്ടോർ സൈക്കിളുകളും ഉദ്പാദിപ്പിച്ചിരുന്നു.
യുദ്ധരംഗത്ത് സുപ്രധാന പങ്ക് വഹിച്ചിരുന്ന ബി എസ് എ കമ്പനിക്ക് നേറെ 1940 ൽ മൂന്നു തവണ ബോംബാക്രമണവും ഉണ്ടായി. 53 പേരോളം ഇതിൽ മരണമടഞ്ഞിരുന്നു. ഫാക്ടറിയിലെ ഏകദേശം നാല് ഏക്കറോളം സ്ഥലം ഇതിൽ പൂർണ്ണമായും നശിച്ചിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകത്തിലെ തന്നെ ഏറ്റവും വലിയ മോട്ടോർ സൈക്കിൾ ഉദ്പാദകരായി മാറി ബി എസ് എ.