ദ്ധ്യപൂർവ്വ ദേശത്ത് തങ്ങളുടെ ശക്തിതെളിയിക്കാൻ പരസ്പരം പോരാടുന്ന ഇറാന്റേയും സൗദി അറേബ്യയുടെയും ശത്രുത പുതിയ തലത്തിൽ എത്തിയിരിക്കുകയാണ്. അന്തരാഷ്ട്ര മുന്നറിയിപ്പുകളെ അവഗണിച്ച് ഇറാൻ ആണവായുധ നിർമ്മാണവുമായി മുന്നോട്ട് പോയാൽ സൗദി അറേബ്യയ്ക്കും ആണവായുധങ്ങൾ നിർമ്മിക്കേണ്ടി വരുമെന്ന് സൗദി വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നൽകി. ഇറാൻ, ആണവായുധം സ്വന്തമാക്കിയാൽ, പിന്നെ സൗദിക്ക് മുന്നിൽ മറ്റു വഴികളില്ലെന്നും സൗദി വിദേശകാര്യമന്ത്രി അദേൽ- അൽ- ജുബൈർ പ്രസ്താവിച്ചു.

സ്വന്തം അതിർത്തികൾ സംരക്ഷിക്കുവാൻ സൗദി ആണവായുധ പരിപാടിയുമായി മുന്നോട്ട് പോയാൽ, മേഖലയിലെ മറ്റു രാഷ്ട്രങ്ങളും ഇത് പിന്തുടരുമെന്നാണ് മദ്ധ്യപൂർവ്വ ദേശങ്ങളുടെ സംഭവവികാസങ്ങൾ സസൂക്ഷം നിരീക്ഷിക്കുന്ന രാഷ്ട്രീയ വിദഗ്ദർ പറയുന്നത്.

അധികാരം വിട്ടൊഴിയുന്നതിനു മുൻപ് ഇറാനെ ആക്രമിക്കുമെന്ന സൂചനകളുമായി ട്രംപ് എത്തിയതിനു പുറകേയാണ് സൗദി ഇത്തരമൊരു അവകാശവാദവുമായി എത്തിയതെന്നത് ശ്രദ്ധേയമാണ്. എന്നാൽ, വൈറ്റ്ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥർ ഇത്തരത്തിൽ ഒരു നടപടി എടുക്കുന്നതിൽ നിന്നും ട്രംപിനെ പിന്തിരിപ്പിച്ചു എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

അതിനിടെ, ന്യുക്ലിയാർ കരാറിൽ പറയുന്നതിന്റെ എട്ടിരട്ടി സമ്പുഷ്ട യുറേനിയം ഇറാൻ ശേഖരിച്ചിട്ടുണ്ട്എന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് യു എൻ ഏജൻസിയായ ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി പുറത്തുവിട്ടു.നവംബർ 2 ലെ കണക്ക് പ്രകാരം 2,442.9 കിലോഗ്രാം സമ്പുഷ്ട യുറേനിയമാണ് ഇറാന്റെ പക്കൽ ഇപ്പോൾ ഉള്ളത്. 2015-ൽ അമേരിക്ക, ജർമ്മനി, ഫ്രാൻസ്, ബ്രിട്ടൻ, ചൈന, റഷ്യ എന്നീ രാജ്യങ്ങളുമായി ഉണ്ടാക്കിയ കരാർ പ്രകാരം ഇറാന് 202.8 കിലോ യുറേനിയം മാത്രമേ സംഭരിക്കാൻ അനുവാദമുള്ളു.

അതിനുപുറമേ അനുവദിക്കപ്പെട്ടിരിക്കുന്ന 3.67 ശതമാനത്തിൽ നിന്നും വ്യതിചലിച്ച്, 4.5 ശതമാനം വരെ യുറേനിയം ശുദ്ധീകരിക്കാൻ ഇറാൻ ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ടെഹ്റാനിൽ നിന്നും തെക്ക് മാറി ഏകദേശം 250 കിലോമീറ്റർ അകലെയാണ് യുറേനിയം ശുദ്ധീകരിക്കുന്ന പ്ലാന്റ് എന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ പ്രധാന ഭാഗങ്ങളെല്ലാം ഭൂഗർഭ ഗുഹകളിലാണ് സ്ഥിതിചെയ്യുന്നത്. ഈ സ്ഥലത്ത് പരിശോധനക്ക് പോകുന്നതിൽ നിന്നും ഐക്യരാഷ്ട്ര സഭാ പ്രതിനിധികളെ തടഞ്ഞതായും റിപ്പോർട്ടിലുണ്ട്.

ഗസ്സ, സിറിയ, ഇറാക്ക് എന്നിവിടങ്ങളിലെ ഇസ്ലാമിക തീവ്രവാദികളെ ഇറാൻ പിന്തുണയ്ക്കുന്നുണ്ടെന്ന് അമേരിക്ക ആരോപിക്കുന്നു. ഇതിൽ ബാഗ്ദാദിലെ അമേരിക്കൻ എംബസി ആക്രമിച്ച സംഘവും ഉൾപ്പെടും. ഇതിനെ തുടർന്ന് ദിവസങ്ങൾക്കകമാണ് ഡ്രോൺ ആക്രമണത്തിലൂടെ ഇറാനിയൻ ജനറൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. ഇതിനെ തുടർന്ന് ഇറാനു മേൽ നിരവധി സൈബർ ആക്രമണങ്ങൾക്കും അമേരിക്കനേതൃത്വം നൽകി.

ഇറാനിൽ വച്ച് അൽഖൈ്വദയുടെ രണ്ടാമത്തെ ഉന്നത നേതാവായ അബു മുഹമ്മദ് അൽ മസ്രിയേയും മകളേയും ഇസ്രയേൽ രഹസ്യാന്വേഷക സംഘം വധിച്ചതിനു പിന്നിലെ പ്രേരക ശക്തിയും അമേരിക്കയായിരുന്നു. ടാൻസാനിയയിലേയും കെനിയയിലേയും അമേരിക്കൻ എംബസികൾക്ക് നേരെ 1998 അല്ഖൈ്വദ നടത്തിയ ബോംബാക്രമണത്തിന്റെ വാർഷിക ദിനമായ ഓഗസ്റ്റ് 7 നായിരുന്നു അൽ- മസ്രി കൊല്ലപ്പെട്ടത്.

അതേസമയം, അമേരിക്ക ആക്രമിക്കാൻ തുനിഞ്ഞാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകി. അത്തരമൊരു ആക്രമണം സർവ്വനാശകാരിയായ ഒരു യുദ്ധത്തിലേ കലാശിക്കൂ എന്നും ഇറാൻ മുന്നറിയിപ്പ് നൽകുന്നു. ഇറാന്റെ ആണവായുധ ശേഖരങ്ങൾക്ക് നേറെ ആക്രമണം നടത്തുമെന്ന ട്രംപിന്റെ ഭീഷണിക്കെതിരെ പ്രതികരിക്കുകയായിരുന്നു ഇറാൻ വക്താവ്.