- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റയ്ക്ക് ആകാശത്തുകൂടി പറന്നു നടക്കുന്ന മനുഷ്യനെ സ്വപ്നം കണ്ടു ജീവിച്ചു; പറക്കുന്ന വിമാനത്തിന് അടുത്തുകൂടി പറന്നു കയ്യടി നേടി; ബുർജ് ഖലീഫ മുതൽ ലണ്ടൻ ഐ വരെ തിളങ്ങിയ ധീരത; ഒടുവിൽ ജെറ്റ്മാൻ ദുബായിലെ മരുഭൂമിയിൽ തകർന്നു വീണു മരണത്തിലേക്ക്
ആകാശത്ത് ഒറ്റക്ക് പറന്നുനടന്ന് ജറ്റ്മാൻ എന്നപേരിൽ ലോക പ്രശസ്തനായ വിൻസന്റ് റെഫെറ്റ് എന്ന ഫ്രഞ്ച്കാരൻ ദുബായ് മരുഭൂമിയിലെ പരിശീലന പറക്കലിനിടയിൽ അപകടത്തിൽ പെട്ട് മരണമടഞ്ഞു. മറ്റുസഹായമില്ലാതെ, ഒറ്റക്ക് പറക്കാൻ കഴിയുന്ന അൺ അസിസ്റ്റഡ് ഹുമൻ ഫ്ളൈറ്റിനുള്ള ശ്രമം നടത്തുന്ന മിഷൻ ഹുമൻ ഫ്ളൈറ്റ് ദുബായ് എക്സ്പോ 2020 യുടെ ഭാഗമായിരുന്നു ഈ 36 കാരൻ. എന്നാൽ അപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ജറ്റ്മാൻ എന്ന സംരംഭത്തിന്റെ ഭാഗമായ ജറ്റ്മാൻ ദുബായ് ഇൻസ്റ്റാഗ്രാമിലൂടെയാണ് ഈ ദാരുണമായ അന്ത്യത്തിന്റെ വിവരം പുറംലോകവുമായി പങ്കുവച്ചത്. നവംബർ 17 ന് പരിശീലന പറക്കലിനിടയിൽ മരണമടഞ്ഞു എന്നുമാത്രമാണ് വിവരം ലഭിച്ചിട്ടുള്ളത്. ജെറ്റ്മാൻ ടീമൊലെ അതിസമർത്ഥനായ ഒരംഗമായിരുന്നു ജറ്റ്മാൻ വിൻസന്റ് എന്ന് അവർ പറഞ്ഞു. എന്നാൽ, ഇക്കാര്യത്തിൽ ദുബായ് പൊലീസ് പ്രതികരിച്ചിട്ടില്ല. യുണൈറ്റഡ് അരബ് എമിരേറ്റ്സിലെ ജനറൽ സിവിൽ ഏവിയേഷൻ അഥോറിറ്റിയും ഇക്കാര്യത്തിൽ എന്തെങ്കിലും പറയാൻ വിസമ്മതിച്ചു.
നേരത്തേ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ നിന്നും ബേസ് ജമ്പ് നടത്തി വിൻസി ലോകത്തെ അതിശയിപ്പിച്ചിരുന്നു. ഇതുവഴി ലോക റെക്കോർഡും ഇയാൾ സ്ഥാപിച്ചിരുന്നു. ഫ്രീ-ഫ്ളൈയിങ് സ്‌കൈ ഡൈവർ എന്ന നിലയിലും റെഡ് ബുൾ സ്പോൺസർ ചെയ്ത ഒരു അത്ലറ്റ് എന്ന നിലയിലും നിരവധി സ്വർണ്ണ മെഡലുകൾ വാങ്ങിക്കൂട്ടിയ വ്യക്തികൂടിയാണ് വിൻസി. സ്‌കൈഡൈവേഴ്സ് കൂടിയായ മാതാപിതാക്കളിൽ നിന്നും പാരമ്പര്യമായി ലഭിച്ചതായിരുന്നു വിൻസിക്ക് അപകടങ്ങളോടുള്ള ആഭിമുഖ്യം.
വലിയ സ്വപ്നങ്ങൾ കാണുകയും നിങ്ങൾക്ക് സാധ്യമായതെന്തും ചെയ്യാൻ ഇഷ്ടപ്പെടുകയും ചെയ്യുക എന്നതിലാണ് താൻ വിശ്വസിക്കുന്നതെന്ന് ഒരിക്കൽ വിൻസി പറഞ്ഞിരുന്നു. ജെറ്റ്മാൻ ദുബായിയുടെ ഒരു ഭാഗമെന്ന നിലയിലാണ് ദുബായ് ജനത വിൻസിയെ അറിയുന്നത്. ഫോർ എഞ്ചിൻ കാർബൺ-കെവ്ലാർ വിംഗുമായി ആകാശത്തിൽ പറന്നു നടക്കുന്ന വിൻസിയെ അവർ എന്നും ആരാധനയോടെ മാത്രമായിരുന്നു നോക്കിയിരുന്നതും. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റഷീദ് അൽ മക്ടൂം രാജകുമാരനുമായി ബന്ധപ്പെട്ട എക്സ് ദുബായ് എന്ന ബ്രാൻഡിനു കീഴിൽ ബുർജ് ഖലീഫയ്ക്ക് ചുറ്റും, ദുബായിയിലെ മറ്റു പലയിടങ്ങളിലും പറന്ന് വിൻസി വാർത്തകളിൽ ഇടം നേടിയിരുന്നു.
എന്നാൽ, വിൻസിയെ ഏറെ ശ്രദ്ധേയനാക്കിയത് 2015-ൽ ഒരു എമിരേറ്റ്സ് എയർബസ് എ 380 യുടെ ഒപ്പം പറന്നതായിരുന്നു. ദുബായിയുടെ ആകാശത്തായിരുന്നു ഈ അസുലഭ പ്രകടനം കാഴ്‌ച്ചവച്ചത്. ഓരോ തവണ പറക്കുമ്പോഴും താൻ കൂടുതൽ സ്വതന്ത്രനാവുകയാണ് എന്ന തോന്നലാണ് ഉണ്ടാവുക എന്ന് അദ്ദേഹം മറ്റൊരു സന്ദർഭത്തിൽ പറഞ്ഞിരുന്നു.
യന്ത്രച്ചിറകുകളുമായി ഒരു പക്ഷിയേപ്പോലെ ആകാശത്തേക്ക് കുതിച്ചുയരുന്നത് എന്നും വിൻസിക്ക് ആവേശവുമായിരുന്നു. അവസാനം, ചിറകടിച്ചുയർന്ന ആ പ്രതിഭ ആകാശത്തിന്റെ അതിരുകൾ വിട്ട് മറ്റൊരു ലോകത്തേക്ക് യാത്രയായിരിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ