പെൺകോന്തന്മാരായ നേതാക്കളുടെ എണ്ണം കൂടുകയാണോ? മുൻപ് കേരളത്തിൽ ഒരു പ്രമുഖ നേതാവ് അഭ്യന്തരമന്ത്രിയായിരുന്നപ്പോൾ പൊലീസിനെ നിയന്ത്രിച്ചിരുന്നത് ഭാര്യയാണെന്ന ഒരു ആരോപണം ഈയിടെ ഉയർന്ന് വന്നിരുന്നു. മറ്റുപലയിടങ്ങളിൽ നിന്നും ഇത്തരത്തിൽ ജീവിതപങ്കാളികൾ ഭരണകാര്യങ്ങളിൽ അവിഹിതമായി ഇടപെടുന്നതിന്റെ കഥകൾ പുറത്തുവന്നിട്ടുണ്ട്. ഇതാ ഈ ശ്രേണിയിലേക്ക് മറ്റൊരാൾ കൂടി എത്തുന്നു, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ.

മുൻപ് ബോറിസിന്റെ ഓഫീസ് സെക്രട്ടറിയായിരുന്ന, ഇപ്പോഴത്തെ കാമുകി കാരി സിമണ്ട്സാണ് ബോറിസിനെ നിയന്ത്രിക്കുന്നതെന്നാണ് അധികാരത്തിന്റെ ഇടനാഴികളിലെ അടക്കിപ്പിടിച്ച സംസാരം. നേരത്തേ നമ്പർ 10 ഡൗണിങ് സ്ട്രീറ്റിലെ ചില ജീവനക്കാരുടെ രാജിയുമായി ബന്ധപ്പെട്ട് സിമണ്ട്സിന്റെ പേര് ഉയർന്നു കേട്ടിരുന്നു. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടിൽ പറയുന്നത്, മന്ത്രിമാരെ തീരുമാനിക്കുന്നതിൽ പോലും കാരി സിമണ്ട്സ് കാര്യമായ സ്വാധീനം ചെലുത്തി എന്നാണ്.

റിച്ചാർഡ് ഹോൾഡൻ എന്ന 35 കാരനായ എം പിയെ മന്ത്രി സ്ഥാനത്തേക്ക് ശൂപാർശ ചെയ്തത് മറ്റാരുമായിരുന്നില്ല, ഭരണകക്ഷിയുടെ ചീഫ് വിപ്പായ മാർക്ക് സ്പെൻസർ തന്നെയയിരുന്നു. എന്നാൽ, പ്രധാനമന്ത്രി ആ ശൂപാർശ നിരാകരിച്ചു. ചുവപ്പുകോട്ടയായി അറിയപ്പെടുന്ന ലേബർ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ ഡുറാമിൽ നിന്നും വിജയിച്ചെത്തിയ എം പിയാണദ്ദേഹം.

ഹോൾഡനെ ഏതെങ്കിലും കാബിനറ്റ് മന്ത്രിയുടെ പാർലമെന്ററി പ്രൈവറ്റ് സെക്രട്ടറി ആക്കണം എന്നായിരുന്നു സ്പെൻസർ ശൂപാർശ ചെയ്തത്. ഇത് മന്ത്രിപദത്തിലേക്കുള്ള ആദ്യ പടിയാണ്. വളരെ കഴിവുറ്റ ഒരു നേതാവാണ് എന്ന് പല മുതിർന്ന നേതാക്കളും പറഞ്ഞതിനെ തുടർന്നാണ് സ്പെൻസർ അത്തരത്തിലൊരു ശൂപാർശ വച്ചത്. എന്നാൽ, അത് ബോറിസ് ജോൺസൺ നിരാകരിക്കുകയായിരുന്നു. തന്റെ കാമുകി, സിമണ്ട്സിന് അത് ഇഷ്ടപ്പെടില്ല എന്നതിനാലാണ് ഹോൾഡിംഗിനെ നിയമിക്കാതിരുന്നതെന്ന് ബോറിസുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.

കഴിഞ്ഞ വർഷം ഡൗണിങ് സ്ട്രീറ്റിലെ ഒരു ഉന്നതപദവിയിൽ ഹോൾഡിംഗിനെ നിയമിക്കാനുള്ള ശുപാർശയും ബോറിസ് ജോൺസൺ നിരാകരിച്ചിരുന്നു. 2016-ലെ ക്രിസ്ത്മസ്സ് പാർട്ടിയിൽ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിന്റെ പേരിൽ 2017 ഫെബ്രുവരിയിൽ ഹോൾഡന് അന്നത്തെ പ്രതിരോധമന്ത്രിയുടെ അസിസ്റ്റന്റ് എന്ന സ്ഥാനം ഒഴിയേണ്ടതായി വന്നു. ഇത് പിന്നീട് വിവാദമാവുകയും 2018 മേയിൽ ലണ്ടനിലെ സൗത്ത്റാക് ക്രൗൺ കോടതിയിൽ ഹോൾഡിങ് വിചാരണ നേരിടുകയും ചെയ്തു.

സംഭവം കഴിഞ്ഞ് രണ്ടു മാസം വരെ ഇര ഇതിനെ കുറിച്ച് ആരോടും പരാതി പറഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. അതിനുശേഷമാണ് അന്നത്തെ കമ്മ്യുണിറ്റീസ് സെക്രട്ടറിയുടെ പ്രത്യേക ഉപദേഷ്ടാവായിരുന്ന കാരി സിമണ്ട്സിനോട് ഇക്കാര്യം പറയുന്നത്. എന്നാൽ, അന്ന് സംഭവിച്ചത് ഒരു കുറ്റകൃത്യമാണെന്ന് അറിയാത്തതിനാലാണ് പരാതിപ്പെടാതിരുന്നതെന്നായിരുന്നു ഇരയുടെ മറുവാദം. പിന്നീട് ഒരു സുഹൃത്താണ് ഇതിനെ കുറിച്ച് പറഞ്ഞതെന്നും മറ്റൊരു സ്ത്രീക്കും ഇങ്ങനെ സംഭവിക്കാതിരിക്കാനാണ് താൻ നിയമനടപടികൾക്ക് മുതിർന്നതെന്നും അവർ പറഞ്ഞു.

ക്രിസ്ത്മസ്സ് പാർട്ടിക്കിടയിൽ ഹോൾഡിങ് തന്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു എന്നായിരുന്നു ഇരയുടെ പരാതി. എന്നാൽ ഹോൾഡിങ് ഇക്കാര്യം ശക്തിയായി നിഷേധിച്ചു. ഈ സംഭവം നടക്കുന്നതിനു മുൻപ് ഹോൾഡിംഗും ഇരയും തമ്മിൽ ചില വഴക്ക് നടന്നതായി ഹോൾഡിംഗിന്റെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. അന്ന് ഹോം സെക്രട്ടറിയുടെ ഉപദേശകയായിരുന്ന സിമണ്ട്സും ഇരയ്ക്ക് അനുകൂലമായി കോടതിയിൽ മൊഴി നൽകിയിരുന്നു.

അഞ്ചു ദിവസത്തെ വിചാരണയ്ക്ക് ശേഷം കോടതി കേസ്സ് തള്ളുകയായിരുന്നു. ഹോൾഡനെതിരെ കെട്ടിച്ചമച്ച ആരോപണമായിരുന്നു എന്നാണ് കോടതി വിലയിരുത്തിയത്. എന്നാൽ, ഈ കേസ് ഹോൾഡിംഗിന് കനത്ത നഷ്ടമാണ് വരുത്തിയത്. 1.5 ലക്ഷം പൗണ്ടിലധികം നിയമനടപടികൾക്കായി ചെലവാക്കേണ്ടി വന്നു എന്നുമാത്രമല്ല, തന്റെ കാമുകി അദ്ദേഹത്തെ ഉപേക്ഷിച്ചു പോവുകയും ചെയ്തു.

എന്നാൽ, താൻ മൊഴി കൊടുത്തിട്ടും കേസ് തോറ്റത് കാരി സിംണ്ട്സിന് ദഹിച്ചിട്ടില്ല എന്നാണ് അവരുമായി അടുത്ത ക്=വൃത്തങ്ങൾ പറയുന്നത്. അതുകൊണ്ടുതന്നെയാണ് രണ്ടു തവണ ഉന്നത പദവികളിലേക്ക് ഹോൾഡിംഗിനെ പാർട്ടി നിർദ്ദേശിച്ചിട്ടും പ്രധാനമന്ത്രിയെക്കൊണ്ട് അദ്ദേഹത്തിന്റെ പേര് വെട്ടിക്കാൻ സിമണ്ട്സ് തുനിഞ്ഞത്. എന്നാൽ, സിമണ്ട്സാണ് ഈ നിയമനം തടഞ്ഞത് എന്നതിന് തെളിവുകളൊന്നുമില്ല. അധികാരത്തിന്റെ ഇടനാഴികളിൽ പരക്കുന്ന കിംവദന്തികളിൽ ഒന്നായി ഇതിനെ കണ്ടാൽ മതി എന്ന് പറയുന്നവരും ഉണ്ട്.