- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന് അഭിമാനവും പ്രചോദനവുമാണ് നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ് എന്ന് മോദി; ദക്ഷിണേഷ്യൻ വേരുകളുള്ള നിയുക്ത വൈസ് പ്രസിഡന്റും താനും ആഗ്രഹിക്കുന്നത് യുഎസ് ഇന്ത്യ ബന്ധം ശക്തമാക്കാനെന്ന് ബൈഡനും; മോദിയും ബൈഡനും അതിവേഗം സുഹൃത്തുക്കളായി; ട്രംപിന് ശേഷവും അമേരിക്കയും ഇന്ത്യയും ഭായി ഭായി
ന്യൂഡൽഹി: ട്രംപിന് ശേഷവും അമേരിക്കയും ഇന്ത്യയും ഭായി ഭായിമാരായി തുടരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡനും നല്ല സുഹൃത്തുക്കളായി തന്നെ തുടരും. ആദ്യ ഫോൺ സംഭാഷണത്തിൽ ഇരുവരും ഊന്നിപ്പറഞ്ഞത് സഹകരണം ഊട്ടിയുറപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു. ഇന്ത്യയും അമേരിക്കയും നല്ല സുഹൃത്തുക്കളായി ഇനിയും തുടരും.
തിരഞ്ഞെടുപ്പു വിജയത്തിൽ അഭിനന്ദനമറിയിച്ച മോദിക്കു ബൈഡൻ നന്ദി പറഞ്ഞു. യുഎസിലെ ജനാധിപത്യ പാരമ്പര്യത്തിന്റെ കരുത്തു തെളിയിക്കുന്നതായിരുന്നു തിരഞ്ഞെടുപ്പെന്ന് ബൈഡനെ അഭിനന്ദിച്ചു മോദി പറഞ്ഞതായി പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന് അഭിമാനവും പ്രചോദനവുമാണ് നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസെന്നും മോദി അറിയിച്ചു. ഇതിൽ നിന്നു തന്നെ ഇന്ത്യൻ നിലപാട് വ്യക്തമായി. വളരെ പോസിറ്റീവായിട്ടായിരുന്നു ബൈഡന്റേയും പ്രതികരണം.
ദക്ഷിണേഷ്യൻ വേരുകളുള്ള നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസും താനും ആഗ്രഹിക്കുന്നത് യുഎസ് ഇന്ത്യ ബന്ധം ശക്തമാക്കാനും വികസിപ്പിക്കാനുമായിരിക്കുമെന്ന് മോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തെക്കുറിച്ചുള്ള പത്രക്കുറിപ്പിൽ നിയുക്ത പ്രസിഡന്റ് ബൈഡൻ പറഞ്ഞു. മോദിക്കൊപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ ട്രംപിന്റെ പിൻഗാമിയായി ബൈഡനെ ഇന്ത്യ അംഗീകരിച്ചുവെന്ന വസ്തുതയാണ് ചർച്ചയാകുന്നത്. ഇന്ത്യ തനിക്കൊപ്പം ഉറച്ചു നിൽക്കുമെന്നായിരുന്നു ട്രംപിന്റെ പ്രതീക്ഷ. നേരത്തെ ഇസ്രയേൽ അടക്കുള്ള ട്രംപിന്റെ സൗഹൃദ രാജ്യങ്ങളും ബൈഡനെ അംഗീകരിച്ചിരുന്നു. ജോ ബൈഡനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നൽകുന്നത് സഹകരണത്തിന്റെ സന്ദേശമാണ്.
ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ ശക്തമായി മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബൈഡന്റെ വിജയത്തിൽ പ്രധാനമന്ത്രി, ഇന്ത്യയുടെ അഭിനന്ദനമറിയിക്കുകയും ചെയ്തു. കമല ഹാരിസിന്റെ വിജയം ഇന്ത്യൻ സമൂഹത്തിന്റെയാകെ വിജയമാണെന്നും മോദി പറഞ്ഞു. കോവിഡ് വ്യാപനം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവയിൽ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ജോ ബൈഡന് മോദി ഉറപ്പുനൽകുകയും ചെയ്തു. നേരത്തെ ട്രംപിനെ വീണ്ടും വിജയിപ്പിക്കണമെന്ന് മോദി അമേരിക്കയിലെ ഇന്ത്യക്കാരോട് ആവശ്യപ്പെട്ടിരുന്നു.
ഹൗഡി മോദി പരിപാടിക്കിടെ പ്രസംഗിക്കുമ്പോൾ ആയിരുന്നു മോദി 'അബ് കി ബാർ ട്രംപ് സർക്കാർ' എന്ന് ആഹ്വാനം ചെയ്തത്. ട്രംപ് സർക്കാറിനെ വീണ്ടും അധികാരത്തിലെത്തിക്കണമെന്നായിരുന്നു മോദിയുടെ ആഹ്വാനം.
മറുനാടന് മലയാളി ബ്യൂറോ