- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൻസർ വന്നാൽ മരിക്കുമെന്ന വിലയിരുത്തൽ തിരുത്താൻ ഒരുങ്ങി ഇസ്രയേലി ശാസ്ത്രജ്ഞർ; ക്രിസ്പർ കാസ്-9 സാങ്കേതികവിദ്യ ഉപയോഗിച്ച് അർബുദകാരികളായ കോശങ്ങളെ നശിപ്പിക്കാം; ജീൻ എഡിറ്റിങ് ടൂൾ ഉപയോഗിച്ച് എലികളിൽ നടത്തിയ പരീക്ഷണം പൂർണ്ണ വിജയം; കാൻസറിന് ഫലവത്തായ ചികിത്സ ലഭ്യമാകുവാൻ ഇനി രണ്ടു വർഷം മാത്രം
ശാസ്ത്രമേറെ പുരോഗമിച്ചിട്ടും ഇന്നും മനുഷ്യനെ മനസ്സിൽ ആധിയും വ്യാധിയും വളർത്തുന്ന രോഗങ്ങളിൽ ഒന്നാണ് കാൻസർ. ഇനിയും, തികച്ചും ഫലവത്തായ ഒരു ചികിത്സ കണ്ടെത്തിയിട്ടില്ലാത്ത ഈ അർബുദത്തിന്റെ ചികിത്സ സംബന്ധിച്ച് നടക്കുന്ന ഗവേഷണങ്ങളിൽ അതീവ പ്രാധാന്യമുള്ള ഒരു ചുവടുവയ്പ്. കാൻസർ വന്നാൽ മരിക്കുമെന്ന വിലയിരുത്തൽ തിരുത്താൻ ഒരുങ്ങി ഇസ്രയേലി ശാസ്ത്രജ്ഞർ മുമ്പോട്ട് പോവുമ്പോൾ ഏവരും പ്രതീക്ഷയിലാണ്.
ഇസ്രയേലിലെ ടെൽ അവീവ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് മഹത്തായ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇത്തവണ രസതന്ത്രത്തിൽ നോബേൽ സമ്മാനം നേടിയ ജീൻ എഡിറ്റിങ് സാങ്കേതിക വിദ്യയാണ് ചികിത്സക്കായി ഉപയോഗിച്ചത്. ബാക്ടീരിയ പോലുള്ള ഏകകോശജീവികളിൽ കാണപ്പെടുന്ന, കോശമർമ്മവും കോശാവരണവും ഇല്ലാത്ത പ്രോകാരിയോട്ട് കോശങ്ങൾ എന്നറിയപ്പെടുന്ന കോശങ്ങളുടെ ജീനോമുകളീലെ ആവർത്തന സ്വഭാവമുള്ള ഡി എൻ എ ശ്രേണികളായ ക്രിസ്പറിന്റെ ഒരു ഇനമായ ക്രിസ്പർ കാസ്-9 ജീൻ എഡിറ്റിങ് സിസ്റ്റം ഉപയോഗിച്ച് ഗവേഷകർ ഡി എൻ എ യിൽ സൂക്ഷ്മമായ മാറ്റങ്ങൾ വരുത്തുകയായിരുന്നു. ഇതിനായിരുന്നു ജെന്നിഫർ ദൗഡയ്ക്കും എമ്മാനുവലെ ഷാർപെന്റീർക്കും ഈ വർഷത്തെ രസതന്ത്രത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചത്.
ടെൽ അവീവിൽ നിന്നുള്ള ശാസ്ത്രജ്ഞർ പറായുന്നത് ഈ സിസ്റ്റം ഉപയോഗിച്ച് മൃഗങ്ങളിലെ കാൻസർ ചികിത്സിച്ച് ഭേദമാക്കാം എന്നാണ്. സയൻസ് അഡ്വാൻസ് ജേർണലിൽ പ്രസിദ്ധികരിച്ച ലേഖനത്തിലാണ് ഇത് പറഞ്ഞിട്ടുള്ളത്. ഈ പ്രക്രിയയിൽ രോഗിക്ക് പാർശ്വഫലങ്ങൾ ഒന്നും തന്നെയുണ്ടാകില്ല എന്നാണ് അർബുദരോഗ വിദഗ്ദർ പറഞ്ഞത്. ഒരു തരത്തിൽ പറഞ്ഞാൽ അതീവ കുലീനനായ കീമോതെറാപ്പി എന്നും ഇതിനെ വിളിക്കാമത്രെ. ഇത്തരത്തിൽ ചികിത്സിക്കപ്പെടുന്ന കാൻസർ കോശങ്ങൾ പിന്നീട് ഒരിക്കലും സജീവമാകുകയില്ല എന്ന് വിശ്വസിക്കുന്നതായും അവർ പറയുന്നു.
അർബുദ രോഗികളുടെ ആയുസ്സ് നീട്ടാൻ ഈ ചികിത്സ ഉപയോഗിക്കാം എന്ന് പറയുന്ന വിദഗ്ദർ, ഇതിനാൽ രോഗം പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുമെന്ന് പ്രത്യാശിക്കുന്നതായും പറയുന്നു. മൂന്നു തവണത്തെ ചികിത്സകൊണ്ട് ട്യുമർ പൂർണ്ണമായും ഭേദമാക്കാനും കഴിയും. യഥാർത്ഥത്തിൽ, ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് അർബുദം ബാധിച്ച കോശങ്ങളിലെ ഡി എൻ എ അക്ഷരാർത്ഥത്തിൽ തന്നെ മുറിച്ചു കളയുകയാണ്. അതിനാൽ തന്നെ ഈ കോശങ്ങൾക്ക് പിന്നീട് സജീവമാകുവാൻ സാധിക്കുകയില്ല.
ഈ ഗവേഷണത്തെ പുനരവലോകനം ചെയ്ത ശാസ്ത്രജ്ഞർ പറയുന്നത്, കാലതാമസം ഇല്ലാതെ ഈ സാങ്കേതിക വിദ്യ കീമോ തെറാപിക്ക് പകരമായി ഉപയോഗിക്കപ്പെടും എന്നാണ്. കീമോതെറാപ്പിക്ക് ഉള്ളതുപോലെ പാർശ്വഫലങ്ങൾ ഇതിനില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയകരം. ഈ പുതിയ സാങ്കേതിക വിദ്യ, കാർസർ ബാധിച്ച കോശങ്ങളെ മാത്രം ഉന്നംവയ്ക്കുമ്പോൾ, കീമോതെറാപ്പി ശരീരത്തെ മുഴുവൻ ബാധിക്കുന്നു.
ഏറ്റവും കൂടുതൽ ആക്രമോത്സുകത പ്രദർശിപ്പിക്കുന്ന ഗ്ലിയോബ്ലാസ്റ്റോമ, ബ്രെയിൻ കാൻസർ ബാധിച്ച നൂറുകണക്കിന് എലികളിലാണ് പരീക്ഷണം നടത്തിയത്. ചികിത്സ ലഭിച്ച എലികൾക്ക്, അത് ലഭിക്കാതെപോയ എലികളെക്കാൾ ഇരട്ടി വർഷം ജീവിക്കാൻ കഴിഞ്ഞു. മാത്രമല്ല, ചികിത്സ ലഭിച്ചവരിൽ രോഗത്തെ അതിജീവികാൻ 30% പേർക്ക് കഴിയുകയും ചെയ്തു.
ഇപ്പോൾ ഈ സാങ്കേതിക വിദ്യ എല്ലാത്തരം കാൻസറുകളേയും ചികിത്സിക്കാൻ കഴിയുന്ന തരത്തിൽ വികസിപ്പിക്കുകയാണെന്നും രണ്ടുവർഷത്തിനുള്ളിൽ ഇത് മനുഷ്യരിൽ ചികിത്സിക്കാനായി ലഭ്യമാകുമെന്നും ഗവേഷകർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ