നുഷ്യരോട് ഏറ്റവും അധികം അടുപ്പം കാണിക്കുന്ന മൃഗമാണ് നായ്. വളർത്തുനായ്ക്കളും യജമാനന്മാരും തമ്മിലുള്ള അസാധാരണ ബന്ധങ്ങൾക്ക് ഉദാഹരണമായി നിരവധി കഥകൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും നാം കേട്ടിട്ടുമുണ്ട്. ജീവൻ പണയപ്പെടുത്തി യജമാനനെ രക്ഷിച്ച നായ് കഥകൾക്ക് ഒരു പഞ്ഞവുമില്ല. തനിക്ക് ഏറെ പ്രിയപ്പെട്ട കൊച്ചു പെൺകുട്ടിയെ അവളുടെ അമ്മ വഴക്കു പറഞ്ഞപ്പോൾ, അമ്മയെ തടയുവാൻ ശ്രമിച്ച ഒരു വളർത്തുനായയുടെ കഥ കുറച്ചു ദിവസങ്ങൾക്ക് മുൻപ് മറുനാടൻ ഉൾപ്പടെ പല മാധ്യമങ്ങളിലും വന്നിരുന്നു താനും.

അത്തരത്തിലുള്ള മറ്റൊരു ബന്ധത്തിന്റെ കഥയാണ് ഇപ്പോൾ ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്നും വരുന്നത്. തങ്ങളുടെ വളർത്തു നായയായ ല്യുപോയുടെ മരണത്തിൽ അത്യന്തം ദുഃഖിതരാണ് വില്ല്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകളിൽ പറയുന്നത്.ഇന്നലെ തങ്ങളുടെ പ്രിയപ്പെട്ട വളർത്തു നായയുടെ ചിത്രം ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

''കഴിഞ്ഞ വാരാന്ത്യത്തിൽ ഞങ്ങളുടെ പ്രിയപ്പെട്ട, ല്യുപോ എന്ന നായ മരണമടഞ്ഞു. കഴിഞ്ഞ ഒമ്പത് വർഷങ്ങളായി ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമായിരുന്ന അവന്റെ വേർപാട് തികച്ചും വേദനാജനകമാണ്'' ല്യുപോയുടെ ചിത്രത്തിന് അടിക്കുറിപ്പായി വില്ല്യം ഇൻസ്റ്റാഗ്രാമിൽ എഴുതിയതാണിത്. വില്ല്യമിന്റെയും കെയ്റ്റിന്റെയും പുത്രൻ ജോർജ്ജ് രാജകുമാരന്റെ ആദ്യ ഔദ്യോഗിക ചിത്രം മുതൽ, ഈ കുടുംബത്തിന്റെ ധാരാളം ചിത്രങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു ല്യുപോ.

കെയ്റ്റിന്റെ മാതാപിതാക്കളായ മൈക്കൽ മിഡിൽടണിന്റേയും കരോൾ മിഡിൽടണിന്റെയും വളർത്തുനായയുടെ കുട്ടിയാണ് ല്യുപോ. 2011-ൽ ഇവരുടെ വിവാഹം നടന്നപ്പോൾ ഇവർക്ക് വിവാഹ സമ്മാനമായിട്ടാണ് ഈ നായ്ക്കുട്ടിയെ നൽകിയത്. ദമ്പതികൾക്ക് ആദ്യപുത്രൻ ജനിച്ചപ്പോൾ, കുട്ടിക്ക് നൽകുവാൻ ജോർജ്ജ് എന്ന പെര് നിർദ്ദേശിച്ചത് ഈ നായ്ക്കുട്ടി ആയിരുന്നു എന്നാണ് പറയുന്നത്. നിരവധി പേരുകൾ ചെറു കുറിപ്പുകളിൽ എഴുതി നിലത്ത് വിടർത്തി ഇട്ടു. അതിൽ നിന്നും ല്യുപോ തെരഞ്ഞെടുത്ത കടലാസ്സ് കഷണത്തിൽ എഴുതിയിരുന്ന പേരായ ജോർജ്ജ് എന്നത് തങ്ങളുടെ പുത്രന് നൽകുകയായിരുന്നു.

കെയ്റ്റും ജോർജ്ജും ല്യുപോയുമാണ് ഇപ്പോൾ തനിക്കേറെ പ്രിയപ്പെട്ടവരെന്ന് 2013-ൽ ജോർജ്ജിന്റെ ജനനശേഷം വില്ല്യം രജകുമാരൻ പറഞ്ഞിരുന്നു. ജോർജ്ജ് രാജകുമാരന്റെ മൂന്നാം പിറന്നാളിന്, തന്റെ ഐസ്‌ക്രീമിന്റെ ഒരു ഭാഗം ല്യുപോയ്ക്ക് നൽകുന്ന കുഞ്ഞു ജോർജ്ജിന്റെ ചിത്രം ഏറെ വൈറലായിരുന്നു. ഈ ചിത്രം ഏറെ വിവാദമുണ്ടാക്കിയിരുന്നു. വേനൽക്കാലത്ത് നായ്ക്കുട്ടിയെ ചൂടിൽ നിന്നും രക്ഷിക്കാനുള്ള ജോർജ്ജിന്റെ ശ്രമത്തെ പുകഴ്‌ത്തിക്കൊണ്ട് നിരവധി പേർ വന്നപ്പോൾ, ഡയറി ഉദ്പന്നങ്ങൾ വളർത്ത് മൃഗങ്ങൾക്ക് നൽകുന്നത് അവരുടെ ആരോഗ്യത്തെ ബാധിക്കുമെന്ന മുന്നറിയിപ്പുമായി ആർ എസ് പി സി എയും രംഗത്തെത്തിയിരുന്നു.

ഈ രാജകുടുംബത്തിന്റെ ഓരോ പ്രവർത്തനത്തിലും സജീവമായി ഇടപെട്ടിരുന്ന ഒരാളായിരുന്നു ഈ വളർത്തുനായ. ഇക്കഴിഞ്ഞ മാർച്ചിലാണ് ല്യുപോയുടെ ഇടപെടൽ നിമിത്തം ടേബിൾ ടെന്നീസ് കളിക്കുന്നത് ബുദ്ധിമുട്ടായിരിക്കുകയാണെന്ന് കെയ്റ്റ് പറഞ്ഞത്. 2013-ൽ ബെർക്ക്ഷയറിലെ വീട്ടിൽ ല്യുപോയുടെ തല ഒരു ഗെയിറ്റിനുള്ളിൽ കുടുങ്ങിപ്പോയിരുന്നു. തുടർന്ന് ഈ നായ്ക്കുട്ടിയെ രക്ഷിക്കാൻ അഗ്‌നിശമന സേനയെ വിളിച്ചുവരുത്തുകയുണ്ടായി. എന്നാൽ, അവർ എത്തുമ്പോഴേക്കും ല്യുപോ സ്വയം രക്ഷപ്പെട്ടിരുന്നു.