അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തോറ്റതോടെ ഡോണൾഡ് ട്രംപിന്റെ മുടിയുടെ നിറം മാറി! പ്രസിഡന്റ് സ്ഥാനം പോയതോടെ സ്വർണ നിറത്തിലിരുന്ന മുടിയുടെ നിറം വെള്ളിയായി മാറി. സോഷ്യൽ മീഡിയയുടെതാണ് രസകരമായ ഈ കണ്ടെത്തൽ. ഇതോടെ ട്രംപിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് നിരവധി സോഷ്യൽ മീഡിയാ ഉപഭോക്താക്കൾ. തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കാൻ എത്തിയപ്പോഴാണ് ട്രംപിന്റെ മുടിയുടെ നിറം മാറ്റം ക്യാമറയിൽ പതിഞ്ഞത്.

ഗോൾഡൻ നിറത്തിലാണ് ട്രംപ് മുടി കളർ ചെയ്യാറുള്ളത്. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് ട്രംപിന്റെ ഈ സ്വർണത്തലമുടി ചർച്ചകളിൽ നിറയുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിലെ റോസ് ഗാർഡനിൽ ജനങ്ങളെ അഭിസംബോധന ചെയ്യാൻ നരച്ച മുടിയുമായാണ് ട്രംപ് എത്തിയത്. ഇതോടെയാണ് ട്രോളുമായി സോഷ്യൽ മീഡിയ ഉപഭോക്താക്കൾ എത്തിയത്. സ്വർണത്തിൽ നിന്നും വെള്ളിയിലേക്ക് മാറിയത് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതുകൊണ്ടെന്ന് പലരും കമന്റ് ചെയ്തു.

ട്രംപിന്റെ ഹെയർ സ്‌റ്റൈലിസ്റ്റ് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ അടുത്തേക്ക് പോയി കാണുമോ എന്നാണ് ചിലരുടെ ചോദ്യം. വൈറ്റ് ഹൗസിലെ ദിവസങ്ങളുടെ ഓർമയ്ക്കായാണ് ട്രംപ് മുടി 'വൈറ്റ്' ആക്കിയതെന്നാണ് മറ്റൊരു ട്വീറ്റ്. അതല്ല രണ്ടാം സ്ഥാനത്ത് എത്തിയതാണ് ഗോൾഡ് മാറി സിൽവർ ആകാൻ കാരണമെന്നു മറ്റു ചിലർ പറയുന്നു. എന്തായാലും പ്രസിഡന്റ് പദത്തിലേക്ക് എത്തുമ്പോഴെന്ന പോലെ വിടവാങ്ങുമ്പോഴും ട്രംപിന്റെ തലമുടി ചർച്ചകളിൽ സ്ഥാനം പിടിക്കുകയാണ്.

2020 ലെ തിരഞ്ഞെുപ്പിൽ ഏറ്റ തോൽവിയോടെ മുടിയുടെ കാര്യം ട്രംപ് മറന്നു എന്നാണ് സോഷ്യൽ ലോകത്തിന്റെ നിരീക്ഷണം. നിറത്തിൽ മാത്രമല്ല സാധാരണ ഗതിയിൽ പ്രത്യക രീതിയിൽ സ്‌റ്റൈൽ ചെയ്യാറുള്ള മുടി ഇത്തവണ ചീകി ഒതുക്കിയിട്ടുണ്ടെന്നതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. ട്രംപ് ഹെയർസ്‌റ്റൈലിസ്റ്റിന് 70000 ഡോളറാണ് ശമ്പളം നൽകുന്നതെന്നാണ് റിപ്പോർട്ട്.