പത്തനംതിട്ട: വൈദ്യുതി മോഷ്ടിച്ചതിന് ആന്റി തെഫ്റ്റ് സ്‌ക്വാഡ് ഏഴ് മാസത്തിനിടെ പിഴയിട്ടത് നാല് കോടിയോളം രൂപ. ഏപ്രിൽ മുതൽ സെപ്റ്റംബർവരെ പിഴയിനത്തിൽ 2,29,35,435 കോടി രൂപ വൈദ്യുതി വകുപ്പ് പിരിച്ചെടുത്തു. ബാക്കി പിഴ സംബന്ധിച്ച് ഉപഭോക്താക്കൾ നിയമപോരാട്ടത്തിലാണ്. സംസ്ഥാനത്ത് 14 ആന്റി പവർ തെഫ്റ്റ് സ്‌ക്വാഡുകളുണ്ട്. സർവീസ് ലൈനിൽനിന്നും വൈദ്യുതി മോഷ്ടിക്കുന്നതാണ് പലരുടെയും രീതി. മെക്കാനിക്കൽ മീറ്ററുകളിൽ കേടുവരുത്തുന്നതാണ് മറ്റൊരു രീതി.

കാർഷിക ആവശ്യത്തിനുള്ള നിരക്ക് കുറഞ്ഞ, അല്ലെങ്കിൽ സൗജന്യമായ വൈദ്യുതി കണക്ഷൻ എടുത്തശേഷം ഗാർഹിക ഉപയോഗം നടത്തുന്നവരുമുണ്ട്. വൈദ്യുതി മോഷണം സംബന്ധിച്ച് ഏറ്റവും കൂടുതൽ പരാതികൾ വരുന്നത് വടക്കൻ ജില്ലകളിൽനിന്നാണ്. അവിടെ മോഷണം ശ്രദ്ധയിൽപ്പെട്ടാൽ വൈദ്യുതിവകുപ്പിനെ അറിയിക്കുന്ന രീതി ഉണ്ട്. തെക്കൻ ജില്ലകളിൽ ഈ രീതി കുറവാണെന്ന് ആന്റി തെഫ്റ്റ് സ്‌ക്വാഡ് ചീഫ് എൻജിനീയർ കെ.എസ്.ഡോൺ പറഞ്ഞു.ഏപ്രിൽമുതൽ സെപ്റ്റംബർവരെ 148 വൈദ്യുതി മോഷണമുണ്ടായി.

മലപ്പുറം ജില്ലയിൽ 35 വൈദ്യുതി മോഷണം കണ്ടെത്തി. 78,62,664 രൂപ പിഴ ഈടാക്കി.മറ്റ് ജില്ലകളിലെ കേസുകൾ ജില്ല, കേസുകളുടെ എണ്ണം, പിഴത്തുക എന്ന ക്രമത്തിൽ ചുവടെ-കാസർകോട് 27 കേസ്, 69,27,314 രൂപ പിഴ. എറണാകുളം 22, 18,69,964. കോഴിക്കോട് 14, 14,61,603. തിരുവനന്തപുരം മൂന്ന്, 3,72,075. കൊല്ലം അഞ്ച്, 3,78,579. ആലപ്പുഴ മൂന്ന്, 3,24,682. പത്തനംതിട്ട ഒന്ന്, 10, 29. കോട്ടയം നാല്, 4,24,719. ഇടുക്കി 12, 1,139,747. തൃശ്ശൂർ നാല്, 9,23,056. പാലക്കാട് എട്ട്, 6,18,848. കണ്ണൂർ മൂന്ന്, 56,972. വയനാട് ഏഴ്, 4,74,925.പത്തനംതിട്ടയിൽ വൈദ്യുതിമോഷണം കുറയാൻ കാരണം ഓട്ടോമാറ്റിക് മീറ്ററുകൾ സ്ഥാപിച്ചതാണ്. മീറ്റർ കേടാക്കി വൈദ്യുതി മോഷണം ഇവിടെ ഇപ്പോൾ കുറവാണ്.