നെടുങ്കണ്ടം: വാട്‌സാപ്പിൽ കൂടുതൽ നേരം ചെലവഴിച്ചതിന് അമ്മ ശകാരിച്ച പെൺകുട്ടി വീടിനുള്ളിൽ തൂങ്ങി മരിച്ചു. വീട്ടിൽ അമ്മ ഇല്ലാതിരുന്ന തക്കം നോക്കിയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. മൊബൈലിൽ കൂടുതൽ സമയം ചെലവഴിച്ചതിന് അമ്മ ശകാരിക്കുകയും ഫോൺ വാങ്ങി വയ്ക്കുകയും ചെയ്തിരുന്നു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. പൊലീസ് പറയുന്നതിങ്ങനെ കഴിഞ്ഞ ദിവസം പെൺകുട്ടി വാട്‌സാപ്പിൽ ചാറ്റ് ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതോടെ അമ്മ ഫോൺ വാങ്ങി വയ്ക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ അലമാരിയിലിരുന്ന ഫോൺ താഴെ വീണു തകരാറിലായി. പെൺകുട്ടിയുടെ സഹോദരൻ ഫോൺ നന്നാക്കി നൽകിയെങ്കിലും വാട്‌സാപ് ആപ്ലിക്കേഷൻ ഫോണിൽ നിന്നു നീക്കം ചെയ്തിരുന്നു. ഇതോടെ 2 ദിവസമായി പെൺകുട്ടി വീട്ടിൽ ആരോടും സംസാരിക്കാതെയായി. തിങ്കളാഴ്ച വൈകിട്ട് അമ്മ പുറത്തേക്കു പോയ സമയത്താണു ജീവനൊടുക്കിയത്. നെടുങ്കണ്ടം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.