ന്യൂഡൽഹി: പ്രായപൂർത്തിയായവർ വിവാഹം കഴിക്കുന്നതിൽ സർക്കാരിന് ഇടപെടാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. പ്രായപൂർത്തിയായവർ ആരെ ജീവിതപങ്കാളിയാക്കണമെന്ന തീരുമാനം അവരുടെ ഭരണഘടനാപരമായ അവകാശത്തിന്റെ ഭാഗമാണ്. അതിൽ ഇടപെടാൻ സർക്കാരിനും മറ്റുള്ളവർക്കും അവകാശമില്ലെന്നും അലഹാബാദ് ഹൈക്കോടതി വ്യക്തമാക്കി.

ഒരേ ലിംഗത്തിൽ പെട്ടവർ ഒരുമിച്ചു ജീവിക്കുന്നതിനുപോലും നിയമപരമായി പരിരക്ഷയുള്ളപ്പോൾ വ്യത്യസ്ത മതങ്ങളിലുള്ളവർ ഒരുമിച്ചു ജീവിക്കുന്നതിനെ എതിർക്കുന്നതെങ്ങനെയെന്നു കോടതി ചോദിച്ചു. ഒരു വർഷം മുൻപ് വിവാഹിതരായ സലാമത് അൻസാരി, പ്രിയങ്ക കർവാർ എന്നിവരുടെ ഹർജിയാണു കോടതി പരിഗണിച്ചത്. വിവാഹത്തിനായി മതംമാറിയെന്ന പേരിൽ തങ്ങൾക്കെതിരെ രജിസ്റ്റർ െചയ്ത കേസ് റദ്ദാക്കണമെന്ന ഇവരുടെ ആവശ്യം കോടതി അനുവദിച്ചു.

ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ പ്രായപൂർത്തിയായവർക്കുള്ള അവകാശത്തിൽ ഇടപെടാൻ മറ്റാർക്കും അവകാശമില്ലെന്നു ഹാദിയ കേസിൽ സുപ്രീം കോടതി നൽകിയ വിധിയുടെ ചുവടുപിടിച്ചാണു ഹൈക്കോടതി നിരീക്ഷണങ്ങൾ.

വിവാഹത്തിനായി മതംമാറ്റം തടയാൻ യുപിയിൽ നിയമം
ലക്‌നൗ: വിവാഹത്തിനായുള്ള മതംമാറ്റം 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കുന്ന ഓർഡിനൻസിന്റെ കരടിന് ഉത്തർ പ്രദേശ് സർക്കാർ അംഗീകാരം നൽകി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണു തീരുമാനം. ബിജെപി ഭരിക്കുന്ന ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും സമാനമായ നിയമം കൊണ്ടുവരുമെന്നു നേരത്തെ വ്യക്തമാക്കിയിരുന്നു.നിയമം ലംഘിക്കുന്നവർക്കു ഒന്നു മുതൽ 5 വർഷം വരെ തടവും 15,000 രൂപ പിഴയും ചുമത്തും. പ്രായപൂർത്തിയാകാത്തതോ പട്ടികവിഭാഗങ്ങളിൽ പെടുന്നതോ ആയ പെൺകുട്ടിയാണെങ്കിൽ തടവുശിക്ഷ 10 വർഷം വരെയാകും.