ലണ്ടൻ: കോവിഡ് കാലത്ത് കുതിച്ചുയരുകയാണ് ഓൺലൈൻ വിൽപ്പന. അതുകൊണ്ടുതന്നെ ഓൺലൈൻ വിൽപനാഘോഷമായ 'ബ്ലാക്ക് ഫ്രൈഡേ' എന്ന വാക്കും നാട്ടിൻ പുറങ്ങളിൽപോലും സുപരിചിതമാണ്. ഉൽപ്പന്നങ്ങൾ ഓൺലൈനില വൻ വിലക്കുറവിൽ വാങ്ങാം എന്ന് വിശ്വസിച്ച് കാത്തിരിക്കുന്നവർ ഒന്ന് ശ്രദ്ധിക്കണം. ഇതിന്റെ ക്രഡിബിലിറ്റി ചോദ്യം ചെയ്തിരിക്കുന്നത് അന്താരാഷ്ട്ര മാധ്യമമായ ബിബിസിയാണ്.

ബ്ലാക്ക്ഫ്രൈഡേയിൽ വിൽക്കുന്ന 10 ഉൽപ്പന്നങ്ങളിൽ ഒൻപതും ഏതാണ്ട് ഒരേ വിലയ്ക്ക് അല്ലെങ്കിൽ വിലകുറഞ്ഞ വിലയ്ക്ക് നേരത്തെ തന്നെ ലഭ്യമാണെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.നവംബർ 27ന് സാധനങ്ങൾ വാങ്ങുന്നവർ 'കുറച്ച് ഗവേഷണം' നടത്തുന്നത് നല്ലതാണെന്നാണ് മിക്കവരും പറയുന്നത്. ആമസോൺ, ആർഗോസ്, ജോൺ ലൂയിസ് എന്നിവയുൾപ്പെടെയുള്ള ചില്ലറ വ്യാപാരികൾ സീസണൽ ഷോപ്പിങ് ഇവന്റുകളിൽ മാത്രമല്ല, വർഷം മുഴുവനും ഇതിലും നല്ല ഡീലുകൾ വാഗ്ദാനം ചെയ്യുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ക്രിസ്മസിന് മുൻപ് സമ്മാനങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാനുള്ള മാർഗമായാണ് പല ഷോപ്പർമാരും ബ്ലാക്ക് ഫ്രൈഡേയെ കാണുന്നത്. യുകെയിൽ മാത്രം ബ്ലാക്ക് ഫ്രൈഡേ വിൽപന ഈ വർഷം 750 ദശലക്ഷം ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഇരുപതിൽ ഒരു പ്രൊഡക്ട് എന്ന അനുപാതത്തിൽ മാത്രമാണ് ബ്ലാക് ഫ്രൈഡേ ഡീലുകളിൽ ഡിസ്‌കൗണ്ട് ലഭ്യമാക്കിയിരിക്കുന്നത് എന്നാണ് വിച്? (Which) എന്ന കമ്പനി നടത്തിയ ഗവേഷണത്തിൽ കണ്ടെത്തിയത്. ഇത് ബ്ലാക് ഫ്രൈഡേ വിൽപന മേളകൾ വെറും ബഹളം മാത്രമാണെന്നാണ് കാണിച്ചു തരുന്നതെന്ന റിപ്പോർട്ട് ഇത്തരം മറ്റു വിപണന മേളകളെക്കുറിച്ചും ചോദ്യങ്ങൾ ഉന്നയിക്കുന്നു.

കഴിഞ്ഞ വർഷം ബ്ലാക് ഫ്രൈഡേയ്ക്ക് 'വില കുറച്ചു' വിൽക്കപ്പെട്ട സാധനങ്ങൾക്ക് ബ്ലാക് ഫ്രൈഡെക്കു മുൻപും അതു കഴിഞ്ഞും വന്ന വില വ്യതിയാനം പഠിച്ച ശേഷം തയാറാക്കിയ റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബ്ലാക് ഫ്രൈഡേയ്ക്ക് 'വില കുറച്ചു' വിറ്റ പലതിനും മേളയ്ക്കു മുൻപും അതു കഴിഞ്ഞും പലപ്പോഴും അതിലും വില കുറവായിരുന്നു എന്നാണ് ഒരു കണ്ടെത്തൽ. അതേസമയം, ബ്ലാക് ഫ്രൈഡേയ്ക്ക് ആളുകൾ കണ്ണുമടച്ചു വാങ്ങുമെന്നറിയാവുന്നതുകൊണ്ട് കാശു കൂട്ടിയിടുന്നവരും ഉണ്ടെന്നാണ് മറ്റൊരു റിപ്പോർട്ട്.

ബ്ലാക് ഫ്രൈഡേ വിൽപന മേള വളർന്ന് ഇപ്പോൾ രണ്ടാഴ്ചത്തെ ഉത്സവമായി തീർന്നു കഴിഞ്ഞിരിക്കുകയാണ്. ഇത് ആളുകൾക്കും കടക്കാർക്കും മുഷിപ്പുളവാക്കുന്ന കാലയളവായി തീർന്നിരിക്കുകയാണ്. ഇങ്ങനെ പോയാൽ ബ്ലാക് ഫ്രൈഡേ വാങ്ങലിനോടുള്ള ആവേശം തണുത്തേക്കുമെന്നും പ്രതീക്ഷിക്കുന്നതായി ചില റിപ്പോർട്ടുകൾ പറയുന്നു. പല പ്രൊഡക്ടുകൾക്കും വർഷം മുഴുവൻ ഡിസ്‌കൗണ്ട് നൽകുന്നുണ്ട്. അതുകൊണ്ടു തന്നെ ബ്ലാക് ഫ്രൈഡേ വിൽപന മേളയിൽ എന്തെങ്കിലും സവിശേഷ കിഴിവ് ലഭിക്കുന്നുണ്ടോ എന്ന സന്ദേഹം വാങ്ങലുകാരെ പിടികൂടി തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ ബ്ലാക് ഫ്രൈഡേ ഓഫറുകൾക്ക് മുൻപും പിൻപുമുള്ള ആറുമാസമാണ് പഠനവിധേയമാക്കിയാൽ ഇക്കാര്യം മനസ്സിലാകും. എന്നാൽ, ഉപയോക്താക്കൾക്ക് ഒരു വ്യക്തതയില്ലായ്മയുണ്ട് എന്നതാണ് മിക്ക ബ്രാൻഡുകളും മുതലാക്കുന്നത്. നല്ല ഡീൽ എന്നു പറഞ്ഞു പരസ്യം ചെയ്യുന്ന പലതും അങ്ങനെയല്ല എന്ന് തങ്ങൾ പലപ്പോഴും കാണിച്ചുകൊടുത്തിട്ടുണ്ടെന്ന് വിച്ചിന്റെ ഉദ്യോഗസ്ഥയായ നാറ്റലീ ഹിചിൻസ് പണ്ടൊരിക്കൽ പറഞ്ഞത്.

മേളയിൽ പ്രൊഡക്ടുകൾ വാങ്ങുന്നതുകൊണ്ട് ഗുണമുണ്ടാകാം. എന്നാൽ പരസ്യം കണ്ടു ചാടിവീഴുകയും വേണ്ട. ഇത്തരം മേളകൾ മൊത്തം ഓളമുണ്ടാക്കുകയാണ് ചെയ്യുന്നത്. അല്ലാതെ വലിയ ഡിസ്‌കൗണ്ട് ഒന്നും നൽകുന്നില്ല എന്നാണ് വിച്ചിന്റെ കണ്ടെത്തൽ. എന്നാൽ, ഒരേ സമയത്ത് കൂടുതൽ പ്രൊഡക്ടുകൾക്ക് ഓഫർ നൽകുകയാണ് ഉത്സവകാല വിൽപനയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് പല വിൽപനക്കാരുടെയും നിലപാട്.