മേരിക്കയെ കാത്തിരിക്കുന്നതെ ഇരുണ്ട നാളുകളോ ? അതേയെന്നാണ് അമേരിക്കയിലെ ഡോക്ടർമാർ പറയുന്നത്. താങ്ക്സ് ഗിവിങ് കഴിഞ്ഞുള്ള ആഴ്‌ച്ചകളിൽ അമേരിക്ക സാക്ഷ്യം വഹിക്കാൻ പോകുന്നത് ആധുനിക ചരിത്രത്തിലെ ഏറ്റവും കറുപ്പേറിയ നാളുകളാണെന്നാണ് അവർ വ്യക്തമാക്കുന്നത്. മെയ്‌ മാസത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന രോഗവ്യാപന നിരക്കായിരിക്കും അമേരിക്കയിൽ ഉണ്ടാകാൻ പോകുന്നത്. അതുപോലെ ഗുരുതരമായ കോവിഡ് ബാധയുമായി ആശുപത്രികളിലെത്തുന്നവരുടെ എണ്ണവും കണക്കില്ലാതെ വർദ്ധിക്കും.

രോഗവ്യാപനത്തിന്റെ അപകട സാധ്യത കണക്കാക്കാതെ ലക്ഷക്കണക്കിന് അമേരിക്കക്കാരാണ് താങ്ങ്സ് ഗിവിങ് ചടങ്ങുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ തടിച്ചുകൂടിയത്. ഇപ്പോൾ തന്നെ രോഗവ്യാപനവും ആശുപത്രി പ്രവേശനവും കുതിച്ചുയരുന്ന അമേരിക്കയിൽ, വരും നാളുകളിൽ താങ്ങ്സ് ഗിവിങ് ആഘോഷങ്ങളുടെ പ്രത്യാഘാതം കാണാനാകുമെന്നാണ് വിദഗ്ദർ വിലയിരുത്തുന്നത്. ഇതുവരെ കാണാത്ത ഭീകരതയായിരിക്കും ഇനിയുള്ള ആഴ്‌ച്ചകളിൽ ദൃശ്യമാവുക.

ഈ ആശങ്ക സത്യമാണെന്ന് അടിവരയിട്ടുകൊണ്ട് ഇന്നലെ അമേരിക്കയിൽ 2,297 പേരാണ് കോവിഡിന് കീഴടങ്ങി മരണം വരിച്ചത്. മെയ്‌ മാസത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണിത്. മാത്രമല്ല, തുടർച്ചയായ രണ്ടാം ദിവസമാണ് മരണം 2000 കടക്കുന്നത്. കഴിഞ്ഞ കുറേ ആഴ്‌ച്ചകളായി രോഗവ്യാപനവും ആശുപത്രി പ്രവേശനവും വർദ്ധിക്കുന്നതിനാൽ മരണനിരക്കും വർദ്ധിക്കുമെന്ന് ആരോഗ്യ രംഗത്തെ പ്രമുഖർ മുന്നറിയിപ്പ് നൽകിക്കൊണ്ടിരിക്കുകയായിരുന്നു.

ഇന്നലെ മാത്രം 1,81,490 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ മൂന്ന് ആഴ്‌ച്ചകളായി പ്രതിദിനം രോഗബാധിതരാകുന്നവരുടെ എണ്ണം 1 ലക്ഷത്തിനു മേൽ ആണെന്നുള്ളതും ആശങ്കയുണർത്തുന്ന കാര്യമാണ്. അതുപോലെ ആശുപത്രികളിൽ ചികിത്സതേടിയെത്തുന്നവരുടെ എണ്ണവും അഭൂതപൂർവ്വമയി വർദ്ധിക്കുന്നുണ്ട്. ഇന്നലെ മാത്രം 90,000 രോഗികളാണ് ചികിത്സതേടിയെത്തിയത്.

ഇതുവരെ പൊതുവേ ശാന്തമായിരുന്ന കാലിഫോർണിയയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗവ്യാപന നിരക്കിൽ 17 ശതമാനത്തിന്റെ വർദ്ധനയാണ് കാണപ്പെട്ടത്.മെയ്‌ മാസത്തിനു ശേഷം ഇന്നലെയാണ് ന്യുയോർക്കിൽ ഏറ്റവുമധികം കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികൾ ഇപ്പോൾ തന്നെ നിറഞ്ഞു കവിഞ്ഞിരിക്കുന്നു എന്നാണ് ഡോക്ടർമാർ പറയുന്നത്. മറ്റു ചില സംസ്ഥാനങ്ങളിൽ ഉൾക്കൊള്ളാവുന്നരോഗികളുടെ എണ്ണത്തിന്റെ പരമാവധി പരിധിയിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു.

1 ലക്ഷ പേരിൽ 158 രോഗികളുമായി നോർത്ത് ഡക്കോട്ടയാണ് ഏറ്റവും അധികം രോഗബാധയുള്ള സംസ്ഥാനങ്ങളിൽ മുന്നിലുള്ളത്. 154 കേസുകളുള്ള വ്യോമിങ് രണ്ടാം സ്ഥാനത്തും 1 ലക്ഷം പേരിൽ 127 രോഗികളുമായി ന്യു മെക്സിക്കോയും 122 രോഗികളുമായി സൗത്ത് ഡക്കോട്ടയും മൂന്നും നാലും സ്ഥാനങ്ങളിലും തുടരുന്നു.

മരണനിരക്ക് ഏറ്റവും അധികമുള്ളത് സൗത്ത് ഡക്കോട്ടയിലാണ്. 1 ലക്ഷം പേരിൽ 2.8 ശതമാനം പേരാണ് ഇവിടെ കോവിഡ് മൂലം മരണമടയുന്നത്. 2.1 മരണങ്ങളോടെ നോർത്ത് ഡക്കോട്ടയും 1.4 മരണങ്ങളോടെ വ്യോമിംഗും തൊട്ടു പുറകിലുണ്ട്.