തിരുവനന്തപുരം: തീവണ്ടികളുടെ സമയമാറ്റം ഇന്നു മുതൽ പ്രാബല്യത്തിൽ. മംഗള, ലോക്മാന്യതിലക് എക്സ്‌പ്രസുകളുടെ സമയമാറ്റം തിങ്കളാഴ്ച പ്രാബല്യത്തിൽ വരുന്നതോടെ തീവണ്ടികൾ സ്റ്റേഷനുകളിൽ നേരത്തേ എത്തും. തിരുവനന്തപുരം-ലോക്മാന്യതിലക് എക്സ്‌പ്രസ് (06346) രാവിലെ 9.30-ന് പുറപ്പെട്ട് രാത്രി 8.12-ന് കണ്ണൂർ, 9.43-ന് കാസർകോട് എന്നിങ്ങനെയാണ് എത്തിയിരുന്നത്. തിങ്കളാഴ്ച മുതൽ തിരുവനന്തപുരത്തുനിന്ന് 9.15-ന് വണ്ടി പുറപ്പെടും. കണ്ണൂരിൽ വൈകുന്നേരം 5.32-നും കാസർകോട് രാത്രി 9.08-നും എത്തും.

ലോക്മാന്യതിലക്-തിരുവനന്തപുരം(06345) തീവണ്ടി പുറപ്പെട്ട് രണ്ടാം ദിനം പുലർച്ചെ 5.24-ന് കാസർകോടും 6.57-ന് കണ്ണൂരും എത്തിയിരുന്നു. പുതിയ സമയക്രമമനുസരിച്ച് ചൊവ്വാഴ്ച മുതൽ പുലർച്ചെ 5.03-ന് കാസർകോട്ടും 6.32-ന് കണ്ണൂരിലുമെത്തും. എറണാകുളം-നിസാമുദ്ദീൻ (02617) എക്സ്‌പ്രസ് നിലവിൽ ഉച്ചയ്ക്ക് 1.15 എറണാകുളത്തുനിന്നും പുറപ്പെട്ട് വൈകുന്നേരം 6.42-ന് കണ്ണൂർ, 8.14-ന് കാസർകോട് എന്നിങ്ങനെയായിരുന്നു എത്തിയിരുന്നത്. തിങ്കളാഴ്ച മുതൽ എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 1.25-ന് പുറപ്പെടുന്ന വണ്ടി 6.42-ന് കണ്ണൂരും 8.08-ന് കാസർകോട്ടും എത്തും. നിസാമുദ്ദീൻ-എറണാകുളം (02618) വണ്ടി പുറപ്പെട്ട് മൂന്നാം ദിനം പുലർച്ചെ 1.33-നാണ് കാസർകോട് സ്റ്റേഷനിലെത്തിയിരുന്നത്. ഇനിമുതൽ വണ്ടി രണ്ടാംദിനം രാത്രി 11.28-ന് കാസർകോട്ടെത്തും. 11.30-ന് ഇവിടെനിന്നും പുറപ്പെടും. 12.03-ന് പയ്യന്നൂരും 12.37-ന് കണ്ണൂർ സ്റ്റേഷനിലും എത്തും.

കേരളത്തിലേക്കുള്ള മംഗളയുടെ കാഞ്ഞങ്ങാട്, നീലേശ്വരം, പഴയങ്ങാടി, വടകര, കൊയിലാണ്ടി, ഫറോക്ക്, പരപ്പനങ്ങാടി, കുറ്റിപ്പുറം എന്നീ സ്റ്റോപ്പുകളും ഇനിയുണ്ടാകില്ല.  വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ അൽഫോൻസ് കണ്ണന്താനം റെയിൽവേ മന്ത്രിക്ക് കത്തയച്ചിരുന്നു.