തിരുവനന്തപുരം: ചുഴലിക്കാറ്റായി രൂപപ്പെട്ട ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം വെള്ളിയാഴ്ച കന്യാകുമാരിയിൽ തീരം തൊടും. നിലവിൽ ശ്രീലങ്കയ്ക്ക് തൊട്ടടുത്താണ് 'ബുറെവി' ചുഴലിക്കാറ്റിന്റെ സ്ഥാനം. ഇവിടെ നിന്നും സഞ്ചരിച്ച് വെള്ളിയാഴ്ച പുലർച്ചെ കന്യാകുമാരിയിൽ തീരം തൊടുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കേരളത്തിന്റെ തെക്കൻ ജില്ലകളിൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചു. കാറ്റും കടൽ ക്ഷോഭവും കനത്ത മഴയും തെക്കൻ കേരളത്തിൽ ദുരിതം വിതയ്ക്കും.

നാളെ വൈകിട്ടോടെ ശ്രീലങ്കൻ തീരം കടക്കുന്ന ബുറെവി തുടർന്നു തമിഴ്‌നാട് തീരത്തേയ്ക്കുനീങ്ങി വെള്ളിയാഴ്ച പുലർച്ചെ കന്യാകുമാരിക്കും പാമ്പനും ഇടയിൽ തീരം തൊടുമെന്നാണു പ്രവചനം. നിലവിൽ കന്യാകുമാരിക്ക് 860 കിലോമീറ്റർ ദൂരെയാണു സ്ഥാനം. രാത്രിയോടെ ചുഴലിക്കാറ്റായേക്കും. ദുരന്തസാധ്യതാ മേലഖകളിൽ ക്യാംപുകൾ സജ്ജമാക്കാൻ ദുരന്ത നിവാരണ അഥോറിറ്റി നിർദ്ദേശം നൽകി.

ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ അതിതീവ്രമായും സംസ്ഥാനത്തു പരക്കെയും മഴയ്ക്കു സാധ്യത. പരമാവധി 95 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ട്. ആവശ്യമെങ്കിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാനും താഴ്ന്ന പ്രദേശങ്ങളിലും മണ്ണിടിച്ചിൽ സാധ്യതയുള്ളയിടങ്ങളിലും ക്യാംപുകൾ സജ്ജമാക്കാനും നിർദ്ദേശം നൽകി. മലയോര മേഖലകളിൽ രാത്രി ഏഴു മുതൽ രാവിലെ ഏഴുവരെ യാത്രാനിയന്ത്രണം ഏർപ്പെടുത്തി.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരള തീരത്തുനിന്നു കടലിൽ പോകുന്നതു പൂർണമായും നിരോധിച്ചു. വിലക്ക് എല്ലാതരം മൽസ്യബന്ധന യാനങ്ങൾക്കും ബാധകമായിരിക്കും. നിലവിൽ മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള സുരക്ഷിതതീരത്ത് എത്തിച്ചേരണം. ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി ദുരന്ത നിവാരണ അഥോറിറ്റി അനുമതി നൽകുന്നതുവരെ കേരള തീരത്തുനിന്നു കടലിൽ പോകാൻ അനുവദിക്കുന്നതല്ല. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ചൊവ്വാഴ്ച രാത്രി പുറത്തിറക്കിയ ബുള്ളറ്റിനിൽ ദുരന്ത നിവാരണ അഥോറിറ്റി പറഞ്ഞു.