ന്യൂഡൽഹി: റെയിൽവേയുടെ സമ്പൂർണ വൈദ്യുതീകരണം മൂന്ന് വർഷം കൊണ്ടു പൂർത്തിയാക്കും. 2023 ഡിസംബറിനകം ബ്രോഡ്‌ഗേജ് ശൃംഖല പൂർണമായും വൈദ്യുതീകരിക്കാനാണു ലക്ഷ്യമിടുന്നത്. 18,065 കിലോമീറ്റർ വൈദ്യുതീകരിച്ചു കഴിഞ്ഞു. ബാക്കിയുള്ളത് 28,143 കിലോമീറ്ററാണ്.

ചരക്കു ട്രെയിനുകൾക്കു മാത്രമായുള്ള കിഴക്ക്, പടിഞ്ഞാറ് ചരക്ക് ഇടനാഴികൾ 2022 ജൂണിൽ പൂർത്തീകരിക്കും. മുംബൈ പോർട്ടിൽ നിന്നാരംഭിച്ച് ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന വഴി യുപിയിലെ ദാദ്രി വരെ 1504 കിലോമീറ്ററാണ് പടിഞ്ഞാറൻ ചരക്ക് ഇടനാഴി.

പഞ്ചാബിലെ ലുധിയാനയ്ക്കടുത്തുള്ള സഹ്നേവാളിൽ തുടങ്ങി ഹരിയാന, യുപി, ബിഹാർ, ജാർഖണ്ഡ് വഴി ബംഗാളിലെ ദാൻകുനി വരെ 1861 കിലോമീറ്ററാണ് കിഴക്കൻ ഇടനാഴി. ഖനികൾ, സിമന്റ് വ്യവസായം, ഇരുമ്പു വ്യവസായം തുടങ്ങിയവയ്ക്ക് ഇടനാഴി ഗുണകരമാകും.

2006ൽ യുപിഎ സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതി സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഇഴഞ്ഞു നീങ്ങുകയായിരുന്നു. 100 കിലോമീറ്ററാകും ചരക്ക് ഇടനാഴിയിലെ വേഗം. നിലവിൽ ചരക്കു ട്രെയിനുകളുടെ ശരാശരി വേഗം 23.6 കിലോമീറ്ററാണ്.