- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി കുടുംബത്തെ തേടി വീണ്ടും കോടികളുടെ ഭാഗ്യം; അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് ലഭിച്ചത് 24 കോടി രൂപയുടെ സമ്മാനം: കോട്ടയം ചെങ്ങളത്തുകാരൻ ജോർജ് ജേക്കബ്
അബുദാബി: ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഗൾഫിൽ വീണ്ടും മലയാളികളെ തേടി ഭാഗ്യം എത്തി തുടങ്ങി. ഇന്നലെ അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 24 കോടി രൂപയുടെ സമ്മാനമാണ് മലയാളിയെ തേടി എത്തിയത്. കോട്ടയം ചെങ്ങളം മങ്ങാട്ട് സ്വദേശി ജോർജ് ജേക്കബിനെ തേടിയാണ് ഇത്രയും വലിയ ഭാഗ്യം എത്തിയത്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ ഫലം വന്നപ്പോൾ ജോർജ് ജേക്കബ്ബിന് ഒന്നാം സമ്മാനമായ 1.2 കോടി ദിർഹം (24.13 കോടി രൂപ) ലഭിക്കുക ആയിരുന്നു.
സുഹൃത്തുക്കളുമായി ചേരാതെ ഒറ്റയ്ക്കാണ് ജോർജ് ജേക്കബ് ടിക്കറ്റ് എടുത്തത്. രണ്ടു വർഷമായി തനിച്ചും കൂട്ടുകാർ ചേർന്നും ജോർജ് ജേക്കബ് ടിക്കറ്റെടുക്കുമായിരുന്നു. ഇത്തവണ ടിക്കറ്റ് തനിച്ചെടുത്തപ്പോൾ ഭാഗ്യദേവത കനിഞ്ഞ് അനുഗ്രഹിക്കുക ആയിരുന്നു. യുഎഇ ദേശീയ ദിനം ആഘോഷിക്കുന്ന വേളയിൽ ലഭിച്ച സമ്മാനം മലയാളി സമൂഹത്തിന് ഒന്നടങ്കം സന്തോഷം പകർന്നു.
ദുബായ് ഒമേഗ മെഡിക്കൽസ് മാനേജരായി ജോലി ചെയ്തുവരികയാണ് ജോർജ് ജേക്കബ്. 20 വർഷമായി കുടുംബത്തോടൊപ്പം യുഎഇയിലാണുള്ളത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പ്രാർത്ഥനയുടെ ഫലമായാണ് ടിക്കറ്റ് അടിച്ചതെന്ന് ജോർജ് ജേക്കബ് പറയുന്നു. തുക എന്തു ചെയ്യണമെന്നു കുടുംബാംഗങ്ങളുമായി ചർച്ച ചെയ്തു പിന്നീട് തീരുമാനിക്കും. കോടിപതിയായി എന്നു കരുതി ഈ രാജ്യം വിട്ടുപോകാൻ ഉദ്ദേശിക്കുന്നില്ലെന്നും ജോർജ് പറഞ്ഞു.
ഒത്തിരി ബുദ്ധിമുട്ട് അനുഭവിച്ചു വളർന്നയാളാണെന്നും അതുകൊണ്ടുതന്നെ സമ്മാനത്തിൽനിന്ന് ഒരു വിഹിതം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുമെന്നും പറഞ്ഞു. ഭാര്യ ബിജി ജോർജ് (നഴ്‌സ്, റാഷിദ് ഹോസ്പിറ്റൽ), മക്കളായ ഡാലിയ ജോർജ്, ഡാനി ജോർജ് എന്നിവരോടൊപ്പം ദുബായിലാണ് താമസം. ജോർജിനെ കൂടാതെ 3 മലയാളികളടക്കം 5 പേർക്കു 40,000 മുതൽ 5 ലക്ഷം ദിർഹം വരെ ലഭിച്ചിട്ടുണ്ട്.