ട്ടാവ മരുഭൂമിയിൽ ദുരൂഹ സാഹചര്യത്തിൽ കാണപ്പെട്ട ശിലാസ്തൂപം ദുരൂഹമായ സാഹചര്യത്തിൽ തന്നെ അപ്രത്യക്ഷമായതും, പിന്നീട് ഒരു ലോഹ സ്തൂപം പ്രത്യക്ഷപ്പെട്ടതും വാർത്തകളിൽ ഇടം നേടിയിട്ട് അധികം നാളുകളായിട്ടില്ല. അന്യഗ്രഹ ജീവികളുടെ പ്രവർത്തിയെന്ന സംശയം അവിടേക്ക് നിരവധി ടൂറിസ്റ്റുകളെ എത്തിച്ചു. ദിവസങ്ങൾക്കുള്ളിൽ തന്നെ അന്യഗ്രഹ ജീവികളുടെ ഭൂമിയിലെ സാന്നിദ്ധ്യം വീണ്ടും ചർച്ചയാവുകയാണ്.

പറക്കുംതളിക അല്ലെങ്കിൽ അൺ ഐഡന്റിഫൈഡ് ഫ്ളയിങ് ഒബ്ജക്ടുകൾ (യു എഫ് ഒ) എന്നും മനുഷ്യരിൽ ജിജ്ഞാസ ഉളവാക്കിയിട്ടുള്ളവയാണ്. അത്തരത്തിൽ ഉള്ള പറക്കുംതളികകളെകുറിച്ച് പെന്റഗണിൽ സൂക്ഷിച്ചിരിക്കുന്ന രണ്ട് റിപ്പോർട്ടുകളിൽ അറ്റ്ലാന്റിക് സമുദ്രത്തിനു മീതെ വട്ടമിട്ട് പറക്കുന്ന അജ്ഞാതമായ ഒരു വസ്തുവിന്റെ ചിത്രം ഉണ്ടെന്ന റിപ്പോർട്ടാണ് ഇപ്പോൾ വീണ്ടും അന്യഗ്രഹ ജീവികളെ സംസാരവിഷയമാക്കിയിരിക്കുന്നത്.

അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ഭാഗമായ അൺഐഡന്റിഫൈഡ് ഏരിയ ഫിനോമിന ടാസ്‌ക് ഫോഴ്സ് 2018 ലും പിന്നീട് ഇക്കഴിഞ്ഞ വേനൽക്കലത്തുമായി നൽകിയ രണ്ടു റിപ്പോർട്ടുകളാണ് ഇപ്പോൾ തലക്കെട്ടുകളിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് കൈമാറി എന്ന് കരുതപ്പെടുന്ന ഈ റിപ്പോർട്ടുകൾ ചോർന്ന് കിട്ടി എന്ന് അവകാശപ്പെട്ട് ചില മാധ്യമങ്ങളാണ് ഇത് പ്രചരിപ്പിക്കുന്നത്.

ഇതിന് മുൻപൊരിക്കലും പ്രസിദ്ധപ്പെടുത്താത്ത ഒരു ഫോട്ടോ ആ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നു എന്നാണ് പറയുന്നത്. ഒരു അജ്ഞാത പറക്കുംതളിക സമുദ്രത്തിൽ നിന്നും അതിവേഗം ഉയർന്നു വരുന്നതായും, പിന്നീട് അത് ആകാശത്തിന്റെ അനന്തതയിലേക്ക് കൂപ്പുകുത്തുന്നതുമായ ഒരു ചിത്രമാണത്. അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യം നിരാകരിക്കാൻ ആകില്ല എന്ന അനുമാനവും ഈ ചിത്രത്തോടൊപ്പം റിപ്പോർട്ടിൽ കൊടുത്തിരിക്കുന്നു.

പറക്കുംതളികളേയും അന്യഗ്രഹജീവികളേയും അമേരിക്ക എത്രമാത്രം ഗൗരവത്തോടെയണ് കാണുന്നതെന്ന് സൂചിപ്പിക്കുന്നതാണ് ഈ റിപ്പോർട്ട്. അതേസമയം ഈ റിപ്പൊർട്ടിനെ കുറിച്ചോ, ചിത്രത്തെ കുറിച്ചോ അത് ചോർന്നു എന്ന വാർത്തയെകുറിച്ചോ പ്രതികരിക്കാൻ പെന്റഗൺ വൃത്തങ്ങൾ ഇതുവരെ തയ്യാറായിട്ടില്ല. അമേരിക്കയുടെ കിഴക്കൻ തീരപ്രദേശത്ത് ഒരു മിലിറ്ററി പൈലറ്റ് തന്റെ സെൽഫോൺ കാമറയിൽ പിടിച്ചതാണ് ഇപ്പോൾ ചോർന്നിരിക്കുന്ന ചിത്രം എന്നാണ് ചില കേന്ദ്രങ്ങൾ പറയുന്നത്.

സമുദ്രനിരപ്പിൽ നിന്നും ഏകദേശം 30,000 അടിക്കും 35,000 അടിക്കും ഇടയിലായി ഒരു വെള്ളി കട്ട തൂക്കിയിട്ട് വട്ടം ചുറ്റുന്നതായിട്ടാണ് ചിത്രത്തിൽ കാണുന്നത്. ഒരു എഫ് എ -18 ജെറ്റ് ഫൈറ്ററിലെ വെപ്പൺ സിസ്റ്റം ഓപ്പറേറ്റർ, വിമാനത്തിലെ പുറകിലെ സീറ്റിൽ ഇരുന്ന് എടുത്ത ഫോട്ടോ ആയാണ് കരുതപ്പെടുന്നത്. കാലാവസ്ഥ നിരീക്ഷണത്തിനായി, ആകാശയാനങ്ങളിൽ നിന്നും താഴേക്ക് ഇടുന്ന ജി പി എസ് ഡ്രോപ്സോണ്ട് എന്ന ഉപകരണത്തിന് സമാനമായ ആകൃതിയാണ് ഇതിനുള്ളത്. എന്നാൽ ചിത്രത്തിൽ കാണുന്ന ഉപകരണത്തിൽ ജി പി എസ് ട്രാൻസ്പോണ്ടർ കാണുന്നില്ല എന്നത് ഏറെ കൗതുകകരമാണ്.

മാത്രമല്ല, അത് ആകാശത്ത് ചുറ്റിപ്പറക്കാതെ സെക്കന്റിൽ 10 മുതൽ 12 മണിക്കൂർ വേഗതയിൽ ഭൂമിയിലേക്ക് പതിക്കുകയായിരുന്നു എന്നും വെളിപ്പെടുത്തുന്നു. 2018-ൽ എടുത്ത ഈ ചിത്രം അൺഐഡാന്റിഫൈഡ് ഏരിയൽ ഫിനൊമിന അഥവാ വിശദീകരിക്കാനാകാത്ത ആകാശ പ്രഭാവങ്ങളെ കുറിച്ച് ഒരു പൊതു ബോധം നൽകുന്നതിന് സഹായിച്ചു. എന്നാൽ, ഈ വർഷം പുറത്തുവിട്ട റിപ്പോർട്ടാണ് ഏറ്റവും അതിശയകരമായത്.

ഇത്തരത്തിലുള്ള യു എ പികൾ വായുവിലൂടെയും സമുദ്രാന്തർഭാഗത്തിലൂടെയും സ്വഛേന്ദം സഞ്ചരിക്കാൻ കഴിവുള്ളവയാണെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. സമുദ്രാന്തർഭാഗത്ത് ഇതിനെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. വായുവിലാണെങ്കിൽ, നമുക്ക് സങ്കല്പിക്കാൻ കഴിയുന്നതിലേറെ വേഗതയിൽ കുതിച്ചു പായും. ഈ റിപ്പോർട്ടിനോടൊപ്പമാണ് സമുദ്രത്തിൽ നിന്നും ഉയര്ന്നു പൊങ്ങി ആകാശത്തേക്ക് പറന്നുയരുന്ന, ത്രികോണാകൃതിയിലുള്ള ഒരു വസ്തുവിന്റെ ചിത്രമുള്ളത്. ഈ ചിത്രവും ഒരു എഫ് എ 18 ഫൈറ്റർ ജറ്റിൽ നിന്നും എടുത്തിട്ടുള്ളതാണ്.

എന്നാൽ ഈ ചിത്രം ഇതുവരെ ചോർന്ന് കിട്ടിയിട്ടില്ല. ഇതിനോടൊപ്പമുള്ളത് ഗവേഷകനും ചിത്രകാരനുമായ ഡേവ് ബീറ്റി വരച്ച ചിത്രമാണ്. ഈ വർഷം ആദ്യം അമേരിക്കയുടെ കിഴക്കൻ തീരങ്ങളിലാണ് ഈ സംഭവം നടന്നതെന്നാണ് പറയപ്പെടുന്നത്. മുൻ നാവികസേനാ കമാൻഡറായ ഡേവിഡ് ഫ്രേവർ, 2004-ൽ തനിക്കുണ്ടായ ഒരു അനുഭവം 2017-ൽ പങ്കുവച്ചിരുന്നു. ഫൈറ്റർ വിമാനം പറത്തിക്കൊണ്ടിരുന്ന സമയത്ത് സമുദ്രത്തിലെ ജലനിരപ്പിന് തൊട്ടു താഴെയായി ഒരു വസ്തു കാണപ്പെട്ടു എന്നും, അതിനെ സമീപിക്കുന്നതിനു മുൻപ് തന്നെ അത് ആകാശത്തേക്ക് ഉയർന്ന് വേഗത്തിൽ മറഞ്ഞു എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇത്തരത്തിലുള്ള അജ്ഞാത രഹസ്യങ്ങൾ പഠിക്കുവാൻ അൺഐഡന്റിഫൈഡ് ഏരിയ ഫിനോമിന ടാസ്‌ക് ഫോഴ്സ് എന്നൊരു വിഭാഗം ഉണ്ടെന്നുള്ള കാര്യം ഇക്കഴിഞ്ഞ ഓഗസ്റ്റിൽ പെന്റഗൺ സ്ഥിരീകരിച്ചിരുന്നു. അന്യഗ്രഹജീവി എന്ന സങ്കല്പത്തെ അമേരിക്ക ഗൗരവകരമായാണ് കാണുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഏതായാലും നമുക്ക് ഇനിയും കാത്തിരിക്കേണ്ടിവരും, ആകാശങ്ങൾക്കപ്പുറത്തുനിന്നും എത്തുന്ന അതിഥിയെ ഒരു നോക്കു കാണാൻ.