- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയിച്ചാൽ ഹൈദരാബാദിന്റെ പേര് മാറ്റി 'ഭാഗ്യനഗർ' എന്നാക്കുമെന്ന് യോഗി ആദിത്യനാഥ്; റോഡിനും വെള്ളത്തിനും പകരം പാക്കിസ്ഥാനും ജിന്നയും, രോഹിങ്യകളും നിറഞ്ഞുനിന്ന പ്രചാരണം; ഹൈവോൾട്ടേജ് ക്യാമ്പെയിനിലൂടെ ബിജെപി ടിആർഎസിൽ നിന്ന് ചോർത്തിയത് 40 ശതമാനം സീറ്റുകൾ; ഹൈദരാബാദ് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ടിആർഎസ് ഏറ്റവും വലിയ ഒറ്റകക്ഷി ആയെങ്കിലും തിളക്കം കുറച്ചത് ബിജെപിയുടെ വൻ കുതിപ്പ്; ഇത് 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കർട്ടൻ റെയ്സർ
ഹൈദരാബാദ്: ഹൈവോൾട്ടേജ് പ്രചാരണം എന്ന ബിജെപി തന്ത്രം വീണ്ടും വിജയം കണ്ടിരിക്കുന്നു. ഹൈദരാബാദ് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ തെലങ്കാന രാഷ്ട്ര സമിതി ഏറ്റവും വലിയ ഒറ്റകക്ഷി ആയെങ്കിലും ആ തിളക്കം കുറച്ചുകൊണ്ട് ബിജെപിയുടെ വൻകുതിപ്പ്. ഒരുതദ്ദേശ തിരഞ്ഞെടുപ്പിൽ സാധാരണ കാണാത്ത താരപ്രഭയോടെ ബിജെപി കളം ഇളക്കിമറിച്ചതിന്റെ ഫലം. അത് വോട്ടർമാരിൽ വലിയ ധ്രുവീകരണം ഉണ്ടാക്കി എന്നത് വ്യക്തം. അസദുദീൻ ഒവൈസിയുടെ എഐഎംഐഎമ്മുമായി ഉള്ള കടുത്ത പോരാട്ടത്തിന് ഒടുവിൽ രണ്ടാം സ്ഥാനം ബിജെപി കരസ്ഥമാക്കി.
അന്തിമഫലങ്ങൾ പ്രഖ്യാപിക്കാൻ ഇരിക്കുന്നതേയുള്ളുവെങ്കിലും, 2016 നെ അപേക്ഷിച്ച് ഭരണകക്ഷിയായ ടിആർഎസിന് 40 ശതമാനത്തോളം വോട്ടിന്റെ ചോർച്ച. മുപ്പതോളം സീറ്റുകൾ ബിജെപിക്ക് വിട്ടുകൊടുക്കേണ്ടി വന്നിരിക്കുന്നു. ഒന്നും നഷ്ടപ്പെടാനില്ലാതിരുന്ന ബിജെപി, ഭരണകക്ഷിയുടെ ചെലവിൽ നേട്ടങ്ങൾ കൊയ്തു. കോൺഗ്രസ് ചിത്രത്തിലേ ഇല്ലാതിരുന്ന ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ തിരഞ്ഞെടുപ്പ് അങ്ങനെ 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കർട്ടൻ റെയ്‌സറായി. അന്ന് ടിആർസും ബിജെപിയും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടൽ നടക്കുമെന്ന് ഉറപ്പായി,.
ഏറ്റവും ഒടുവിലത്തെ ട്രെൻഡ് പ്രകാരം, ടിആർഎസ് 150 സീറ്റിൽ 60 സീറ്റെങ്കിലും നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാകും. ബിജെപിക്ക് 50 ഉം എഐഎംഐഎം 40 സീറ്റും ഏകദേശം നേടും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ടിആർഎസ്-99, എഐഎംഐഎം-44, ബിജെപി 4.
ഫലം തങ്ങൾ പ്രതീക്ഷിച്ചത് പോലെ അല്ല എന്നാണ് തെലങ്കാന മന്ത്രി കെടി രാമറാവു പ്രതികരിച്ചത്. പ്രതീക്ഷയ്ക്ക് വിരുദ്ധമായി 20-25 സീറ്റുകൾ നഷ്ടമായി. 10-12 സീറ്റ് വരെ ഇരുനൂറിൽ താഴ വോട്ടിന്റെ വ്യത്യാസം മാത്രം. നിരാശപ്പെടാനൊന്നുമില്ല, ഞങ്ങൾ തന്നെയാണ് ഏറ്റവും വലിയ ഒറ്റകക്ഷി- അദ്ദേഹം പറഞ്ഞു.
ടിആർഎസ് മുഖം രക്ഷിച്ചെങ്കിലും, 40 ശതമാനം മുനിസിപ്പൽ സീറ്റുകൾ നഷ്ടമായത് ഭരണകക്ഷിയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമായ കാര്യം തന്നെ. 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം എന്തായിരിക്കുമെന്ന് ഹൈദരാബാദിലെ ജനങ്ങൾ വ്യക്തമാക്കി കഴിഞ്ഞു, ബിജെപി അദ്ധ്യക്ഷൻ ജെപി നഡ്ഡ പറഞ്ഞു. അഴിമതിക്കാരായ കെസിആർ സർക്കാരിനോട് വിട പറയാൻ തെലങ്കാന ജനത തയ്യാറെടുത്തുകഴിഞ്ഞുവെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാനാവും, അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈദരബാദിന്റെ പ്രളയ ബാധിത മേഖലകളിൽ നിന്നാണ് ബിജെപി നേട്ടമുണ്ടാക്കിയതെന്ന കാര്യവും ശ്രദ്ധേയമാണ്. പ്രളയ ദുരിതാശ്വാസത്തിൽ വീഴ്ച വരുത്തിയ സർക്കാരിന് അതിന്റെ വില കൊടുക്കേണ്ടി വന്നു, ടിആർഎസ് സർക്കാരിനോട് ഇടഞ്ഞുനിൽക്കുന്ന റെഡ്ഡി സമുദായത്തെ കൈയിലെടുക്കാൻ കഴിഞ്ഞതും ബിജെപിക്ക് നേട്ടമായി.
നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കണ്ണ് നട്ട് പ്രചാരണം
50 ഡിവിഷനുകളിലായി 1,122 സ്ഥാനാർത്ഥികളുടെ ഭാവിയാണ് നിർണയിച്ചത്.. മേയർ സ്ഥാനം വനിതയ്ക്കായി സംവരണം ചെയ്തിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലം വരും മുമ്പേ തന്നെ ബിജെപി നേതാക്കൾ പരസ്പരം അഭിനന്ദന ട്വീറ്റുകൾ ഇട്ടുതുടങ്ങി. ടിആർഎസിന് ശക്തമായ ബദലാവാൻ തങ്ങൾക്ക് ഭാവിയിൽ കഴിയുമെന്ന പ്രതീക്ഷയാണ് പാർട്ടിക്ക്. യോഗി ആദിത്യനാഥ് അടക്കമുള്ള കേന്ദ്രനേതാക്കളെ ഇറക്കി കിടിലൻ പ്രചാരണമാണ് ബിജെപി അഴിച്ചുവിട്ടത്. ജയിച്ചാൽ ഹൈദരാബാദിന്റെ പേര് മാറ്റി 'ഭാഗ്യനഗർ' എന്നാക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞതടക്കം വലിയ വിവാദമായിരുന്നു. ടിആർഎസിനും, ഒവൈസിക്കും എതിരെ ബിജെപിയുടെ ബാംഗ്ലൂർ സൗത്ത് എംപി തേജസ്വി സൂര്യ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയിരുന്നു. ബിജെപിയുടെ തെലങ്കാന അദ്ധ്യക്ഷനും എംപിയുമായ ബൻഡി സഞ്ജയ് കുമാർ റോഹിങ്യകളെയും പാക്കിസ്ഥാനികളെയും പുറത്താക്കാൻ ഹൈദരാബാദിൽ സർജിക്കൽ സ്‌ട്രൈക്ക് നടത്തുമെന്ന് വരെ പറഞ്ഞു. 150 വാർഡുകളിൽ 100 വാർഡിലും ടിആർഎസ് - ബിജെപി നേർക്കുനേർ പോരാട്ടമാണ് നടന്നത്. ഇത്തവണ 46.59 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. 2016-ൽ 45.29 ആയിരുന്നു പോളിങ് ശതമാനം.
2023 ൽ ആറ് വർഷത്തെ ടിആർഎസ് ഭരണത്തിന് എതിരായ വികാരം മുതലാക്കി നേട്ടം കൊയ്യാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. കോൺഗ്രസ് താരതമ്യേന തണുപ്പൻ പ്രചാരണമാണ് നടത്തിയത്. ബിജെപിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു പ്രമുഖ നേതാവ് പോലും തെലങ്കാനയിൽ പ്രചാരണത്തിന് എത്തിയില്ല. ബിജെപിക്ക് വേണ്ടി അമിത് ഷാ, ജെപി.നഡ്ഡ, പ്രകാശ് ജാവ്‌ദേക്കർ, സ്മൃതി ഇറാനി എന്നീ പ്രമുഖ നേതാക്കളാണ് യോഗിയെ കൂടാതെ എത്തിയത്. ഹൈദരബാദിലെ പഴയ ടിഡിപി വോട്ടുകൾ ബിജെപിയിലേക്ക് മാറിയെന്ന ആശങ്കകൾ ചില നേതാക്കൾ പങ്കുവയ്ക്കുന്നു. സംസ്ഥാന ബിജെപിയുടെ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രശംസിച്ചിരുന്നു. ദക്ഷിണേന്ത്യയിൽ കർണാടകയ്ക്ക് പുറമേ തെലങ്കാന കൂടി പിടിക്കാനുള്ള തന്ത്രങ്ങളാണ് ബിജെപി ആവിഷ്‌കരിച്ചിട്ടുള്ളത്.
അസദുദ്ദീൻ ഒവൈസിയെ ലക്ഷ്യമിട്ടുള്ള പ്രചാരണം വഴി വോട്ടർമാർക്കിടയിൽ ധ്രുവീകരണം കൊണ്ടുവരാനും ബിജെപിക്ക് കഴിഞ്ഞു. ഏതായാലും മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ടിആർഎസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി.
നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ കൗണ്ട് ഡൗൺ ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ പാർട്ടി നാല് എംപിമാരെ നേടിയെടുത്തു. 2018 ലെ അസംബ്ലി തിരഞ്ഞെടുപ്പിൽ തെലങ്കാനയിലെ സീറ്റിൽ ഒരുസീറ്റ് മാത്രം നേടിയ പാർട്ടിക്കാണ് ഈ പുരോഗതി.
മറുനാടന് ഡെസ്ക്