ന്യൂയോർക്ക്: ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ ഒരു സ്വയം നിയന്ത്രിത ഡ്രോൺ എന്ന സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്. യുഎസ് ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാർട്ടപ്പ് വികസിപ്പിച്ച ലോകത്തെ ഏറ്റവും വലിയ സ്വയംനിയന്ത്രിത ഡ്രോൺ 180 മിനിറ്റിനുള്ളിൽ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കും.

പൈലറ്റ്, ലോഞ്ച്പാഡ്, വമ്പൻ റോക്കറ്റ് എന്നിവയില്ലാതെ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലേക്ക് അയയ്ക്കാൻ സാങ്കേതികവിദ്യയിലൂടെ സാധ്യമാകും. റോക്കറ്റ് ലോഞ്ചർ ഉൾപ്പെടെ മൂന്ന് ഘട്ടങ്ങളിലായാണ് വിക്ഷേപണ സംവിധാനം പ്രവർത്തിക്കുക. യു എസ് ബഹിരാകാശ പദ്ധതികൾക്ക് കൂടുതൽ കരുത്തേകുന്നതാണ് കണ്ടെത്തൽ.

80 അടി നീളമുള്ള ഡ്രോണിന് കുറഞ്ഞത് ഒരു മൈൽ നീളമുള്ള ഏത് റൺവേയിൽ നിന്നും വിക്ഷേപിക്കാം. ഡ്രോൺ ഉയരത്തിൽ എത്തുന്നതോടെ റോക്കറ്റ് പേലോഡിനെ ഭ്രമണപഥത്തിലേക്ക് കൊണ്ടുപോകും. നിലവിൽ ലോഞ്ചർ സിസ്റ്റത്തിന്റെ 70 ശതമാനം പൂർണ്ണമായും പുനരുപയോഗിക്കാവുന്ന രീതിയിലാണ് നിർമ്മാണം. ഭാവിയിലെ 95 ശതമാനം വരെ ഉയർത്താനാകുമെന്നാണ് പ്രതീക്ഷ.
ഓരോ 180 മിനിറ്റിലും ഒരു പുതിയ പേലോഡ് ഭ്രമണപഥത്തിലെത്തിക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം

യുഎസ് ബഹിരാകാശ ദൗത്യങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനി, സ്വയംഭരണത്തിലും മികച്ച ലോജിസ്റ്റിക്സിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് പരീക്ഷണം നടത്തുന്നത്. 'ബഹിരാകാശത്തേക്കുള്ള പ്രവേശനം പൂർണ്ണമായും പുനർനിർമ്മിക്കുകയാണ്' കമ്പനി ലക്ഷ്യമിടുന്നത്.

ഡ്രോൺ റൺവേയിൽ നിന്നും ഉയരത്തിലെത്തിക്കുന്നതോടെ രണ്ടാമത്തെ ഘട്ടം വിന്യസിക്കും. ബഹിരാകാശത്തേക്ക് പേലോഡ് വഴിയാണ് ഉപഗ്രഹത്തെ എത്തിക്കുക. ഒന്നാം ഘട്ട ദൗത്യം പൂർത്തിയാകുന്നതോടെ ഡ്രോൺ സ്വയം ഹോം റൺവേയിലേക്ക് പറന്ന് ഇറങ്ങും. തുടർന്ന് അതിന്റെ ഹാംഗറിലേക്ക് മടങ്ങും. റാവൻ എക്സ് ഉപയോഗിച്ച് ASLON-45 എന്ന ചെറിയ ഉപഗ്രഹത്തിന്റെ ആദ്യ വിക്ഷേപണം 2021 ൽ നടത്താനാണ് യുഎസ് ബഹിരാകാശ ദൗത്യസംഘം ലക്ഷ്യമിടുന്നത്. 500 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങൾ പൂർണ്ണമായും സ്വയംനിയന്ത്രിത സംവിധാനത്തിലൂടെ വിക്ഷേപിക്കാനാകും.

സോഫ്റ്റ്‌വെയർ, ഓട്ടോമേഷൻ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് അടുത്ത തലമുറയിലെ ലോജിസ്റ്റിക് സംവിധാനങ്ങളാണ് സ്റ്റാർട്ട്പ്പ് കമ്പനി ഒരുക്കുന്നതെന്ന് സ്ഥാപകനും സിഇഒയുമായ ജയ് സ്‌കൈലസ് പറയുന്നു. താഴ്ന്ന ഭ്രമണപഥത്തിലേക്ക് അതിവേഗം ഉപഗ്രഹത്തെ എത്തിക്കാനുള്ള ദൗത്യം പ്രതീക്ഷ നൽകുന്നതെന്നാണ് ബഹിരാകാശ പര്യവേഷണ വിദഗ്ദ്ധരുടെ അഭിപ്രായം.