ദോഹ: ഖത്തറിനെതിരെ സൗദിയുടെ നേതൃത്വത്തിൽ മൂന്നരവർഷമായി നിലനിൽക്കുന്ന ഉപരോധം അവസാനിക്കുന്നു. ഗൾഫ് മേഖലയിലെ ഭിന്നത പരിഹരിച്ചെന്നും ഐക്യത്തിന്റെ അന്തിമ കരാറിലെത്താൻ മാധ്യസ്ഥം വഹിച്ച കുവൈത്തിനു നന്ദി പറയുന്നതായും ഖത്തർ അറിയിച്ചു. ഈ ശ്രമങ്ങൾക്കു പിന്തുണ നൽകിയ യുഎസിനെയും അഭിനന്ദിച്ചു. കുവൈത്ത് മാധ്യസ്ഥത്തെ പ്രശംസിച്ച് ഐക്യരാഷ്ട്രസംഘടനയും രംഗത്തെത്തി. എന്നാൽ ഉപരോധം നീക്കിയെന്നും അതിർത്തികൾ തുറന്നെന്നുമുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

ഗൾഫ് പ്രതിസന്ധി അവസാനിപ്പിക്കുന്നതിനായി നടന്ന ചർച്ചകൾ അന്തിമഘട്ടത്തിലെന്ന് കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് അഹമ്മദ് നാസിർ അൽ സബാഹ് പറഞ്ഞിരുന്നു. എല്ലാ വിഭാഗവും സമവായത്തിന്റെ പാതയിൽ എത്തി എന്ന സൂചനയാണ് കുവൈത്ത് മന്ത്രി നൽകിയത്. വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ജറദ് കുഷ്‌നർ അടുത്തിടെ നടത്തിയ ഇടപെടലുകൾക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു. ഈ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ഖത്തർ രംഗത്തുവന്നു.

ഉപരോധം അവസാനിപ്പിക്കാൻ കുവൈത്ത് നടത്തിയ മധ്യസ്ഥ ശ്രമങ്ങൾക്ക് നന്ദി പറയുന്നുവെന്ന് ഖത്തർ വിദേശകാര്യമന്ത്രി മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ പ്രതികരിച്ചു അമേരിക്കയും കുവൈത്തും നടത്തിയ ഇടപെടലുകൾ സ്വാഗതാർഹമാണെന്നും ഖത്തറിലെ ജനങ്ങളുടെ സുരക്ഷയും താൽപ്പര്യവുമാണ് തങ്ങൾ മുന്നോട്ട് വെക്കുന്നതെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.

ഖത്തറിനും കുവൈത്തിനും പിന്നാലെ ഗൾഫ് പ്രതിസന്ധി അവസാനിക്കാൻ പോവുകയാണെന്ന വ്യക്തമായ സൂചന നൽകി സൗദി അറേബ്യയും രംഗത്തെത്തി. സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനാണ് ഖത്തറിനെതിരേ മൂന്നു വർഷത്തിലേറെയായി തുടരുന്ന ഉപരോധം ഉടൻ പിൻവലിക്കപ്പെടുമെന്ന സൂചന നൽകിയത്.

ഗൾഫ് സഹകരണ കൗൺസിലിലെ അംഗങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കാൻ തയാറായതിനു ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്ക് കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് നന്ദി അറിയിച്ചു.

തീവ്രവാദബന്ധം ആരോപിച്ച് 2017 ജൂൺ 5നാണ് ഖത്തറിനെതിരെ സൗദി, യുഎഇ, ബഹ്റൈൻ, കുവൈത്ത് രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചത്. കര-നാവിക-വ്യോമ ഉപരോധം ചെറുരാജ്യമായ ഖത്തറിന് വൻ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. എന്നാൽ നയതന്ത്ര മികവ് കൊണ്ടും സാമ്പത്തിക ഉയർച്ച നേടിയും ഖത്തർ പ്രതിസന്ധി മറികടക്കുകയായിരുന്നു.
അന്നു നിർത്തിവച്ച രാഷ്ട്രീയ, നയതന്ത്ര ബന്ധങ്ങൾ ഉടൻ പുനരാരംഭിക്കുമോ എന്ന് ഔദ്യോഗിക പ്രഖ്യാപനത്തിനു ശേഷമേ സ്ഥിരീകരിക്കാനാകൂ. ആദ്യഘട്ടത്തിൽ യാത്രാവിലക്ക് നീക്കുമെന്നാണ് നേരത്തേയുള്ള റിപ്പോർട്ടുകൾ.

ഉപരോധം നീക്കുന്നതിന് അൽജസീറ മാധ്യമ ശൃംഖല അടച്ചുപൂട്ടുക, തുർക്കി താവളം അടക്കുക, ഇറാനുമായുള്ള ബന്ധം കുറയ്ക്കുക എന്നിങ്ങനെ പതിമൂന്നിന നിബന്ധനകൾ ചർച്ചയിൽ ഖത്തറിന് മുന്നിൽ വച്ചിരുന്നു. ഈ ആവശ്യങ്ങൾ പരമാധികാരത്തിന്റെ ലംഘനമാണെന്ന് വ്യക്തമാക്കി ഉപാധികൾ തള്ളിക്കളഞ്ഞിരുന്നു. 2019 അവസാനം സൗദി അറേബ്യയുമായി ചർച്ച നടന്നിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല.