- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എക്‌സൈസ് ഉദ്യോഗസ്ഥരെ തള്ളിയിട്ട് രക്ഷപ്പെട്ട ലഹരി മരുന്ന് കേസിലെ പ്രതികൾ പിടിയിൽ; സഹോദരന്മാരായ ഇരുവരും അറസ്റ്റിലായത് കട്ടപ്പനയിലെ വാടക വീട്ടിൽ നിന്നും; എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികളെ കീഴ്‌പ്പെടുത്തിയത് ബലപ്രയോഗത്തിലൂടെ: അറസ്റ്റിലായത് ബംഗളൂരുവിലേക്ക് കടക്കാൻ ഇരിക്കവെ
ആലപ്പുഴ: എക്‌സൈസ് ഉദ്യോഗസ്ഥരെ തള്ളിയിട്ട് ഓഫിസിൽ നിന്നു രക്ഷപ്പെട്ട ലഹരിമരുന്ന് കേസിലെ പ്രതികൾ പിടിയിലായി. സഹോദരന്മാരായ ഇവർ ഒളഴിച്ചു താമസിച്ചിരുന്ന കട്ടപ്പനയിലെ വാടക വീട്ടിൽ നിന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥർ ഇവരെ പിടികൂടിയത്.
മണ്ണഞ്ചേരി കണ്ടത്തിൽവെളി വീട്ടിൽ നസ്ലം നൗഷാദ് (22), നജീം നൗഷാദ് (30) എന്നിവരാണ് അറസ്റ്റിലായത്. കട്ടപ്പനയിൽ പ്രതികൾ ഒളിവിൽ താമസിച്ചിരുന്ന വാടക വീട്ടിൽ നിന്ന് വ്യാജ തോക്കും നോട്ടുകളും കണ്ടെടുത്തു. വീട്ടിലെത്തിയ എക്‌സൈസ് സംഘത്തെ ആക്രമിക്കാൻ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെയാണ് കീഴ്‌പ്പെടുത്തിയത്. ഇവരെ കാറിൽ കട്ടപ്പനയിൽ എത്തിച്ച കൊല്ലം വടക്കേ വിള ഹാരിസ് മൻസിലിൽ ഹാരിസ് നവാസിനെ പിടികൂടി പൊലീസിനു കൈമാറി. കാറും പിടികൂടി.
ലഹരിമരുന്നുമായി അറസ്റ്റിലായ ഇവർ മൂത്രമൊഴിക്കാനെന്ന വ്യാജേന പുറത്തിറങ്ങിയ ശേഷം എക്‌സൈസ് കോംപ്ലക്‌സിലെ സ്‌പെഷൽ സ്‌ക്വാഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 2 സിവിൽ എക്‌സൈസ് ഓഫിസർമാരെ തള്ളിയിട്ട ശേഷം രക്ഷപ്പെടുകയായിരുന്നു. വെള്ളിയാഴ്ചയായിരുന്നു സംഭവം. ആലപ്പുഴ റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിൽ എത്തിയ പ്രതികൾ വസ്ത്രം മാറി മറ്റൊരു വാഹനത്തിൽ കടന്നതായി സൂചനയുണ്ടായിരുന്നു.
കട്ടപ്പനയിൽ നിന്ന് ബെംഗളൂരുവിലേക്ക് കടക്കാനായിരുന്നു പ്രതികളുടെ പദ്ധതി. പ്രതികളുടെ മൊബൈൽ ഫോണുകൾ എക്‌സൈസ് ഓഫിസിൽ വാങ്ങി വച്ചിരുന്നതിനാൽ ടവർ നിരീക്ഷണം നടത്താനും സാധിച്ചില്ല. സംഘവുമായി ബന്ധമുള്ള ചിലരുടെ സഹായത്തോടെയാണ് കട്ടപ്പനയിലെ വാടകവീട് കണ്ടെത്തിയത്. വെള്ളി വൈകിട്ട് മാരാരിക്കുളം റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്നാണ് എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡ് 4.14ഗ്രാം എംഡിഎംഎയും 25 ഗ്രാം കഞ്ചാവുമായി ഇവരെ പിടികൂടിയത്.