ന്യൂഡൽഹി: വിവാദ കർഷക നിയമങ്ങൾക്കെതിരായ കർഷക സമരത്തെ പിന്തുണച്ച് ബോളിവുഡ് താരങ്ങളും കായികതാരങ്ങളും രംഗത്ത്. ഇന്ത്യയുടെ ഭക്ഷ്യസേന എന്ന് വിശേഷിപ്പിച്ച ബോളിവുഡ് താരം പ്രിയങ്ക ചോപ്ര കർഷകരുടെ ആശങ്കകൾ പരിഹരിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടു. ഒരു ജനാധിപത്യ രാജ്യത്ത് ഈ പ്രതിസന്ധികൾ പരിഹരിക്കപ്പെടുമെന്ന് ഉറപ്പാക്കണം', അവരുടെ പ്രതീക്ഷകൾ നിറവേറ്റേണ്ടതുണ്ടെന്നും പ്രിയങ്ക ചോപ്ര ട്വീറ്റ് ചെയ്തു.

'കർഷകർ മനുഷ്യ സംസ്‌കാരത്തിന്റെ തന്നെ അടിത്തറ' ആണെന്നാണ് ഡാനിയേൽ വെബ്സ്റ്ററിനെ ഉദ്ധരിച്ചുകൊണ്ട് സോനം കപൂർ സമൂഹമാധ്യമത്തിൽ കുറിച്ചത്. സമരവേദിയിൽ നിന്നുള്ള ചിത്രങ്ങളും സോനം പോസ്റ്റ് ചെയ്തു. സോനം കപൂറിന്റെ ഭർത്താവും വ്യവസായിയുമായ ആനന്ദ് അഹൂജയും കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

നിരവധി ബോളിവുഡ് താരങ്ങൾ കർഷകർക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കർഷകർക്ക് തണുപ്പിനെ ചെറുക്കാൻ കമ്പിളി പുതപ്പ് വാങ്ങാനായി ഗായകൻ ദിൽജിത് ദോസാൻഝ് ഒരു കോടി രൂപ നൽകിയിരുന്നു. റിതേഷ് ദേശ്മുഖ്, ഗൗഹർ ഖാൻ, ചിത്രാംഗദ സിങ് തുടങ്ങിയവരും കർഷകർക്ക് പിന്തുണയറിയിച്ചു.

കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബോക്സിങ് താരവും ഒളിംപിക് മെഡൽ ജേതാവുമായ വിജേന്ദർ സിങും രംഗത്തെത്തി. കർഷകരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേൽ രത്‌ന അവാർഡ് തിരിച്ചു നൽകുമെന്നും വിജേന്ദർ പറഞ്ഞു. ഡൽഹിയിലെ സമരവേദിയിൽ നേരിട്ടെത്തിയ വിജേന്ദർ സിങ് കർഷകരെ അഭിസംബോധന ചെയ്തു. കർഷകരോടുള്ള കേന്ദ്ര സർക്കാരിന്റെ സമീപനത്തിൽ മാറ്റം വന്നില്ലെങ്കിൽ പുരസ്‌കാരവും, പുരസ്‌കാരത്തിനൊപ്പം ലഭിച്ച ആനുകൂല്യങ്ങളും തിരിക നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കർഷകരില്ലാതെ നമുക്ക് നിലനിൽപ്പില്ലെന്നും പഞ്ചാബിനോട് താൻ ഒരുപാട് കടപ്പെട്ടിരിക്കുന്നുവെന്നും വിജേന്ദർ പറഞ്ഞു. 'എന്റെ കരിയറിലെ ഭൂരിഭാഗം സമയവും ചെലവഴിച്ചത് പട്യാലയിലെ ദേശീയ കായിക അക്കാദമിയിലായിരുന്നു. അവരുടെ ഭക്ഷണമാണ് ഞാൻ കഴിച്ചത്. കർഷകർക്ക് പൂർണ പിന്തുണ നൽകുന്നു. രാജ്യം മുഴുവൻ പിന്തുണയ്ക്കണം. കർഷകരില്ലാതെ നമുക്ക് ജീവിക്കാൻ കഴിയില്ല.' വിജേന്ദർ കൂട്ടിച്ചേർത്തു. ഇതിനോടകം പഞ്ചാബിൽ നിന്നു മാത്രം മുപ്പതിലധികം കായികതാരങ്ങൾ അവാർഡുകൾ മടക്കി നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഗുർബക്‌സ് സിങ് സന്ധു, കൗർ സിങ്, ജപൽ സിങ് തുടങ്ങിയവരും തങ്ങൾക്ക് കിട്ടിയ പുരസ്‌കാരങ്ങൾ തിരികെ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.

കർഷക നിയമങ്ങളിൽ പ്രതിഷേധം കത്തുന്നതിനിടെ കർഷകരെയും കേന്ദ്രസർക്കാരിനെയും ഒരുപോലെ പിന്തുണച്ച് ബോളിവുഡ് താരവും ബിജെപിയുടെ ഗുരുദാസ്പുർ എംപിയുമായ സണ്ണി ഡിയോൾ. കർഷകർക്കായി ഏറ്റവും നല്ല പദ്ധതികൾ ബിജെപിയുടെ ആലോചനയിലുണ്ടെന്ന് സണ്ണി പറഞ്ഞു.
'ഇത് കർഷകരും സർക്കാരും തമ്മിലുള്ള വിഷയമാണ്. അവർക്കിടയിൽ കയറി ആരും അഭിപ്രായം പറയരുത്. ഇരുവരും ചർച്ചകൾക്ക് ശേഷം ഒരു വഴി കണ്ടെത്തും. പലരും ഈ സാഹചര്യം മുതലെടുക്കാൻ ആഗ്രഹിക്കുന്നുവെന്നും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും എനിക്കറിയാം. അവർ കർഷകരെക്കുറിച്ചല്ല ചിന്തിക്കുന്നത്. അവർക്ക് അവരുടെതായ അജണ്ട ഉണ്ടായിരിക്കാമെന്നും സണ്ണി ഡിയോൾ ട്വിറ്ററിൽ കുറിച്ചു.

അതേസമയം, സമരം അവസാനിക്കാത്തതിനാൽ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുച്ചേർക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. സമ്മേളനം ചേർന്നാലും ഇല്ലെങ്കിലും നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ കർഷക സംഘടനകൾ ഉറച്ചുനിൽക്കുകയാണ്. കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ചൊവ്വാഴ്ചത്തെ ഭാരത് ബന്ദിന് കോൺഗ്രസ് അടക്കം കൂടുതൽ പ്രതിപക്ഷ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചു.