ണ്ണറിഞ്ഞ്, വിത്തെറിഞ്ഞ്, വിളകൊയ്തെടുത്ത് അന്നമൊരുക്കുന്ന കർഷകരുടെ സമരം ദിവസം പിന്നിടുംതോറും ശക്തി വർദ്ധിച്ചു വരുമ്പോൾ അതിന്റെ മാറ്റൊലികൾ കടലുകൾക്കും അപ്പുറമുള്ള വൻകരകളിലേക്ക് കൂടി വ്യാപിക്കുകയാണ്. ഇന്നലെ, ഇന്ത്യയിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ആയിരങ്ങളാണ് ലണ്ടനിലെ ഇന്ത്യൻ എംബസ്സിക്കു മുന്നിൽ തടിച്ചുകൂടിയത്. ജനക്കൂട്ടം തടിച്ചുകൂടിയതോടെ മെട്രോപോളിറ്റൻ പൊലീസും രംഗത്തെത്തി. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ കനത്ത പിഴ നൽകേണ്ടതായി വരുമെന്ന് പൊലീസ് പ്രതിഷേധക്കാർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ട പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ഇന്ത്യൻ എംബസിക്ക് മുന്നിൽ പതാകകൾ പറത്തിയും മുദ്രാവാക്യം മുഴക്കിയും പ്രതിഷേധിക്കുന്ന നൂറുകണക്കിന് ആൾക്കാരുടെ വീഡിയോ സിക്ക് യു കെ ഫെഡറേഷൻ ട്വീറ്റ് ചെയ്തു. ''കർഷകരില്ലെങ്കിൽ ഭക്ഷണമില്ല, ഭാവിയില്ല'', ''മോദി ഇന്ത്യൻ കർഷകരെ വിറ്റു'' തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ പിടിച്ച നിരവധി പ്രതിഷേധക്കാരുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ എംബസി ഉപരോധിക്കുന്നു എന്നാണ് സിക്ക് യു കെ ഫെഡറേഷൻ ട്വീറ്റ് ചെയ്തത്. എന്നാൽ, എംബസിക്ക് മുന്നിൽ ആളുകൾ കൂട്ടംകൂടുന്നത് കർശനമായും തടയും എന്ന നിലപാടിലാണ് മെറ്റ് പൊലീസ്. ഡൽഹിയിൽ ക്യാമ്പ് ചെയ്ത് സമരം നടത്തുന്ന കർഷകർ ഇന്നലെ ഹൈവേകൾ തടഞ്ഞിരുന്നു. കേന്ദ്രസർക്കാരുമായി പലവട്ടം ചർച്ചകൾ നടന്നുവെങ്കിലും അതൊന്നും ഫലം കണ്ടില്ല.

പുതിയ കാർഷിക നിയമങ്ങൾ കൂടുതൽ വിപണി സൗഹാർദ്ദമായവയായതുകൊണ്ട് കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നില്ല എന്നാണ് വിവിധ കർഷക സംഘടനകൾ ആരോപിക്കുന്നത്. മിനിമം താങ്ങുവില ഉൾപ്പടെയുള്ള തർക്ക വിഷയങ്ങൾ പരിഹരിക്കുന്നതിൽ അല്പം പോലും മുന്നോട്ട് പോകാനായിട്ടില്ല. കാർഷിക സമൃദ്ധ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരാണ് സമരം നയിക്കുന്നതെങ്കിലും, വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഇതിൽ പങ്കെടുക്കുന്നുണ്ട്.

നേരത്തേ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കാനഡ രംഗത്ത് വന്നിരുന്നു. ഐക്യരാഷ്ട്ര സഭയും ഏതാണ്ട് ഈ സമരത്തെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇപ്പോൾ ബ്രിട്ടനിലെ പ്രതിഷേധത്തോടെ ഈ സമരം അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ശ്രദ്ധ നേടിയെടുക്കുന്നതോടെ സർക്കാരിന്റെ തലവേദന കൂടുകയാണ്.

ഏതായാലും, കർഷക സമരത്തിന്റെ ഗൗരവം സർക്കാർ പൂർണ്ണമായും മനസ്സിലാക്കിയിട്ടുണ്ട്.അതുകൊണ്ടു തന്നെയാണ് പൗരത്വ ബില്ലിനെതിരെയുള്ള സമരത്തിൽ ഉണ്ടാകാതിരുന്നതുപോലെ, ഇവിടെ കർഷകരെ ഒന്നിലധികം തവണ ചർച്ചക്ക് ക്ഷണിച്ചത്.