ന്യൂയോർക്ക്: അമേരിക്കൽ കോവിഡ് വ്യാപനം രൂക്ഷമായതായി റിപ്പോർട്ട്. കഴിഞ്ഞ ചൊവ്വാഴ്ചയ്ക്കും ശനിയാഴ്ചയ്ക്കും ഇടയിൽ അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത് ഒരു ദശലക്ഷം പുതിയ കൊറോണ വൈറസ് കേസുകളാണ്. ജോൺസ് ഹോപ്കിൻസ് സർവകലാശാലയിൽ നിന്നുള്ള കണക്കുകൾ പ്രകാരം 1,000,882 പുതിയ COVID-19 കേസുകളാണ് രേഖപ്പെടുത്തിയത്. ജനുവരി 20 ന് വൈറസിന്റെ ആദ്യ കേസ് രാജ്യത്ത് റിപ്പോർട്ട് ചെയ്തതിന് ശേഷം ഒരു ദശലക്ഷം അണുബാധകൾ എത്താൻ 100 ദിവസമെടുത്തുവെങ്കിൽ കേവലം അഞ്ച് ദിവസങ്ങൾക്കൊണ്ടാണ് ഇത്രയും കേസുകൾ ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വാക്സിനുകൾ വ്യാപകമായി ലഭ്യമാകുന്നതുവരെ രാജ്യത്തെ അണുബാധ എങ്ങനെ തടയാം എന്നതിനെക്കുറിച്ചുള്ള ദേശീയ നേതൃത്വത്തിന്റെ അജ്ഞതയും അലംഭാവവുമാണ് രോഗം രൂക്ഷമായി പടരാൻ ഇടയാക്കുന്നതെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്തും തുടർന്നും കൊറോണ വ്യാപനം തടയാൻ കർശന നിയന്ത്രണങ്ങളില്ല എന്നതാണ് തിരിച്ചടിക്ക് കാരണം. സ്ഥിതി രൂക്ഷമാകുന്ന സാഹചര്യം വിലയിരുത്തിയ വൈറ്റ്ഹൗസിന്റെ കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സ് കോർഡിനേറ്റർ ഡോ. ഡെബോറ ബിർക്‌സ് കടുത്ത നിരാശ രേഖപ്പെടുത്തി. 50 യുഎസ് സംസ്ഥാനങ്ങളിൽ പകുതിയോളം മാത്രമാണ് പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കിയത്. പതിനാല് സംസ്ഥാനങ്ങൾ മാസ്‌കുകൾ പോലും നിർബന്ധമാക്കിയിരുന്നില്ല.

ദിനംപ്രതിയുള്ള മരണസംഖ്യ 2,700 കടന്നതോടെ ആരോഗ്യരംഗത്ത് കടുത്ത പ്രതിസന്ധിയാണ് അമേരിക്ക അഭിമുഖീകരിക്കുന്നത്. അമേരിക്കയിൽ ഓരോ മിനിട്ടിലും രണ്ട് കോവിഡ് മരണങ്ങൾ വീതം നടക്കുന്നു എന്നാണ് ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ പഠനം വെളിവാക്കുന്നത്. അതുപോലെ കോവിഡ് ട്രാക്കിങ് പ്രൊജക്ടിലെ വിവരങ്ങൾ അനുസരിച്ച് ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്ന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിടുകയും ചെയ്തു. കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിനൊപ്പം കോവിഡ് വാക്സിൻ ഫലപ്രദമായി ഉടൻ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ അമേരിക്ക ഇതുവരെ കണ്ടിട്ടില്ലാത്ത ആരോഗ്യ പ്രതിസന്ധിയായിരിക്കും അഭിമുഖീകരിക്കേണ്ടി വരിക എന്ന മുന്നറിയിപ്പാണ് യു എസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ നൽകുന്നത്. വരുന്ന ജനുവരി, ഫെബ്രുവരി മാസങ്ങൾ അമേരിക്കയെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളതാണെന്നും, ജനങ്ങൾ വളരെ കരുതലോടെ ഇരിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഇല്ലിനോയിസ്, കാലിഫോർണീയ, ഇന്ത്യാന, കെൻടുക്കി, ടെക്സാസ് എന്നിവിടങ്ങളിലാണ് രോഗവ്യാപനം കൂടുന്നത്. കോവിഡിന്റെ ആദ്യ നാളുകളിൽ കൊറോണയെന്ന കുഞ്ഞൻ വൈറസിന്റെ പ്രഹരശേഷിയെ കുറച്ചുകണ്ടതാണ് അമേരിക്കയ്ക്ക് ഇന്നീ ഗതി വരുവാനുള്ള കാരണമെന്ന് കരുതുന്നവരാണ് ഏറേയും. രോഗത്തേക്കാൾ ചെലവ് കൂടിയ ചികിത്സ നല്ലതല്ലെന്ന വാദവുമായി രാജ്യത്തെ നയിച്ച ട്രംപിന്റെ കഴിവുകേടായി ഈ രോഗവ്യാപനത്തെ വിലയിരുത്തുന്നവരും വർദ്ധിച്ചു വരികയാണ്.

ഇന്റൻസീവ് കെയർ യൂണിറ്റുകളുടെ 15 ശതമാനത്തിൽ താഴെ മാത്രമേ ലഭ്യമായിട്ടുള്ളു എന്ന സാഹചര്യം വന്നതോടെ കാലിഫോർണിയയിൽ സ്റ്റേ-അറ്റ്-ഹോം ഉത്തരവിറക്കിയിരുന്നു. സംസ്ഥാനത്തെ അഞ്ച് മേഖലകളാക്കി വിഭജിച്ചാണ് നിയന്ത്രണം. നിലവിൽ, ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ട ഒരു സാഹചര്യമല്ല ഇവിടങ്ങളിൽ ഉള്ളതെങ്കിലും ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇതിൽ ഗ്രെയ്റ്റർ സാക്രാമെന്റോ, നോർത്തേൺ കാലിഫോർണിയ, സാൻ ജൊവാക്വിൻ വാലി, സതേൺ കാലിഫോർണിയ എന്നീ നാലുമേഖലകൾ ഈ അവസ്ഥയിലേക്ക് എത്തുമെന്നാണ് കാലിഫോർണിയ ഗവർണർ പറയുന്നത്. 85 ശതമാനത്തിലധികം ഇന്റൻസീവ് കെയർ യൂണിറ്റുകളിൽ രോഗികൾ എത്തുന്ന സാഹചര്യത്തിൽഹെയർ സലൂണുകൾ, ബാർബർ ഷോപ്പുകൾ എന്നിവ അടച്ചുപൂട്ടും ചില്ലറ വ്യാപാര കേന്ദ്രങ്ങളിൽ ഉൾക്കൊള്ളാവുന്നതിന്റെ 20 ശതമാനം പേരെ മാത്രം പ്രവേശിപ്പിക്കാനുള്ള നിയന്ത്രണം ഉണ്ടാകും. അതുപോലെ റെസ്റ്റോറന്റുകൾക്ക് കുറഞ്ഞത് രണ്ടുമൂന്നാഴ്‌ച്ചക്കാലമെങ്കിലും ടേയ്ക്ക് എവേയ്ക്ക് മാത്രമായിരിക്കും അനുവാദമുണ്ടാവുക.

പ്രസിഡണ്ടായി ചുമതലയേറ്റാൽ ഉടൻ തന്നെ എല്ലാ അമേരിക്കക്കാരും നിർബന്ധമായി 100 ദിവസത്തേക്ക് മാസ്‌ക് ധരിക്കണമെന്ന നിയമം കൊണ്ടുവരുമെന്ന് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു. ഈ ഒരു നടപടി കൊണ്ടുതന്നെ രോഗവ്യാപനം കാര്യക്ഷമമായി കുറയ്ക്കുവാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 20 നാണ് ജോ ബൈഡൻ പുതിയ അമേരിക്കൻ പ്രസിഡണ്ടായി അധികാരമേൽക്കുക.

കേസുകൾ വർദ്ധിക്കുന്നതിനിടെ കൊറോണ വാക്സിൻ രാജ്യത്തുടനീളം ലഭ്യമാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇംഗ്ലണ്ടിന് പിന്നാലെ ഫൈസർ വാക്സിന് അംഗീകാരം നൽകിയാൽ വിതരണം ചെയ്യാനുള്ള നടപടികൾ വേഗത്തിലാക്കും. വാക്സിന് എഫ്ഡിഎ ഉടൻ അംഗീകാരം നൽകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.