- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകളുടെ സഹപാഠി റസിഡന്റ്‌സ് അസോസിയേഷൻ പ്രോഗ്രാമിൽ പങ്കെടുക്കാൻ ക്വാർട്ടേഴ്‌സിൽ എത്തിയപ്പോൾ പീഡനശ്രമം; ദളിത് വിദ്യാർത്ഥിനിയെ പൊലീസ് ക്വാർട്ടേഴ്‌സിൽ വച്ച് മാനഭംഗപ്പെടുത്തിയ എസ് ഐയെ ഹാജരാക്കാൻ പോക്‌സോ കോടതി ഉത്തരവ്; കേസ് അട്ടിമറിക്കാൻ പൊലീസ് യൂണിയൻ നടത്തിയ ശ്രമം പാളുമ്പോൾ
തിരുവനന്തപുരം: മകളുടെ കൂട്ടുകാരിയായ പ്രായപൂർത്തിയാകാത്ത ദളിത് വിദ്യാർത്ഥിനിയെ പൊലീസ് ക്വാർട്ടേഴ്‌സിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സബ്ബ് ഇൻസ്‌പെക്ടറെ കോടതിയിൽ ഹാജരാക്കാൻ തിരുവനന്തപുരം പോക്‌സോ കോടതി ഉത്തരവിട്ടു. പേരൂർക്കട പൊലീസ് സബ്ബ് ഇൻസ്‌പെക്ടറും നിലവിൽ സ്‌പെഷ്യൽ ബ്രാഞ്ച് സിഐ.ഡി. ബോംബ് സ്‌ക്വാഡിൽ ജോലി ചെയ്യുന്നയാളുമായ സജീവ് കുമാറിനെ ഹാജരാക്കാനാണ് കോടതി ഉത്തരവ്. 2021 ജനുവരി 25 ന് പ്രതിയെ ഹാജരാക്കാൻ പേരൂർക്കട സർക്കിൾ ഇൻസ്‌പെക്ടറോടാണ് കോടതി ഉത്തരവിട്ടത്.
2019 നവംബർ 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മകളുടെ കൂട്ടുകാരിയായ മൈനർ പെൺകുട്ടി റസിഡന്റ്‌സ് അസോസിയേഷൻ നടത്തുന്ന പ്രോഗ്രാമിന് പങ്കെടുക്കാൻ വൈകുന്നേരം തന്റെ ക്വാർട്ടേഴ്‌സിലെത്തിയതായിരുന്നു. വീട് സന്ദർശിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ച് പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സ്‌കൂൾ പ്രിൻസിപ്പാളും കുട്ടിയുടെ മാതാവും ചൈൽഡ് ലൈനിൽ നൽകിയ പരാതിയിലാണ് പേരൂർക്കട പൊലീസ് കേസെടുത്തത്. എന്നാൽ പൊലീസ് യൂണിയനിൽ എസ് ഐ ക്കുള്ള സ്വാധീനത്താൽ ആദ്യം ഇയാൾക്കെതിരെ പോക്‌സോ നിയമത്തിലെ വകുപ്പും പട്ടികജാതി/പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമത്തിലെ വകുപ്പും പേരൂർക്കട പൊലീസ് ചുമത്തിയില്ല. ചൈൽഡ് ലൈൻ പ്രവർത്തകർ കർശന നിലപാട് സ്വീകരിച്ചതോടെയാണ് പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരവും എസ് സി / എസ്.റ്റി നിയമ പ്രകാരവും കേസെടുക്കാൻ പേരൂർക്കട പൊലീസ് തയ്യാറായത്. ഇതോടെ നിസ്സാര വകുപ്പിട്ട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച് കേസ് അട്ടിമറിക്കാൻ പൊലീസ് യൂണിയൻ നടത്തിയ ശ്രമം പാളുകയായിരുന്നു.
അതേ സമയം പൊലീസ് യൂണിയന്റെ ഉന്നത സ്വാധീനത്താൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യാതെ പ്രതിക്ക് കോടതിയിൽ കീഴടങ്ങാനുള്ള സാഹചര്യമൊരുക്കി ഒത്തുകളിച്ചു. അപ്രകാരം പൊലീസ് ഒത്താശയോടെ 2019 ഡിസംബർ 2 ന് ഉച്ചക്ക് 1 മണിക്ക് പ്രതി തിരുവനന്തപുരം പോക്‌സോ കോടതിയിൽ കീഴടങ്ങുകയായിരുന്നു. റിമാന്റിലായ പ്രതി പൊലീസ് ഒത്താശയോടെ അധിക ദിനം ജയിലിൽ കിടക്കാതെ തന്നെ ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു.
2020 മെയ് 8 ന് അസി. പൊലീസ് കമ്മീഷണർ കുറ്റപത്രം സമർപ്പിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 354 ( സ്ത്രീയുടെ മാനത്തെ അധിക്ഷേപിക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള പ്രവർത്തികൾ) , 1989ൽ നിലവിൽ വന്ന പട്ടികജാതി/ പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമത്തിലെ 3 (1) (ഡബ്ലു) , (i) , (ii) ( ദളിത് പെൺകുട്ടിയോട് ചെയ്യുന്ന ലൈംഗിക അതിക്രമം) എന്നീ വകുപ്പുകളും 2012 ൽ നിലവിൽ വന്ന പോക്‌സോ നിയമത്തിലെ 7 , 8 ( ലൈംഗിക അതിക്രമം), 9 (b) ( iv) , 10 ( പൊലീസ് സേനയിലെ ഉദ്യോഗസ്ഥൻ കുട്ടിയോട് ചെയ്യുന്ന ലൈംഗിക അതിക്രമം) എന്നീ വകുപ്പുകളും ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്.