- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിന്റെ താഴെ ഭാഗത്ത് ഒളിച്ചിരുന്ന നിഷിൽ ഫിഫിയെ കുത്തി വീഴ്ത്തിയത് നായയ്ക്ക് ചോറു നൽകാനായി പോകവെ; ബഹളം കേട്ട് ഓടിവന്ന ഭർത്താവിനെയും കുത്തി വീഴ്ത്തി യുവാവിന്റെ പരാക്രമം: നാട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത് കുത്തേറ്റ ദമ്പതികളെയും തീ പൊള്ളലേറ്റ് മരിച്ച നിഷിലിനേയും
അങ്കമാലി: വീട്ടിൽ അതിക്രമിച്ചു കയറി ദമ്പതികളെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് തീപ്പൊള്ളലേറ്റ് മരിച്ചു. ദമ്പതികളുടെ വീടിന്റെ ടൈൽ ജോലി ചെയ്ത യുവാവാണ് ആക്രമണത്തിന് പിന്നാലെ തീപ്പൊള്ളലേറ്റ് മരിച്ചത്. ദമ്പതികളുടെ വീടിന്റെ ടൈൽ ജോലികളുമായി ബന്ധപ്പെട്ട തർക്കമാണു അക്രമണത്തിലും മരണത്തിലും കലാശിച്ചത്. മുന്നൂർപ്പിള്ളി മാരേക്കാടൻ പരേതനായ ശിവദാസന്റെയും രമണിയുടെയും മകൻ നിഷിൽ (31) ആണ് മരിച്ചത്. മാരകമായി തീപ്പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണം സംഭവിക്കുക ആയിരുന്നു.
പാലിശേരി താന്നിച്ചിറ കനാൽബണ്ടിനു സമീപം വാഴക്കാല ഡൈമിസ് (34), ഭാര്യ ഫിഫി (28) എന്നിവർക്കാണു കുത്തേറ്റത്. ഫിഫിക്കു കഴുത്തിലും ഡൈമിസിനു വയറ്റിലും കൈകളിലും പുറത്തും കുത്തേറ്റിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരും അപകടനില തരണം ചെയ്തു. എന്നാൽ നിഷിലിന്റെ ദേഹത്ത് എങ്ങിനെയാണ് തീ പടർന്നതെന്ന് വ്യക്തമല്ല. വീട്ടിലെ ബഹളം കേട്ട് നാട്ടുകാരെത്തുമ്പോൾ കുത്തേറ്റ് കിടക്കുന്ന ദമ്പതികളേയും തീപ്പൊള്ളലേറ്റ് മൃതപ്രായനായ നിലയിൽ നിഷിലിനെയും കാണപ്പെടുകയായിരുന്നു.
തിരഞ്ഞെടുപ്പു പ്രചാരണത്തിനു പോയ ഡൈമിസും ഫിഫിയും ഇന്നലെ രണ്ടിനു വീട്ടിൽ തിരികെയെത്തിയപ്പോഴാണു സംഭവം. വീടിന്റെ താഴെ ഭാഗത്തു നിഷിൽ നേരത്തെ തന്നെ എത്തി ഒളിച്ചിരിക്കുകയായിരുന്നുവെന്ന് കുത്തേറ്റ ദമ്പതികൾ പറഞ്ഞു. നായയ്ക്കു ചോറു നൽകാനായി പോകവേ ഫിഫിയെ നിഷിൽ ആക്രമിച്ചു. ഫിഫി ബഹളം വച്ചു വീടിന്റെ മുൻവശത്തേക്ക് ഓടി. നിഷിലിന്റെ ആക്രമണം തടയുന്നതിനിടെ ഡൈമിസിനും കുത്തേറ്റു. ബഹളം കേട്ടു നാട്ടുകാർ എത്തുമ്പോൾ ദമ്പതിമാർ കുത്തേറ്റ നിലയിൽ വീടിന്റെ സിറ്റൗട്ടിലും ദേഹത്താകെ തീയുമായി നിഷിൽ മുറ്റത്തും കിടക്കുന്നതാണു കണ്ടത്.
വീടിന്റെ ടൈൽ ഇട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തി കുത്തിലും മരണത്തിലും കലാശിച്ചത്. ദമ്പതികളുടെ വീടിന്റെ ഗൃഹപ്രവേശം നടന്നതു 10 മാസം മുൻപായിരുന്നു. ടൈൽ ജോലികൾ ചെയ്തതിലെ തർക്കവുമായി ബന്ധപ്പെട്ടു നിഷിലിന് എതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. 30,000 രൂപ കൂടി ലഭിക്കാനുണ്ടെന്നായിരുന്നു നിഷിലിന്റെ വാദം.
ടൈലിട്ട ഭാഗം അളന്നപ്പോൾ അത്രയും നൽകാനില്ലെന്നു ഡൈമിസ് പറഞ്ഞതാണു തർക്കത്തിന് ഇടയാക്കിയത്. അടുത്തിടെ ഇവർ തമ്മിൽ വീണ്ടും തർക്കമുണ്ടായി. ഒരാഴ്ച മുൻപു ഡൈമിസ് നിഷിലിനെതിരെ വീണ്ടും പൊലീസിനെ സമീപിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ