- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിരമ്പുഴയിൽ സമാധാനപരമായി നടന്ന പര്യടനം അക്രമാസക്തമായത് ഇരു മുന്നണികളും ഒരേ സ്ഥലത്ത് എത്തിയതോടെ; തോമസ് ചാഴികാടൻ എംപി പ്രസംഗിച്ചു കൊണ്ടിരിക്കവേ കോൺഗ്രസിന്റെ പര്യടനവും അതിരമ്പുഴ ചന്തയിൽ എത്തിയതോടെ തർക്കവും കയ്യാങ്കളിയും: മർദ്ദനമേറ്റ കോൺഗ്രസ് വനിതാ സ്ഥാനാർത്ഥി എൽഡിഎഫിനെതിരെ രംഗത്ത്
കോട്ടയം: അതിരമ്പുഴയിൽ കലാശക്കൊട്ടിനിടെ എൽഡിഎഫ്, യുഡിഎഫ് സംഘർഷം. പ്രചാരണ സമാപന സമ്മേളനത്തിനിടെയുണ്ടായ സംഘർഷത്തിൽ യുഡിഎഫിന്റെ വനിതാ സ്ഥാനാർത്ഥിക്കു മർദ്ദനമേറ്റു. മർദ്ദനമേറ്റ കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥി പ്രഫ. റോസമ്മ സോണിയെ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൽഡിഎഫ് മർദനത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് ഇന്ന് അതിരമ്പുഴ പഞ്ചായത്തിൽ കരിദിനം ആചരിക്കും.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ അതിരമ്പുഴ ചന്തയ്ക്കു സമീപമായിരുന്നു സംഘർഷം. ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിൽ കേരള കോൺഗ്രസ് (എം) ജോസ്, ജോസഫ് വിഭാഗങ്ങൾ തമ്മിലാണ് മത്സരം. ജോസഫ് വിഭാഗത്തിലെ പ്രഫ. റോസമ്മ സോണിയും ജോസ് വിഭാഗത്തിലെ ബിന്ദു ബൈജു മാതിരമ്പുഴയുമാണ് സ്ഥാനാർത്ഥികൾ. ഇരു മുന്നണികളുടേയും സമാപന സമ്മേളന പര്യടനം ഒരേ സ്ഥലത്ത് ഒരുമിച്ച് എത്തിയതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. ഇരു മുന്നണികളും ഒരേ സ്ഥലത്ത് ഒരുമിച്ച് എത്തിയപ്പോൾ വൻ ഗതാഗത കുരുക്ക് ഉണ്ടാവുകയും വാക്കേറ്റം കയ്യാങ്കളിലിയേക്ക് നീങ്ങുകയുമായിരുന്നു,
ഇടതുമുന്നണി സ്ഥാനാർത്ഥിയുടെ പ്രകടനമാണ് ആദ്യം അതിരമ്പുഴ ചന്തയിൽ എത്തിയത്. പര്യടനത്തിന്റെ സമാപന സമ്മേളനത്തിൽ തോമസ് ചാഴികാടൻ എംപി പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഫ. റോസമ്മ സോണിയുടെ പര്യടനവും ഇതേ സ്ഥലത്ത് എത്തി. അതോടെ ജംക്ഷനിൽ ഗതാഗതക്കുരുക്കായി. ഇതിനിടെ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ തർക്കവും ബലപ്രയോഗവും തുടങ്ങി. ഇതിനിടെയാണ് പ്രഫ. റോസമ്മയ്ക്കു മർദനമേറ്റത്.
അതേസമയം പ്രസംഗിക്കാനൊരുങ്ങിയ പ്രഫ. റോസമ്മ സോണിയെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ഭർത്താവ് ബൈജു മാതിരമ്പുഴയുടെ നേതൃത്വത്തിൽ മർദിച്ചുവെന്ന് റോസമ്മയുടെ ഭർത്താവ് കേരള കോൺഗ്രസ് എം (ജോസഫ്) സ്റ്റിയറിങ് കമ്മിറ്റി അംഗം ടി.വി.സോണി പറഞ്ഞു. പരുക്കേറ്റ റോസമ്മയെ ആശുപത്രിയിൽ എത്തിക്കാൻ പോലും സ്ഥലത്തുണ്ടായിരുന്ന പൊലീസ് തയാറായില്ലെന്നും സോണി ആരോപിച്ചു.
പ്രഫ. റോസമ്മ സോണിയെ ആരും മർദിച്ചതല്ലെന്നും പ്രവർത്തകർ തമ്മിലുണ്ടായ ഉന്തിനും തള്ളിനുമിടെ ആരുടെയോ കൈകൊണ്ടു പരുക്കേറ്റതാണെന്നും തോമസ് ചാഴികാടൻ എംപി പറഞ്ഞു. എൽഡിഎഫ് യോഗം അലങ്കോലപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ നടപടി എടുക്കണമെന്നും ചാഴികാടൻ ആവശ്യപ്പെട്ടു. സംഘർഷത്തിനിടെ ദീപിക ഫോട്ടോഗ്രാഫർ ടോജോ പി. ആന്റണിയെ ഒരുവിഭാഗം പ്രവർത്തകർ കയ്യേറ്റം ചെയ്തു. സംഘർഷത്തിൽ ഇരു വിഭാഗത്തിനുമെതിരെ പൊലീസ് കേസെടുത്തു.