പോത്തൻകോട്: 'എന്റെ കൈവിടെട, വോട്ട് ഞാൻ ചെയ്‌തോളാം'. വോട്ട് ചെയ്യിക്കാൻ ഒപ്പമെത്തിയ ബന്ധുവായ യുവാവിന് നേരെ ആക്രോശിച്ച് വയോധികൻ. ഇതോടെ ബൂത്തിലുണ്ടായിരുന്നവരും യുവാവും ഒരു പോലെ ഞെട്ടി. പോത്തൻകോട് വാവറയമ്പലം വാർഡിൽ തച്ചപ്പള്ളി എൽപി സ്‌കൂളിലെ ഒന്നാം നമ്പർ ബൂത്തിൽ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. എള്ളുവിള സ്വദേശി നടരാജനെ (68) വോട്ട് ചെയ്യാനെത്തിയപ്പോഴാണ് സംഭവം.

നടരാജനൊപ്പം സഹായിയായി ബന്ധുവായ യുവാവ് എത്തിയിരുന്നു. നടരാജൻ വോട്ടുചെയ്തതാകട്ടെ യുവാവിന്റെ എതിർ കക്ഷിക്ക്. ഇത് കണ്ട് ക്ഷമ നശിച്ച യുവാവ് സഹിക്കാൻ കഴിയാതെ നടരാജന്റെ കൈ പിടിച്ചുമാറ്റി ബാക്കി വോട്ട് സ്വന്തം കക്ഷിക്കിട്ടു. വോട്ടു ചെയ്യാൻ തന്നെ അനുവദിക്കാത്തതിലും കൈവേദനിച്ചതിനാലുമാണ് നടരാജന്റെ ശബ്ദം ഉയർന്നത്. ബൂത്തിൽ കിടന്ന് വയോധികൻ യുവാവിന് നേരെ ഒച്ച വെച്ചു. ഇതോടെ പാർട്ടിക്കാരും കാര്യം തിരക്കി എത്തി.

വിവരം മറ്റു പാർട്ടിക്കാർ അറിഞ്ഞതോടെ വോട്ടിങ് നിർത്തിവച്ചു. വാക്കേറ്റവുമുണ്ടായി. കാര്യത്തിൽ തീർപ്പുണ്ടാക്കിയിട്ടു വോട്ടിങ് നടത്തിയാൽ മതി എന്നു പ്രവർത്തകർ വാശിപിടിച്ചു. സംഭവം ഗൗരവമായതോടെ യുവാവ് ഓടി രക്ഷപ്പെട്ടു. ഇതിനിടെ ബൂത്തിനു പുറത്തുണ്ടായിരുന്ന കെപിസിസി സെക്രട്ടറി വിനോദ് കൃഷ്ണ വിവരം പൊലീസിനെയും കലക്ടറെയും ഫോണിൽ അറിയിച്ചു.

സ്ഥലത്തെത്തിയ പോത്തൻകോട് എസ്എച്ച്ഒ ഡി. ഗോപിക്ക് നടന്ന സംഭവങ്ങൾ വിവരിച്ച് പ്രിസൈഡിങ് ഓഫിസർ പരാതി നൽകിക്കഴിഞ്ഞാണ് വോട്ടിങ് പുനരാരംഭിച്ചത്. പോത്തൻകോട് പൊലീസ് ഇപ്പോൾ യുവാവിനെ തപ്പി നടക്കുകയാണ്.

മരുമകളെ തട്ടിയിട്ട് 80കാരിയുടെ വോട്ട് രേഖപ്പെടുത്തി യുവാവ്
നെടുമങ്ങാട് മരുമകളെ തട്ടിയിട്ട് 80കാരിയുടെ വോട്ട് രേഖപ്പെടുത്തിയത് ഓടിക്കയറിയ യുവാവ്. വോട്ട് രേഖപ്പെടുത്താൻ ബൂത്തിലെത്തിയ 80 വയസ്സുകാരിയുടെ ഒപ്പമുണ്ടായിരുന്ന മരുമകളെ ഓടിക്കയറിയെത്തിയ യുവാവ് തള്ളിമാറ്റി വോട്ട് രേഖപ്പെടുത്തി. ഇതോടെ നെടുമങ്ങാട് നഗരസഭ പത്താംകല്ല് വാർഡിലെ വിഐപി ബൂത്തിൽ വോട്ടെടുപ്പ് ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. യുഡിഎഫ് പോളിങ് ഏജന്റ് പരാതി നൽകി.