- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബ്രെക്സിറ്റ് വ്യാപാര കരാറിന്റെ അവസാന സാധ്യത തുറന്ന് യൂറോപ്യൻ യൂണിയൻ; പിടിവാശിയിൽ അയവ് വന്നതോടെ ബ്രസ്സൽസിലേക്ക് പറന്ന് ബോറിസ് ജോൺസൺ; ബ്രിറ്റനും യൂറോപ്യൻ യൂണിയനും വേർപിരിയുന്നത് എങ്ങനെയെന്ന് രണ്ട് ദിവസത്തിനകം വ്യക്തമാകും
യൂറോപ്യൻ യൂണിയനുമായി ബ്രെക്സിറ്റിനു ശേഷമുള്ള വ്യാപാരകരാറുകൾക്ക് സാധ്യതവർദ്ധിച്ചതോടെ ബോറിസ് ജോൺസൺ ഇന്ന് ബ്രസ്സൽസിലേക്ക് യാത്രയാവുകയാണ്. യൂറോപ്യൻ യൂണീയൻ പ്രസിഡണ്ട് ഉറുസ്വല വോൺ ഡേർ ലെയെനുമൊത്തുള്ള ഒരു അത്താഴ വിരുന്നിൽ പങ്കെടുക്കുന്ന ബോറിസ് ജോൺസൺ, ബ്രിട്ടന് അനുകൂലമായ കരാർ സാധ്യമാക്കും എന്നുതന്നെയാണ് വിശ്വസിക്കുന്നത്.
അവസാന വട്ട ശ്രമം എന്ന നിലയിൽ നോർത്തേൺ അയർലൻഡുമായുള്ള വ്യാപാരവുമായി ബന്ധപ്പെട്ട് വിവാദമായ നിയമം പിൻവലിക്കാമെന്ന് ഇന്നലെ ബോറിസ് ജോൺസൺ അറിയിച്ചിരുന്നു. യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം ഇനിയും തുടരണമെന്ന ബ്രിട്ടന്റെ ആഗ്രഹം വ്യക്തമാക്കുന്ന ഒരു നീക്കമായിരുന്നു അത്. ഈ ഒരു നിയമമായിരുന്നു യൂറോപ്യൻ യൂണിയനുമായുള്ള കരാറിന് വിഘാതമായി നിന്നിരുന്ന ഒരു പ്രധാന ഘടകം.
ഇനിയും അവശേഷിക്കുന്ന തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമൊക്കെ ഇന്നത്തെ ചർച്ചയിൽ പരിഹരിക്കപ്പെടും എന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. ഒരു കരാറുമായി തിരിച്ചെത്താം എന്ന ചിന്തയിലാണ് ബോറിസ് ജോൺസൺ പോയിരിക്കുന്നത് എന്നതല്ലാതെ കൂടുതൽ ഒന്നും തന്നെ ഇതിനെകുറിച്ച് അറിയില്ല എന്നാണ് ഒരു ക്യാബിനറ്റ് മന്ത്രി പറഞ്ഞത്. അല്ലെങ്കിൽ, ഒരുപക്ഷെ ഒരു കരാർ സാധ്യമല്ല എന്ന് ഉറപ്പിച്ചു തന്നെയാകാം അദ്ദേഹം പോയിട്ടുണ്ടാവുക, എല്ലാവരും ഒരു കരാറിനായി ആഗ്രഹിക്കുന്നു എന്നും എന്നാൽ ബ്രിട്ടന്റെ താത്പര്യങ്ങൾ ബലികഴിച്ചുകൊണ്ടൊരു കരാറിനോട് ആർക്കും താത്പര്യമില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, ബ്രിട്ടനുമായി നീക്കുപോക്കുകൾക്ക് തയ്യാറാകുന്നതിൽ നിന്നും യൂറോപ്യൻ യൂണിയനെ പിന്തിരിപ്പിക്കാൻ ഈ വരുന്ന ഉച്ചകോടിയിൽ ഫ്രാൻസ് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ ശ്രമിക്കുമെന്ന സൂചനയും ലഭിക്കുന്നുണ്ട്. ബ്രിട്ടനുമായുള്ള ചർച്ചകളിൽ യൂണിയൻ പ്രതിനിധിയായി പങ്കെടുക്കുന്ന മൈക്കൽ ബാർണിയറെ കഴിഞ്ഞയാഴ്‌ച്ച മാക്രോൺ ഫോണിൽ വിളിച്ച് നിലപാടുകൾ കടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായി ആരോപണം ഉയർന്നിരുന്നു.
അതേസമയം, മത്സ്യബന്ധനം, നിയമവാഴ്‌ച്ച തുടങ്ങിയ കര്യങ്ങളിൽ എങ്ങനെ സമവായം ഉണ്ടാകും എന്നതിനെ ആശ്രയിച്ചിരിക്കും കരാർ ഉണ്ടാകുമോ ഇല്ലയോ എന്നതിന്റെസാധ്യത. സർക്കാർ നൽകുന്ന സബ്സിഡികൾ, തൊഴിലാളികളുടെ അവകാശങ്ങൾ, പരിസ്ഥിതി തുടങ്ങിയ കാര്യങ്ങളിൽ ബ്രിട്ടൻ സ്വന്തമായ നിയമങ്ങളുമായി പോകുമ്പോൾ, ഭാവിയിൽ യൂറോപ്യൻ യൂണീയന്റെ നിബന്ധനകൾ ഇക്കാര്യത്തിൽ അനുസരിക്കണമെന്നാൺ യൂണീയൻ വാശിപിടിക്കുന്നത്. എന്നാൽ, ബ്രിട്ടൻ യൂറോപ്യൻ യൂണിയനിലെ അംഗമല്ലെന്ന കാര്യം ഓർമ്മിപ്പിക്കുകയാണ് ബോറിസ് ജോൺസൺ.
മറുനാടന് മലയാളി ബ്യൂറോ