- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബ്രെക്സിറ്റിൽ ഒരിടത്തുമെത്താതെ ചർച്ച അലസുന്നു; ബ്രിട്ടനെ തളയ്ക്കാൻ കൈകോർക്കുമെന്ന് ജർമ്മനിയും ഫ്രാൻസും; ഇംഗ്ലീഷ് ചാനലിലും ഐറിഷ് കടലിലും തോക്കേന്തിയ നാവിക ബോട്ടുകൾ നിയോഗിച്ചു നേരിടാൻ ബ്രിട്ടൻ
ബ്രെക്സിറ്റിനു ശേഷമുള്ള വ്യാപാര കരാറുകളെകുറിച്ച് ഫോണിൽ സംസാരിക്കണമെന്നുള്ള അഭ്യർത്ഥന ജർമ്മൻ ചാൻസലർ ഏയ്ഞ്ചെലാ മെർക്കലും ഫ്രാൻസ് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണും നിഷേധിച്ചു. ബോറിസ് ജോൺസന്റെ അപേക്ഷ ഈ ലോകനേതാക്കൾ നിരസിച്ച കാര്യം യൂറോപ്യൻ യൂണിയൻ വക്താക്കൾ തന്നെയാണ് പുറത്തുവിട്ടത്. ബ്രിട്ടനിലെ പല ഭരണകക്ഷി എം പിമാരും യൂണിയന്റെ ഇത്തരമൊരു നടപടിയിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
ഫോണിൽ സംസാരിക്കുവാൻ വിസമ്മതിച്ചതുവഴി അവർ ബ്രിട്ടന്റെ പരമാധികാരത്തെയാണ് ചോദ്യംചെയ്തിരിക്കുന്നത് എന്ന് എം പിമാർ കുറ്റപ്പെടുത്തി. ഇത് ബോറിസ് ജോൺസന്റെ മേൽ സമ്മർദ്ദം കൂട്ടുവാനുള്ള തന്ത്രപരമായ സമീപനമാണെന്നും അവർ കുറ്റപ്പെടുത്തി. അതേസമയം, ബ്രെക്സിറ്റിനു ശേഷവും ബ്രിട്ടന്റെ സമുദ്രാതിർത്തിക്കുള്ളിലെ മത്സ്യബന്ധന്നത്തിന് യൂറോപ്യൻ യൂണിയനിൽ നിന്നുള്ള മത്സ്യബന്ധന ബോട്ടുകൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന കാര്യത്തിൽ ഉറച്ചു നിൽക്കുകയാണെന്ന് ഫ്രഞ്ച് പ്രസിഡണ്ട് മാക്രോൺ വ്യക്തമാക്കി.
അതേസമയം ബ്രിട്ടനും നിലപാട് കൂടുതൽ കർക്കശമാക്കുകയാണ്. വ്യാപാരകരാർ ഇല്ലാത്ത വേർപിരിയലാണ് ഉണ്ടാകുന്നതെങ്കിൽ, നാല് നാവിക കപ്പലുകളെ ബ്രിട്ടന്റെ സമുദ്രാതിർത്തിക്കുള്ളിൽ വിന്യസിക്കാൻ തീരുമാനമായിട്ടുണ്ട്. അനധികൃത മത്സ്യബന്ധനം തടയുവാനായി ഈ സായുധക്കപ്പലുകൾ ഇംഗ്ലീഷ് ചാനലിലും അതുപോലെ ഐറിഷ് കടലിലും പട്രോളിങ് നടത്തും. പീരങ്കികളും മെഷീൻ ഗണ്ണുകളും ഉൾപ്പടെയുള്ള ആയുധങ്ങളാണ് ഈ കപ്പലുകളിൽ ഉണ്ടാവുക.
ഈ കപ്പലുകൾക്ക് പുറമേ തീരദേശ നിരീക്ഷണം ശക്തിപ്പെടുത്തുവാൻ വൈൽഡ് ക്യാറ്റ് ആൻഡ് മെർലിൻ ഹെലികോപ്റ്ററുകളേയും സജ്ജമാക്കിയിട്ടുണ്ട്. മാത്രമല്ല, മത്സ്യബന്ധനത്തൊഴിലാളികളുമായി ഏതെങ്കിലും വിധത്തിലുള്ള സംഘട്ടനം ഉണ്ടായാൽ രംഗത്തിറങ്ങാൻ, സൈനികരേയും മാരിടൈം സെക്യുരിറ്റി സെന്ററിൽ തയ്യാറാക്കിയിട്ടുണ്ട്. സമുദ്രതീരം അതിക്രമിച്ചു കിടക്കുന്ന മത്സ്യബന്ധന ബോട്ടുകളെ പിടിച്ചു വയ്ക്കാൻ തന്നെയാണ് നാവിക സേനക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്.
വ്യാപാര കരാറുകൾ ഇല്ലാത്ത വേർപിരിയലിനാണ് സാധ്യത കൂടുതലെന്ന് കഴിഞ്ഞദിവസം ബോറിസ് ജോൺസൺ വ്യക്തമാക്കിയിരുന്നു. എന്നാൽ ഫ്രാൻസ് മത്സ്യബന്ധന വിഷയത്തിൽ അയയുന്നുമില്ല. ഇത് കഴിഞ്ഞ കുറേകാലമായി സമാധാനം നിലനിന്നിരുന്ന യൂറോപ്യൻ ഭൂഖണ്ഡത്തിലും അശാന്തിയുടെ വിത്തുകൾ വിതയ്ക്കുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങളിലേയും മത്സ്യബന്ധന ബോട്ടുകൾ തമ്മിൽ സംഘർഷമുണ്ടാകാനുള്ള സാധ്യത വളരെ വലുതാണെന്ന് ബ്രിട്ടൻ കരുതുന്നു.
ഇതിനായുള്ള മുൻകരുതൽ എന്നനിലയിലാണ് നാല് നാവിക കപ്പലുകൾ സമുദ്രാതിർത്തിക്കുള്ളിൽ വിന്യസിക്കുന്നത്. ഇതിൽ രണ്ടെണ്ണം ബാച്ച് 1 കപ്പലുകളും രണ്ടെണ്ണം ബാച്ച് 2 കപ്പലുകളും ആയിരിക്കും. ഏകദേശം 300 അടി നീളവും 2,000 ടൺ ഭാരവുമുള്ളവയാണ് ഈ കപ്പലുകൾ. ഇതിൽ ബാച്ച് 1 കപ്പലുകളിൽ 20 എം എം പീരങ്കികളും 7.62 എം എം മെഷീൻ ഗണ്ണുകളും ഉണ്ടായിരിക്കും. ബാച്ച് 2 വിൽ 30 എം എം ബുഷ്മാസ്റ്റർ പീരങ്കികളായിരിക്കും ഉണ്ടാവുക.
മറുനാടന് മലയാളി ബ്യൂറോ