യൂറോപ്യൻ യൂണിയനുമായി ബ്രെക്സിറ്റാനന്തര വ്യാപാര കരാറിന്റെ അവസാനവട്ട ചർച്ചകൾ ഇന്ന് അവസാനിക്കാനിരിക്കെ പ്രത്യേക കരാറുകളൊന്നുമില്ലാത്ത വേർപിരിയലായിരിക്കും ഉണ്ടാവുക എന്നത് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.

ഇത്തരമൊരു സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പുകളുടെ പൂർണ്ണ ചുമതല ബോറിസ് ജോൺസൺ ഏറ്റെടുത്തിരിക്കുകയാണ്. ചർച്ചകൾ 80 ശതമാനവും പരാജയപ്പെടുകയാണ്. ജർമ്മൻ ചാൻസലർ ഏയ്ഞ്ചല മെർക്കെലിന്റെ നിർബന്ധ ബുദ്ധിയാണ് ചർച്ചയെ എങ്ങുമെത്തിക്കാത്തതെന്ന ആരോപണം ഉയരുന്നുമുണ്ട്. ഒരു ഒത്തുതീർപ്പിലെത്തുന്നതിന് പകരം ബ്രിട്ടനെ ശിക്ഷിക്കാനാണ് അവർ താത്പര്യം കാണിക്കുന്നതെന്ന് ചില വൃത്തങ്ങൾ സൂചിപ്പിച്ചു.

നിലവിൽ, കരാറുകളില്ലാത്ത വേർപിരിയൽ സമയത്തെ സാഹചര്യങ്ങൾക്കുള്ള തയ്യാറെടുപ്പുകൾക്കായി നിയമിച്ച മൈക്കൽ ഗോവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് പുറമേ ബ്രിട്ടനിൽ ജനുവരി 1 മുതൽ ഭക്ഷണവും മരുന്നുകളും ആവശ്യത്തിനു ലഭ്യമാക്കുവാൻ ബോറിസ് ജോൺസന്റെ നേതൃത്വത്തിലുള്ള ഒരു സൂപ്പർ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. സൈദ്ധാന്തികമായി ചർച്ചകൾ ക്രിസ്ത്മസ്സ് ദിനം വരെ തുടരാമെങ്കിലും, ബ്രെക്സിറ്റുമായി ബന്ധപ്പെട്ട കാര്യത്തിൽ യൂറോപ്യൻ യൂണിയൻ പ്രസിഡണ്ട് ഉറുസ്വല വോൺ ഡേർ ലിയേൻ ഇന്ന് ഉറച്ച ഒരു തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, ഡിസംബർ 31 ന് ബ്രെക്സിറ്റ് നടപടികൾ അവസാനിച്ചുകഴിഞ്ഞാൽ പിന്നെ ഉഭയകക്ഷി ചർച്ചക്ക് തയ്യാറല്ലെന്ന നിലപാടാണ് ബോറിസ് ജോൺസൺ തീരുമാനിച്ചിരിക്കുന്നത്. ചർച്ചകൾ ഇന്നലെയും ഏറെ നടന്നുവെങ്കിലും ഒരു കാര്യത്തിലും തീരുമാനമായിട്ടില്ല. മൂന്നാഴ്‌ച്ച കഴിഞ്ഞാൽ ബ്രിട്ടൻ ഒരു പരാമാധികാര രാഷ്ട്രമായി മാറുകയാണെന്ന ബോധത്തോടെയുള്ള ചർച്ചകൾക്ക് മാത്രമേ തയ്യാറുള്ളു എന്നാണ്‌ബോറിസ് ജോൺസൺ സംശയത്തിന് ഇടനൽകാത്തവിധത്തിൽ അറിയിച്ചിരിക്കുന്നത്. അത്തരമൊരു കരാറിന് മാത്രമേ ബ്രിട്ടൻ വഴങ്ങൂ എന്നും ബോറിസ് വ്യക്തമാക്കി.

ബ്രിട്ടന്റെ സമുദ്രാതിർത്തിക്കുള്ളിലെ മത്സ്യബന്ധനത്തെ ചൊല്ലിയുള്ള തർക്കവും ബ്രിട്ടനെ യൂറോപ്യൻ യൂണിയന്റെ ഭാവി വ്യവസ്ഥകളുമായി ബന്ധിപ്പിക്കുന്ന നിയമനടപടികളെ സംബന്ധിച്ച തർക്കവുമാണ് പ്രധാനമായും ഒരു കാരാറിൽ എത്തുന്നതിന് വിഘാതമാകുന്നത്. അതേസമയം, ഇരുകക്ഷികളും തമ്മിൽ ഭാവിയിൽ ഉണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കുവാൻ ഒരു പ്രാത്യേക സംവിധാനത്തിന് രൂപം നൽകാൻ അവസാന നിമിഷം ഇരുകൂട്ടരും തയ്യാറാകുമെന്നാണ് പ്രതീക്ഷ. ചർച്ചകളിൽ ഉടനീളം ബോറിസ് ജോൺസൺ വളരെ ശക്തമായ നിലപാടാണ് സ്വീകരിച്ചതെന്ന് ചർച്ചകളിൽ പങ്കെടുത്ത ഒരു മന്ത്രി അറിയിച്ചു. അതേസമയം കരാറില്ലാത്തെ വേർപിരിയൽ സാഹചര്യത്തിലുണ്ടായേക്കാവുന്ന സാമ്പത്തിക പ്രതിസന്ധികളെ കുറിച്ച് വ്യാകുലനായിരുന്നു ചൻസലർ ഋഷി സുനാക്.

ഭരണകക്ഷി അനുഭാവികൾ, ഒരുകാരണവശാലും യൂറോപ്യൻ യൂണിയൻ അടിച്ചേൽപ്പിക്കുന്ന കരാറിൽ ഒപ്പിടരുതെന്ന പക്ഷക്കാരാണ്. ചർച്ചകൾ തുടരാനായി ബ്രെക്സിറ്റിന്റെ കാലാവധി നീട്ടിയേക്കും എന്ന വാർത്തകളോട് പ്രതികരിച്ചുകൊണ്ടവർ പറഞ്ഞത് അത് അവർ ഒരിക്കലും ആഗ്രഹിക്കുന്നില്ല എന്നാണ്. 80 സീറ്റിന്റെ ഭൂരിപക്ഷം ബോറിസ് ജോൺസന് ലഭിക്കാൻ കാരണം ജനങ്ങൾ ബ്രെക്സിറ്റ് ആഗ്രഹിച്ചതുകൊണ്ടായിരുന്നു എന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

യൂറോപ്യൻ യൂണിയനുമായി പ്രത്യേക കരാറുകൾ ഒന്നും തന്നെ ഉണ്ടാക്കിയില്ലെങ്കിലും പ്രശ്നമില്ല എന്ന പക്ഷക്കാരാണ് ഭൂരിപക്ഷം ടോറി അനുഭാവികളും.