കോവിഡിന്റെ ഒന്നാം വരവിൽ, ദുരിതങ്ങളേറെ ഏറ്റുവാങ്ങിയ ഇറ്റലി, രണ്ടാം വരവിലും അതിജീവനത്തിനായി പൊരുതുകയാണ്. ഇന്നലെ ഇറ്റലിയിലെ കോവിഡ് മരണങ്ങൾ 64,000 കടന്നതോടെ ഏറ്റവുമധികം ആളുകൾ കോവിഡ് ബാധിച്ചു മരിച്ച യൂറോപ്യൻ രാജ്യം എന്നസ്ഥാനം ബ്രിട്ടനിൽ നിന്നും വീണ്ടും ഇറ്റലിയിലെത്തി. കോവിഡിന്റെ രണ്ടാം വരവിനെ പ്രതിരോധിക്കുവാൻ തികച്ചും അപക്വമായ നടപടികളായിരുന്നു ഇറ്റാലിയൻ സർക്കാർ കൈക്കൊണ്ടതെന്ന ആരോപണമുയരുമ്പോൾ ആരോഗ്യ സംവിധാനങ്ങൾ ആകെ താറുമാറായ സ്ഥിതിയിലാണ്. മാത്രമല്ല, നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ സർക്കാർ എടുത്ത കാലതാമസവുംകാര്യങ്ങൾ കൂടുതൽ വഷളാക്കി.

ഇന്നലെ 649 പേരാണ് ഇറ്റലിയിൽ കോവിഡ് മൂലം മരണമടഞ്ഞത്. തൊട്ടു മുൻപത്തെ ദിവസം ഇത് 761 ആയിരുന്നു. ഇതോടെയാണ് ഇറ്റലിയിൽ മരണസംഖ്യ ബ്രിട്ടനേക്കാൾ ഉയർന്നത്. ബ്രിട്ടനേക്കാൾ 6 ദശലക്ഷം ജനസംഖ്യ കുറവാണ് ഇറ്റലിയിൽ എന്നതോർക്കണം. കോവിഡ് മരണസംഖ്യയിൽ ഇറ്റലിക്ക് മുന്നിലുള്ള അമേരിക്ക, ബ്രസീൽ, ഇന്ത്യ, മെക്സിക്കോ എന്നീ രാജ്യങ്ങളെല്ലാം തന്നെ ഇറ്റലിയേക്കാൾ വലിയ ജനസംഖ്യയുള്ള രാജ്യങ്ങളുമാണ്. നവംബർ മദ്ധ്യത്തോടെ പ്രതിദിനം ശരാശരി 600 മരണങ്ങളാണ് ഇറ്റലിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതേസമയം ബ്രിട്ടന്റെ പ്രതിദിന മരണസംഖ്യ ശരാശരി 400 ആണ്.

രണ്ടാം വരവിൽ മറ്റൊരു ലോക്ക്ഡൗൺ ഒഴിവാക്കുവാനായി ഇറ്റാലിയൻ പ്രധാനമന്ത്രി ഗുസപ്പെ കോൺടെ എടുത്ത തീരുമാനം തെറ്റായിരുന്നു എന്നാണ് ഇറ്റലിയിലെ വർത്തമാനകാല സാഹചര്യം തെളിയിക്കുന്നത്. അതിനു പകരമായി ഇറ്റാലിയൻ മോഡലിലുള്ള ഒരു ത്രീ ടയർ നിയന്ത്രണ സംവിധാനമായിരുന്നു നടപ്പാക്കിയത്. ഇതിൽ പ്രധാനമായും ഉണ്ടായിരുന്നത് യാത്രാ നിയന്ത്രണങ്ങൾ മാത്രമായിരുന്നു താനും. രാത്രി പത്ത് മണിക്ക് ശേഷം കർഫ്യൂവും ഉണ്ടായിരുന്നു. എന്നാൽ, ഇതൊന്നും ഫലവത്തായില്ല എന്നതാണ് യാഥാർത്ഥ്യം.

അതിനിടയിൽ, ഇംപീരിയൽ കോളേജ് ലണ്ടനിൽ നിന്നും അവധിയെടുത്ത് തന്റെ രാജ്യത്തെ സഹായിക്കുവാനായി എത്തിയ പ്രശസ്ത ഇറ്റാലിയൻ മൈക്രോബയോളജിസ്റ്റ് ആൻഡ്രിയ ക്രിസാന്തി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.ഇറ്റലിയിൽ കൊറോണയുടെ ആദ്യ വരവ് നിർഭാഗ്യമായിരുന്നു. എന്നാൽ, 25,000 ൽ ഏറെപ്പേർ മരണപ്പെട്ട രണ്ടാം വരവ് ഒരിക്കലും മാപ്പർഹിക്കാത്ത തെറ്റാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. തീർത്തും അപക്വമായ സമീപനവും മോശം ഭരണനിർവഹണവുമാണ് ഇതിനു കാരണമായതെന്നും അദ്ദേഹം പറയുന്നു.

പശ്ചിമാർദ്ധഗോളത്തിൽ കോവിഡ്-19 ആദ്യമായി തന്റെ താണ്ഡവം തുടങ്ങിയത് ഇറ്റലിയിലായിരുന്നു. അന്ന് തീരെ ദുരിതത്തിലാഴ്ന്ന ഇറ്റലി പിന്നീട് രോഗവ്യാപനം നിയന്ത്രണാധീനമാക്കി. എന്നാൽ, രണ്ടാം വരവിൽ കൊറോണ ഇറ്റലിയിലെത്തിയത് വളരെ താമസിച്ചാണ്. സ്പെയിൻ, ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിൽ താണ്ഡവം ആരംഭിച്ചശേഷമാണ് രണ്ടാം തവണ ഈ വൈറസ് ഇറ്റലിയിലെത്തുന്നത്. അതായത്, ഇറ്റലിക്ക് രണ്ടാം വരവിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കുവാനും, പ്രതിരോധിക്കുവാനും ആവശ്യത്തിനുള്ള സമയവും അനുഭവസമ്പത്തും ഉണ്ടായിരുന്നു. എന്നിട്ടും ഇറ്റലിയിൽ സെപ്റ്റംബർ 1 മുതൽ 28,000 പേർ ഇവിടെ കോവിഡ് ബാധിച്ചു മരിച്ചു.

അതേസമയം യൂറോപ്യൻ ഫാർമസ്യുട്ടിക്കൽ ഏജൻസിയുടെ മുൻ എക്സിക്യുട്ടീവ് ഡയറക്ടറായ ഗൈഡോ റാസി പറയുന്നത്, ഇറ്റലിയിൽ പ്രായമായവരുടെ എണ്ണം അധികമായതിനാലാണ് മരണം കൂടുതൽ സംഭവിക്കുന്നത് എന്നായിരുന്നു. ലോകത്തിൽ ജനസംഖ്യാനുപാതികമായിപ്രായമായവർ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്താണ് ഇറ്റലി. ജപ്പാനാണ് ഇക്കാര്യത്തിൽ ഒന്നാം സ്ഥാനത്തുള്ളത്. പ്രായമായവരെയാണ് കോവിഡ് ഗുരുതരമായി ബാധിക്കുക എന്നത് ഒരു സത്യവുമാൺ'. ഇറ്റലിയിൽ, കോവിഡ് മൂലം മരണപ്പെട്ടവരുടെ ശരാശരി പ്രായം 80 ന് അടുത്താണെന്നതും ഈ വാദത്തിന് വിശ്വാസ്യതയേകുന്നു.

മരണനിരക്ക് പിടിച്ചുകെട്ടി ജർമ്മനി

വെള്ളിയാഴ്‌ച്ച 598 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും ജർമ്മനിയിൽ ഇതുവരെയുള്ള മരണസംഖ്യ 21,000 മാത്രമാണ്. ദീർഘകാലയളവിൽ, ജർമ്മനി ആരോഗ്യമേഖലയിൽ നടത്തിയ ഉയർന്ന പ്രതിശീർഷ നിക്ഷേപം ജർമ്മനിയിലെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളേയും പരിശോധന സംവിധാനങ്ങളേയും വളരെയേറെ മെച്ചപ്പെടുവാൻ സഹായിച്ചു. ഇതാണ് ഇവിടെ രോഗവ്യാപനം ശക്തിപ്രാപിക്കുമ്പോഴും മരണനിരക്ക് കുറഞ്ഞിരിക്കാൻ കാരണം. ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ ഡോക്ടർമാരുടെയും നഴ്സുമാരുടെയും എണ്ണത്തിലും ജർമ്മനി ഏറെ മുന്നിലാണ്. മാതവുമല്ല, രണ്ടാം വരവിൽ, വളരെ നേരത്തേതന്നെ ജർമ്മനി ലോക്ക്ഡൗൺ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

ആരോഗ്യപ്രവർത്തകർ കൂട്ടത്തോടെ രാജിവച്ച് ഒഴിയുന്ന സ്വീഡൻ

കോവിഡ് കാലത്ത് മറ്റൊരു രാജ്യവും അഭിമുഖീകരിക്കാത്ത ഭീകരമായ ഒരു അവസ്ഥയാണ് സ്വീഡൻ അഭിമുഖീകരിക്കുന്നത്. ഏറ്റവും ആവശ്യമായ സമയത്ത് ജോലി രാജിവച്ച് പോകുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണം വർദ്ധിക്കുന്നതാണ് സ്വീഡനെ ആശങ്കയിലാഴ്‌ത്തുന്നത്. മാർച്ചിൽ, കോവിഡിന്റെ ആദ്യ വരവിനു മുൻപ് തന്നെ സ്വീഡനിൽ സ്പെഷ്യലിസ്റ്റ് നഴ്സുമാരുടെ, പ്രത്യേകിച്ച് ഐ സി യു വിൽ അനുഭവസമ്പത്തുള്ളവരുടേ കുറവുണ്ടായിരുന്നു.

ഈ ആഴ്‌ച്ച സ്റ്റോക്ക്ഹോമിലെ ഇന്റൻസീവ് കെയർ കപ്പാസിറ്റി 99 ശതമാനം നിറഞ്ഞു. ഇനിയുമധികം ഐ സി യു സംവിധാനങ്ങൾ ഒരുക്കുവാൻ കഴിയും പക്ഷെ സ്വീഡനെ വലയ്ക്കുന്നത് ആവശ്യത്തിന്, ആരോഗ്യപ്രവർത്തകർ ഇല്ലാത്തതാണ്. കോവിഡ് കാലത്ത് ജനങ്ങൾ ആരോഗ്യ പ്രവർത്തകരെ, പ്രത്യേകിച്ച് നഴ്സുമാരെ വളരെ ബഹുമാനത്തോടെത്തന്നെയാണ് നോക്കുന്നത് പക്ഷെ വിശ്രമമില്ലാത്ത ജീവിതം അവരെ തകർക്കുകയാണെന്നാണ് നഴ്സസ് യൂണിയൻ വക്താവ് പറയുന്നത്. ഒരു വർഷം മുൻപ് മുതൽ തന്നെ ആരോഗ്യ രംഗത്തെ കൊഴിഞ്ഞുപോക്ക് ആരംഭിച്ചിരുന്നു എന്നാണ് ഒരു സർവ്വേയിൽ തെളിഞ്ഞത്. പ്രതിമാസം 500 പേർ വീതമെങ്കിലും ഈ മേഖല ഉപേക്ഷിക്കുന്നതായി കണ്ടെത്തിയിരുന്നു.