ബ്രിട്ടൻ ഉൾപ്പടെയുള്ള പല പ്രധാന രാജ്യങ്ങളിലും തന്ത്രപ്രധാനമായ സ്ഥാനങ്ങളിൽ ചൈനീസ് പൗരന്മാർ കയറിപ്പറ്റിയതായി റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. ഇവരിൽ പലരും ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടി അംഗത്വമുള്ളവരാണ് എന്നതാണ് കൂടുതൽ ഞെട്ടിക്കുന്ന വസ്തുത. വിവിധ കോൺസുലേറ്റുകൾ, യൂണിവേഴ്സിറ്റികൾ, സ്വകാര്യ മേഖലയിൽ ചില വമ്പൻ കമ്പനികൾ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള സ്ഥാപനങ്ങളിലാണ് ഇവർ പ്രധാനമായും ജോലി ചെയ്യുന്നത്.

ഈയിടെ ചോർന്നുകിട്ടിയ, ഏകദേശം 1.95 ദശലക്ഷം കമ്മ്യുണിസ്റ്റ് പാർട്ടി അംഗങ്ങളെ കുറിച്ചുള്ള ഒരു വിവരശേഖരമാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്താക്കിയത്. ഇതനുസരിച്ച്, ബ്രിട്ടനിലെ എല്ലാ തലങ്ങളിലും അഭൂതപൂർവ്വമായ സ്വാധീനമാണ് ഈ ചൈനീസ് പൗരന്മാർക്ക് ഉള്ളത്. പ്രതിരോധ രംഗത്തെ ഉദ്പാദന കമ്പനികൾ, ബാങ്കുകൾ, ഫാർമസ്യുട്ടിക്കൽ കമ്പനികൾ എന്നുതുടങ്ങി മിക്കയിടങ്ങളിലും ഇവരുടെ സാന്നിദ്ധ്യമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയോട് ആത്യന്തികമായ വിധേയത്വം പ്രകടിപ്പിക്കുന്ന ഇത്തരത്തിലുള്ള പാർട്ടി അംഗങ്ങളായ ചില ചൈനീസ് പൗരന്മാർ, വിവിധ ബ്രിട്ടീഷ് കോൺസുലേറ്റുകളിലും ജോലിക്ക് കയറിയിട്ടുണ്ട്.

ഷാങ്ങ്ഹായിയിലെ ബ്രിട്ടീഷ് കോൺസുലേറ്റിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഇതിന് ഉദാഹരണമാണ്. ബ്രിട്ടനിൽ നിന്നുള്ള രഹസ്യാന്വേഷണ വിഭാഗവും ഇതേ ഓഫീസ് ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത് എന്നത് ബ്രിട്ടന്റെ സുരക്ഷയെ എത്രമാത്രം ബാധിക്കുമെന്നത് ആലോചിക്കാനുള്ളതേയുള്ളു. ബ്രിട്ടനിൽ മാത്രമായി ഒതുങ്ങുന്നില്ല ഇവരുടെ സാന്നിദ്ധ്യം എന്നതാണ് മറ്റൊരു വസ്തുത. ലോകത്തെ പ്രധാന രാജ്യങ്ങളിലെല്ലാം തന്നെ ചൈന ഇത്തരത്തിലൊരു വലയം ഉണ്ടാക്കിയെടുത്തിട്ടുണ്ട്.

ആഗോളവത്കരണത്തിലൂടെ സ്വകാര്യമേഖലയുടെ സ്വാധീനം കൂടുതൽ കൂടുതൽ തലങ്ങളിലേക്ക് വ്യാപിക്കുമ്പോൾ, ഈ മേഖലയിലെ തന്ത്രപ്രധാനമായ സ്ഥാനങ്ങളിൽ തങ്ങളുടേ ചാരന്മാരെ കയറ്റി പുതിയ രൂപത്തിലുള്ള ചാരപ്രവർത്തനമാണ് ചൈന ലക്ഷ്യമിടുന്നത്. അതേസമയം, ചൈനാക്കാരനായി തുടരുമ്പോൾ ജീവിതാഭിവൃദ്ധി കൈവരിക്കാനായാണ് പലരും പാർട്ടി അംഗത്വം എടുക്കുന്നതെന്നും ഇവരാരും ചാരപ്രവർത്തനം നടത്തിയതായി തെളിഞ്ഞിട്ടില്ല എന്നൊരു വാദവും ഉയരുന്നുണ്ട്. ഏതായാലും ഈ വാർത്ത ബ്രിട്ടൻ ഗൗരവകരമായി എടുക്കുകയാണ് അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ഇതിനെ കുറിച്ച് ചോദിക്കുമെന്ന് 30 എം പിമാരുടെ ഒരു കൂട്ടായ്മ പറഞ്ഞു.

ലോകത്തിലെ സുപ്രധാന ബഹുരാഷ്ട്ര കമ്പനികളിലെ മുതിർന്ന ഉദ്യോഗസ്ഥരായാണ് ഇവരിൽ പലരും പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസ രംഗത്തും ഇവരുടെ സാന്നിദ്ധ്യമുണ്ട്. ടെലെഗ്രാം ആപ്പിൽ ഉണ്ടായിരുന്ന വിവരങ്ങൾ കഴിഞ്ഞ സെപ്റ്റംബറിൽ ഒരു ചൈനീസ് വിമതൻ ഇന്റർ പാർലമെന്ററി അലയൻസ് ഓൺ ചൈനയ്ക്ക് കൈമാറുകയായിരുന്നു. ചൈനീസ് സർക്കാരിന്റെ നടപടികളെ സംശയത്തോടെ വീക്ഷിക്കുന്ന 150 ൽ അധികം രാജ്യങ്ങളിലെ പാർലമെന്റംഗങ്ങളുടെ ഒരു സംഘടനയാണ് ഐ പി എ സി.