പ്രത്യേക വ്യാപാര കരാർ ഇല്ലാതെ യൂറോപ്യൻ യൂണിയനിൽ നിന്നും പിരിയേണ്ടിവരുന്ന ഒരു അവസ്ഥ ഉണ്ടായാൽ പോലും ബ്രിട്ടന് കാര്യമായ ക്ഷതമേൽക്കില്ലെന്നാണ് കണക്കാക്കുന്നത്. 57 രാജ്യങ്ങളുമായി ബ്രിട്ടൻ ഇപ്പോൾ തന്നെ വിവിധ കരാറുകൾ ഉണ്ടാക്കിക്കഴിഞ്ഞിരിക്കുന്നു. പ്രതിവർഷം 193 ബില്ല്യൺ പൗണ്ട് മൂല്യം ഈ കരാറുകൾക്കൊക്കെ കൂടിയുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നത്.

യൂറോപ്യൻ യൂണിയൻ, കടുത്ത നിബന്ധനകളുമായി എത്തി ഒരു കരാറിന്റെ സാധ്യത ഇല്ലാതെയാക്കുന്ന നേരത്താണ് ബ്രിട്ടീഷ് ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറി ലിസ് ട്രസ്സ് അമ്പത്തിയേഴാമത്തെ രാജ്യവുമായുള്ള കരാർ ഒപ്പുവയ്ക്കുന്നത്. ലോകത്തിൽ മറ്റൊരു രാജ്യവും ഇത്ര കുറഞ്ഞകാലയളവിൽ ഇത്രയധികം രാജ്യങ്ങളുമായി വ്യാപാര കരാറിൽ ഒപ്പുവച്ചിട്ടില്ല.

ഇക്കഴിഞ്ഞ വ്യാഴാഴ്‌ച്ച സിംഗപ്പൂരുമായും വെള്ളിയാഴ്‌ച്ച വിയറ്റ്നാമുമായുമാണ് കരാർ ഒപ്പുവച്ചത്. ഇതോടെ ലോകത്തിലെ തന്നെ അതിസമർത്ഥയായ വാണിജ്യകാര്യമന്ത്രി എന്ന പദവിയാണ് ലിസിനെ തേടിയെത്തുന്നത്. യൂറോപ്പിന് പുറത്തും ബ്രിട്ടന് വളരുവാൻ ഏറെ ഇടങ്ങളുണ്ടെന്ന് യൂറോപ്യൻ യൂണിയന് മനസ്സിലാക്കിക്കൊടുത്തു എന്നാണ് ഈ അപൂർവ്വ നേട്ടത്തെ കുറിച്ച് ലിസ് ട്രസ്സിന്റെ ഒരു സഹായി പറഞ്ഞത്.

ഇതിൽ മിക്ക കരാറുകളും അതാത് രാജ്യങ്ങൾ യൂറോപ്യൻ യൂണിയനുമായി നേരത്തേ ഉണ്ടാക്കിയ കരാറിന്റെ തുടർച്ചയാണെങ്കിൽ ചില രാജ്യങ്ങളുമായുള്ള കരാർ ബ്രിട്ടന് വേണ്ടി പ്രത്യേകം രൂപകല്പന ചെയ്തവയാണ്. ഇതിലൊന്നാണ് ജപ്പാനുമായുള്ള കരാർ. ഇതോടെ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായ ബ്രിട്ടൻ ലോകത്തിലെ ഏറ്റവും വേഗതയിൽ വളരുന്ന വാണിജ്യ ബ്ലോക്കായാ ട്രാൻസ് പസഫിക് പാർട്ണർഷിപ്പിൽ പങ്കാളിയാവുകയാണ്. ജപ്പാൻ, വിയറ്റ്നാം, സിംഗപ്പൂർ എന്നീ മൂന്നു രാജ്യങ്ങളുമായുള്ളകരാർ മാത്രം 53 ബില്ല്യൺ പൗണ്ടിന്റെതാണ്.

പുതിയ കരാറുകൾ വാണിജ്യ സാധ്യതകൾ വർദ്ധിപ്പിക്കും എന്നുമാത്രമല്ലബ്രിട്ടീഷ് വ്യവസായ മേഖലയ്ക്ക് പുതിയൊരു ഉണർവ് നൽകുകയും ചെയ്യും. ഏഷ്യാ, പസഫിക്, അമേരിക്കൻ മേഖലകളിലെ വാണിജ്യ ശൃംഖലയിലെ ഒരു പ്രധാന കണ്ണിയായി ബ്രിട്ടനെ മാറ്റുക എന്നതാണ് ഉദ്ദേശ്യമെന്ന് ലിസ് പറയുന്നു. അതിനിടയിൽ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ടുമാറുമ്പോൾ ലഭിക്കുന്ന വാണിജ്യ സ്വാതന്ത്ര്യം ഉപയോഗിച്ച് അമേരിക്കയുമായുള്ള വ്യാപാരബന്ധം വിപുലപ്പെടുത്താനും ബ്രിട്ടൻ ശ്രമിക്കുന്നുണ്ട്. ഇതിനു മുന്നോടിയായി അമേരിക്കയിൽ നിന്നുള്ള ഉദ്പന്നങ്ങൾക്ക് ചുമത്തിയിരുന്ന പണിഷ്മെന്റ് ടാരിഫ് ബ്രിട്ടൻ ഏകപക്ഷീയമായി പിൻവലിക്കും.

ഇത് അമേരിക്കയുമായി ഒരു വ്യാപാരകരാർ ഉണ്ടാക്കുവാനുള്ള തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്. ഇതിനോട് അമേരിക്ക അനുകൂലമായി പ്രതികരിച്ചില്ലെങ്കിൽ വീണ്ടും ടാരിഫ് ചുമത്തുന്നത് തുടർന്നേക്കും. അതേസമയം, ലോകത്തിലെ തന്നെ നാലാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യയുമായും വ്യാപാരകരാറിന് ബ്രിട്ടൻ ശ്രമിക്കുന്നുണ്ട്. ഇരുകൂട്ടർക്കും ഉപയോഗപ്രദമായേക്കാവുന്ന ഈ കരാർ ഉടനെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.