റബ് ലീഗിലെ അംഗമായ മൊറോക്കോ ഇസ്രയേലുമായി പൂർണ്ണതോതിലുള്ള നയതന്ത്രബന്ധം ആരംഭിക്കുവാൻ സമ്മതിച്ചു. അമേരിക്കൻ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ഇരു രാഷ്ട്രങ്ങളും നയതന്ത്രബന്ധം സ്ഥാപിക്കാൻ തീരുമാനിച്ചത്.

ഇതോടെ അടുത്ത കാലത്തായി ഇസ്രയേലുമായി ബന്ധം സ്ഥാപിച്ച നാലാമത്തെ അറബ് ഭൂരിപക്ഷ രാജ്യമായി മാറുകയാണ് മൊറോക്കോ. ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുമെന്ന് മാസങ്ങൾക്ക് മുൻപേ സൂചനയുണ്ടായിരുന്നെങ്കിലും തങ്ങളുടെ അതിർത്തിയിലെ തർക്കപ്രദേശത്ത് തങ്ങൾക്കുള്ള അവകാശം അമേരിക്ക അംഗീകരിക്കണമെന്ന നിബന്ധന മൊറോക്കോ മുന്നോട്ടുവച്ചിരുന്നു.

തന്റെ ഭരണകാലം അതിന്റെ അന്തിമദിനങ്ങളോടടുക്കുമ്പോൾ പല എതിർപ്പുകളും മറികടന്ന് ട്രംപ് മൊറോക്കോയുടെ ഈ ആവശ്യം അംഗീകരിച്ചതോടെ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം യാഥാർത്ഥ്യമാവുകയായിരുന്നു. മറ്റ് പാശ്ചാത്യ ശക്തികളൊന്നും ഇപ്പോൾ മൊറോക്കൻ അധിനിവേശത്തിലുള്ള പശ്ചിമ സഹാറ പ്രദേശം മൊറോക്കോയുടേതാണെന്ന് അംഗീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ കഴിഞ്ഞ 40 വർഷമായി അമേരിക്ക പിന്തുടരുന്ന നിലപാടാണ് അമേരിക്ക തിരുത്തിയത്. ട്രംപിന്റെ അനുയായിയും സെനറ്റ് ആംഡ് സെർവീസസ് കമ്മിറ്റി ചെയർമാനുമായ സെനറ്റർ ജെയിംസ് എം ഇൻഹോഫ് വരെ ഈ തീരുമാനത്തിന് എതിരായിരുന്നു.

ഈ മേഖലയിലെ തദ്ദേശവാസികൾ അൾജീരിയയുടെ പിന്തുണയോടെ സ്വാതന്ത്ര്യത്തിനായി പോരാടുന്നുണ്ട്. അവർക്ക് പിന്തുണ നൽകുക കൂടി ചെയ്യുന്ന വിധത്തിലായിരുന്നു ഇൻഹോഫിന്റെ പ്രസ്താവന. ശബ്ദമില്ലാത്തവരുടെ അവകാശങ്ങൾ നിഷേധിച്ചുകൊണ്ടാവരുതായിരുന്നു ഈ ഉടമ്പടി എന്നാണ് അദ്ദേഹം പറഞ്ഞത്. ഇൻഹോഫിന് വിമതരോടുള്ള സഹതാപം അറിയാമായിരുന്നതിനാലായിരുന്നു ട്രംപ് നേരത്തേ ഇത്തരത്തിൽ ഒരു തീരുമാനം എടുക്കാതിരുന്നത്. അദ്ദേഹത്തിന്റെ പിന്തുണ ട്രംപിന് നിർണ്ണായക ഘട്ടത്തിൽ ആവശ്യമായതിനാലായിരുന്നു നേരത്തേ ഈ തീരുമാനം എടുക്കാതിരുന്നതെന്നും സൂചനകളുണ്ട്.

ഭരണം അവസാനിക്കാറായ സമയത്ത് തന്റെ വിദേശനയങ്ങളിൽ ചില ഉന്നത വിജയങ്ങൾ കാണിക്കുവാൻ ട്രംപ് ആഗ്രഹിക്കുന്നുണ്ട്. ഇസ്രയേലും അറബി രാഷ്ട്രങ്ങളുമായുള്ള നയതന്ത്ര ബന്ധം തന്നെ ഇതിനൊരു ഉദാഹരണമാണ്. ഇതിൽ ഒരു രാഷ്ട്രത്തെ കൂടിചേർക്കാൻ ആയാൽ അത് വൻവിജയമായി ആഘോഷിക്കാനാകും എന്ന് ട്രംപ് കരുതുന്നു. അതാണ് ഈ തീരുമാനത്തിനു പിന്നിലെന്നാണ് ഇൻഹോഫ് പറയുന്നത്. അറബ് ജനസാന്ദ്രത വളരെയധികമുള്ള മൊറോക്കോയുടെ സഹാറൻ പ്രദേശത്തിനു മേലുള്ള അധികാരം അംഗീകരിക്കുക വഴി ട്രംപിന്റെ വലയിൽ അവരും വീഴുകയായിരുന്നു.

ഇസ്രയേലുമായി മൊറോക്കോ നയതന്ത്രബന്ധം സ്ഥാപിക്കുന്ന കാര്യം വിജയമായതിനു തൊട്ടുപിന്നാലെ, അമേരിക്ക മൊറോക്കോയ്ക്ക് ആയുധം വിൽക്കുന്ന കാര്യത്തിൽ അനുവാദം തേടാൻ ഇടയുണ്ട്. ഇതുപോലെ ഇസ്രയേലുമായി ഉടമ്പടി ഉണ്ടാക്കിയതിനു പ്രതിഫലമായി 23 ബില്ല്യൺ ഡോളറിന്റെ ആയുധങ്ങളാണ് യു എ ഇ യ്ക്ക് നൽകിയത്. ഇതോടെ എഫ് 35 ഫൈറ്റർ ജറ്റുകൾ സ്വന്തമാക്കുന്ന ആദ്യ അറേബ്യൻ രാജ്യമായി മാറിയിരിക്കുകയാണ് യു എ ഇ.

ട്രംപിന്റെ പാരമ്പര്യ വിരുദ്ധ വിദേശനയങ്ങളുടെ ഭാഗം തന്നെ ആയി മാറിയിരിക്കുകയാണ് ഇസ്രയേലും അറബ് അയൽക്കാരുമായുള്ള ബന്ധം സ്ഥാപിക്കുന്നതിനുള്ള വഴിവിട്ട സൗജന്യങ്ങൾ. ഏതായാലും നിയുക്ത പ്രസിഡണ്ട് ജോ ബൈഡൻ ഈ നീക്കത്തിനെ പിന്തുണയ്ക്കുന്നതിനാൽ വരും കാലങ്ങളിൽ കൂടുതൽ അറബ് രാഷ്ട്രങ്ങൾ ഇസ്രയേലിനോടൊപ്പം കൂടിയേക്കും. അങ്ങനെ വരികയാണെങ്കിൽ അത് ഏറ്റവും വലിയ അടിയായി മാറുക ഫലസ്തീൻകാർക്കായിരിക്കും.