കോവിഡിന്റെ ഒന്നാം വരവിൽ നെഞ്ചുവിരിച്ചു നിന്ന് നേരിട്ട ജർമ്മനിക്ക് പക്ഷെ ഇപ്പോൾ കാലിടറുകയാണ്. ക്രിസ്ത്മസ്സ് ആഘോഷങ്ങൾ റദ്ദു ചെയ്യുന്നതുവരെ എത്തിയിരിക്കുന്നു ജർമ്മനിയിലെ കോവിഡ് വ്യാപനം. ഡിസംബർ 16 മുതൽ ജനുവരി 10 വരെ കർശനമായ ലോക്ക്ഡൗൺ നിലവിൽ വരുമെന്ന് ഇന്നലെ ചാൻസലർ ഏയ്ഞ്ചെല മാർക്കെൽ പ്രഖ്യാപിച്ചു. രാജ്യത്തെ 16 സംസ്ഥാനങ്ങളിലേയും ഗവർണർമാരും ഇതിനോട് യോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു.

അത്യാവശ്യമല്ലാത്ത സാധനങ്ങൾ വിൽക്കുന്ന കടകൾ, സലൂണുകൾ, സ്‌കൂളുകൾ തുടങ്ങിയവയെല്ലാം അടച്ചുപൂട്ടും. കൂടുതൽ കർശനമായ സാമൂഹ്യ അകലം പാലിക്കൽ നിയമങ്ങൾ നിലവിൽ വരും. ശനിയാഴ്‌ച്ച 20,200 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. വാരാന്ത്യമയതിനാൽ മിക്ക പ്രാദേശിക കേന്ദ്രങ്ങളുംഅവധിയാകുമെന്നതിനാൽ വളരെ കുറച്ച് മരണങ്ങൾ മാത്രമായിരിക്കും സാധാരണയായി ശനി, ഞായർ ദിവസങ്ങളിൽ രേഖപ്പെടുത്താറുള്ളത്. എന്നിട്ടും കഴിഞ്ഞ ശനിയാഴ്‌ച്ച ജർമ്മനിയിൽ രേഖപ്പെടുത്തിയത് 321 മരണങ്ങളാണ്.

ക്രിസ്ത്മസ്സ് ദിനത്തിൽ ഒഴിച്ച് ബാക്കിയുള്ള ദിവസങ്ങളിൽ അടച്ചിട്ട മുറികൾക്കുള്ളിൽ കൂട്ടം ചേരാവുന്നവരുടെ എണ്ണം അഞ്ചാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 14 വയസ്സിൽ താഴെയുള്ള കുട്ടികളെ ഉൾപ്പെടുത്തിയിട്ടില്ല. അതുപോലെ ജീവനക്കാരെ വീട്ടിൽ ഇരുന്ന് ജോലിചെയ്യാൻ പ്രേരിപ്പിക്കുവാനും ഇല്ലെങ്കിൽ അവധി അനുവദിക്കാനും കമ്പനികൾക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. അതുപോലെ പൊതുസ്ഥലങ്ങളിൽ മദ്യം വിൽക്കുന്നതും തടഞ്ഞിട്ടുണ്ട്. ഇതോടെ ക്രിസ്ത്മസ്സ് ദിനങ്ങളിൽ ഏറെ ജനങ്ങൾ തടിച്ചുകൂടാറുള്ള വൈൻ സ്റ്റാൻഡുകൾ ഇത്തവണ ഉണ്ടായിരിക്കില്ല.

അതുപോലെ റെസ്റ്റോറന്റുകളിൽ ഭക്ഷണം വിളമ്പുന്നത് നിരോധിച്ചു. എന്നാൽ, ടേക്ക് എവേകൾ അനുവദനീയമാണ്. പുതുവത്സരാഘോഷത്തിനായുള്ള പടക്കക്കച്ചവടവും നിരോധിച്ചിരിക്കുകയാണ്. കലാ-വിനോദ-സാംസ്‌കാരിക പ്രവർത്തനങ്ങൾ ജർമ്മനിയിൽ നവംബറിൽ തന്നെ നിരോധിച്ചിരുന്നു. അതുപോലെ റെസ്റ്റോറന്റുകളിൽ ഭക്ഷണം വിളമ്പുന്നതും. ഇത് ഒരു പരിധിവരെ രോഗ്യവാപനം ശക്തിപ്രാപിക്കുന്നത് തടയുവാൻ സഹായിച്ചെങ്കിലും ഇപ്പോൾ കാര്യങ്ങൾ കൈവിട്ട മട്ടാണ്.

അതേസമയം, യൂറോപ്പിൽ ഏറ്റവുമധികം കോവിഡ് മരണങ്ങൾ നടന്ന രാജ്യം എന്ന പദവി തിരിച്ചുപിടിച്ച ഇറ്റലി ആദ്യവരവിലേതുപോലെ നരകയാതന അനുഭവിക്കുകയാണ്. ആശുപത്രികളും മറ്റും നിറഞ്ഞുകവിഞ്ഞതോടെ പ്രായാധിക്യമുള്ളവർക്ക് ആവശ്യമായചികിത്സ ലഭിക്കാത്ത അവസ്ഥ വരെ എത്തിയിരിക്കുന്നു. കോറോണ ഏറ്റവും അദ്യം ആക്രമിച്ച യൂറോപ്യൻ രാഷ്ട്രമാണ് ഇറ്റലി. രോഗവ്യാപനം നിയന്ത്രണാധീനമാക്കിയതിനു ശേഷം രണ്ടാം വരവെത്തുന്നത് മറ്റു രാജ്യങ്ങളിൽ എത്തിയശേഷവും.

ആവശ്യത്തിനുള്ള സമയവും, നേരത്തേ അതികഠിനമായ രോഗവ്യാപനത്തെ ചെറുത്ത അനുഭവസമ്പത്തും ഉണ്ടായിട്ടും ശരിയായ സമയത്ത് വേണ്ട നടപടികൾ കൈക്കൊള്ളാൻ ഇറ്റലിയിലെ രാഷ്ട്രീയ നേതൃത്വം പരാജയപ്പെട്ടതിന്റെ ഫലമാണ് ഇപ്പോൾ രാഷ്ട്രം അനുഭവിക്കുന്നത്. ജനസംഖ്യാടിസ്ഥാനത്തിൽ നോക്കിയാൽ പ്രായാധിക്യമുള്ളവർ കൂടുതലായി ഉണ്ടെന്നുള്ളതും ഇറ്റലിയിൽ രോഗവ്യാപനം കനക്കുവാൻ ഒരു കാരണമായിട്ടുണ്ട്. ജർമ്മനിയേ പോലുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ദുർബലമായ ആരോഗ്യ സംരക്ഷണ സംവിധാനമാണ് ഇറ്റലിയിലുള്ളത്. ഇതും രോഗവ്യാപനത്തിന്റെ ആക്കം വർദ്ധിപ്പിക്കാൻ കാരണമായിട്ടുണ്ട്.

അതിനിടെ, വർദ്ധിച്ചു വരുന്ന കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഫ്രാൻസിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. മാത്രമല്ല, അടച്ചിട്ട കലാ-സാംസ്‌കാരിക കേന്ദ്രങ്ങൾ ഉടനെയൊന്നും തുറക്കില്ലെന്നും സർക്കാർ അറിയിച്ചു. ഒക്ടോബറിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ പ്രതീക്ഷിച്ചിരുന്ന അത്ര വേഗത്തിൽ രോഗവ്യാപനത്തിന്റെ ശക്തി കുറയുന്നില്ലെന്നാണ് പ്രധാനമന്ത്രി ജീൻ കാസ്ടെക്സ് സൂചിപ്പിച്ചത്.

രാത്രി 8 മണിമുതൽ രാവിലെ 6 മണിവരെ കർഫ്യൂ നിലവിൽ വരുന്ന ഡിസംബർ 15 മുതൽ സ്റ്റേ-അറ്റ്-ഹോം നിയമം പിൻവലിക്കും. പുതുവത്സരാഘോഷങ്ങളിൽ ജനങ്ങൾ വൻതോതിൽ തടിച്ചുകൂടാതിരിക്കുവാൻ ഡിസംബർ 31 നും കർഫ്യൂവിൽ ഇളവു നൽകില്ല. അതേസമയം, രാജ്യത്തിനകത്ത് സഞ്ചരിക്കുന്നതിന് വിലക്കുകൾ ഉണ്ടാകില്ല. അതുപോലെ ആറുപേരിൽ കൂടാതെ, കുടുംബാംഗങ്ങൾക്ക് ഒത്തുചേർന്ന് ക്രിസ്ത്മസ്സ് ആഘോഷിക്കാം. ബാറുകളും റെസ്റ്റോറന്റുകളും ജനുവരി 20 വരെ അടഞ്ഞുകിടക്കും.

അതേസമയം, യൂറോപ്പിലാകമാനം കോവിഡ് വ്യാപനം ശക്തിപ്രാപിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് ഡയറക്ടർ ഹൻസ് ക്ലൂജ് പറഞ്ഞത്. എന്നാൽ, വിവിധ രാജ്യങ്ങളിലെ ലോക്ക്ഡൗൺ ഈ വേഗത നിയന്ത്രിക്കാൻ ഉതകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷം അവസാനത്തോടെ രണ്ട് വാക്സിനുകൾക്ക് അംഗീകാരം നൽകുമെന്ന് യൂറോപ്യൻ യൂണിയൻ പ്രസിഡണ്ട് ഉറുസ്വല വോൺ ഡേർ ലെയെൻ പറഞ്ഞു.