നാഢീ വാതകങ്ങൾ അഥവാ നെർവ് ഗസ്സസ് എന്നറിയപ്പെടുന്ന ചില രാസവസ്തുക്കൾ കുത്തിവച്ച് റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സാൻഡർ നവാൽനിയെ വധിക്കുവാൻ വീണ്ടും ശ്രമം നടന്നതായി ചില ജർമ്മൻ കേന്ദ്രങ്ങൾ ആരോപിച്ചു. നേരത്തെ ഒരു തവണ ഇതേതരത്തിലുള്ള വധശ്രമത്തിൽ നിന്നും അദ്ദേഹം രക്ഷപ്പെട്ടതാണ്.

നോവിചോക്ക് എന്ന നെർവ് ഏജന്റ് അഥവാ നെർവ് ഗ്യാസാണ് ഇതിനായി ഉപയോഗിച്ചതെന്നും ഈ കേന്ദ്രങ്ങൾ അറിയിച്ചു. സൈബീരിയയിൽ ഒരു ആക്രമണത്തിന് വിധേയനായി അബോധാവസ്ഥയിൽ ആയിരിക്കുമ്പോഴാണ് ഈ ക്രൂരകൃത്യം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ റഷ്യൻ സ്വേചാധിപതി വ്ളാഡിമർ പുട്ടിന്റെ കടുത്ത വിമർശകനാണ് നെവാൽനി.

കഴിഞ്ഞ ഓഗസ്റ്റ് 20 ന് മോസ്‌കോയിലേക്കുള്ള ഒരു വിമാനയാത്രാ മദ്ധ്യേ നെവാൽനി രോഗബാധിതനായിരുന്നു. തുടർന്ന് നടന്ന പരിശോധനയിൽ ഒരു ജർമ്മൻ മിലിറ്ററി ലാബാണ് നിരോധിക്കപ്പെട്ട നോവിചോക്ക് എന്ന രാസവസ്തുവിന്റെ കൂട്ടത്തിൽ പെട്ട ചില രാസവസ്തുക്കളുടെ അംശം നവാൽനിയുടെ ശരീരത്തിൽ കണ്ടെത്തിയത്. ലോകരാഷ്ട്രങ്ങളുടെ സമ്മർദ്ദത്തിനു വഴങ്ങി ജർമ്മനിയിലേക്ക് നെവാൽനിയെ ചികിത്സയ്ക്കായി കൊണ്ടുപോകാൻ അനുവാദം നൽകേണ്ടി വന്നപ്പോൾ ബെർലിനിൽ എത്തുന്നതിനു മുൻപ് മരിക്കും എന്ന കണക്കുകൂട്ടലിലായിരുന്നു ഇത് നൽകിയത് എന്ന് വിശ്വസിക്കപ്പെടുന്നു.

മോസ്‌കോയിലേക്ക് പറക്കുന്നതിനു മുൻപായി നവാൽനി താമസിച്ചിരുന്ന ഹോട്ടലിൽ വച്ചാണ് അദ്ദേഹത്തിന്റെ ശരീരത്തിൽ ഈ രാസവസ്തു കയറ്റിയതെന്നാണ് വിശ്വസിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ വസ്ത്രങ്ങളിൽ തേച്ചുപിടിപ്പിച്ചായിരിക്കണം ഇത് ശരീരത്തിൽ കടത്തിയിട്ടുണ്ടാവുക എന്നാണ് വിശ്വസിക്കുന്നത്. വിമാനത്താവളത്തിലെ കഫെയിൽ കുടിച്ച ചായയിൽ കലർത്തിക്കൊടുത്തതാണെന്നു വരെ നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു.

പിന്നീട് 18 ദിവസം ജർമ്മനിയിലെ ചികിത്സയ്ക്ക് ശേഷമായിരുന്നു നെവാൽനി സുഖം പ്രാപിച്ചത്. സ്വാഭാവികമായും എല്ലാ വിരലുകളും ചൂണ്ടപ്പെട്ടത് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമർ പുട്ടിനു നേരെയായിരുന്നു. സൈനിക നിലവാരത്തിലുള്ള നോവിചോക്ക് പോലുള്ള നെർവ് ഏജന്റ് ഉപയോഗിക്കുവാൻ സർക്കരിനു മാത്രമേ കഴിയൂ എന്നതാണ് വ്ളാഡിമർ പുട്ടിനു നേരെ സംശയത്തിന്റെ മുന ഉയരാൻ കാരണമായത്. എന്നാൽ ഇതു നിഷേധിച്ച റഷ്യൻ സർക്കാർ വൃത്തങ്ങൾ,നെവാൽനിക്ക് യഥാർത്ഥത്തിൽ വിഷബാധ ഏറ്റിരുന്നുവോ എന്ന സംശയവും ഉന്നയിച്ചു.

ഉന്നതതലങ്ങളിലെ നിരവധി അഴിമതികൾ തുറന്നുകാട്ടിയ ഈ 44 കാരൻ എന്നും അധികാരികളുടെ കണ്ണിലെ കരടായിരുന്നു. ഭരണകൂടത്തിനെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതിന് നിരവധി തവണ ജയിലിൽ അടയ്ക്കപ്പെട്ടിട്ടുമുണ്ട്. 2012 ലേയും 2014 ലേയും നെവാൽനിയുടെ അറസ്റ്റുകൾ രാഷ്ട്രീയ പ്രേരിതമായിരുന്നു എന്ന് യൂറോപ്യൻ കോർട്ട് ഓഫ് ഹ്യുമൻ റൈറ്റ്സ് വിധിച്ചിട്ടുമുണ്ട്.