- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാണാതായ അമ്മയേയും മകളെയും പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; സാമ്പത്തിക ബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക നിഗമനം: മൃതദേഹം കണ്ടെടുത്തത് തിങ്കളാഴ്ച മുതൽ കാണാതായ ഇരുവർക്കും വേണ്ടി പൊലീസ് അന്വേഷണം നടക്കവെ
കോട്ടയം: കാണാതായ അമ്മയുടെയും മകളുടെയും മൃതദേഹം പാറക്കുളത്തിൽ കണ്ടെത്തി. പനച്ചിക്കാട് പള്ളത്ര ഭാഗത്ത് കരോട്ടു മാടപ്പള്ളിയിൽ വത്സമ്മ (ഓമന -59), മകൾ ധന്യ (37) എന്നിവരുടെ മൃതദേഹങ്ങളാണ് പാറമടയിലെ കുളത്തിൽ കണ്ടെത്തിയത്. തിങ്കളാഴ്ച മുതൽ വീട്ടിൽ നിന്നും കാണാതായ ഇരുവർക്കും വേണ്ടിയുള്ള അന്വേഷണം നടക്കവെയാണ് പാറക്കുളത്തിൽ നിന്നും ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെടുത്തത്.
സാമ്പത്തിക ബാധ്യതയെ തുടർന്നു ആത്മഹത്യ ചെയ്തതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇരുവരുടേയും സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ നടക്കും. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ മുതലാണ് ഇവരെ വീട്ടിൽ നിന്നു കാണാതായത്. വത്സമ്മയുടെ ഭർത്താവ് ശശിധരൻ ഇതുസംബന്ധിച്ച് ചിങ്ങവനം പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ നാട്ടുകാരാണ് പാറക്കുളത്തിൽ മൃതദേഹം കിടക്കുന്നത് കണ്ടത്.
പനച്ചിക്കാട് നെല്ലിക്കൽ റോഡിലെ പാറമടയിലെ കുളത്തിൽ ഇന്നലെ പുലർച്ചെ ഓമനയുടെ മൃതദേഹമാണ് ആദ്യം പൊങ്ങിയത്. പിന്നീട് നടത്തിയ തിരച്ചിലിൽ മകളുടെ മൃതദേഹവും കണ്ടെത്തി. തുടർന്ന് നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസും അഗ്‌നി സുരക്ഷ സേനയുമെത്തിയാണ് മൃതദേഹങ്ങൾ കരയ്‌ക്കെടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്‌ക്കാരത്തിനായി മൃതദേഹം ഇന്നു ബന്ധുക്കൾക്ക് വിട്ടുനൽകും.
സാമ്പത്തിക ബാധ്യതയെയും കുടുംബ പ്രശ്‌നങ്ങളെയും തുടർന്ന് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് നടത്തിയ പരിശോധനയിൽ, ഇവർ എഴുതിയ കത്ത് വീട്ടിൽ നിന്നു കണ്ടെടുത്തു. കടബാധ്യതയെത്തുടർന്നുണ്ടായ കുടുംബ പ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്ന് കത്തിൽ സൂചിപ്പിക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു.
ഭർത്താവ് അറിയാതെ വത്സമ്മയും മകൾ ധന്യയും ചില സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നതായി പൊലീസിനു സൂചന ലഭിച്ചു. ഇതു വീട്ടിൽ അറിഞ്ഞതോടെ കഴിഞ്ഞ ദിവസങ്ങളിൽ വഴക്കുണ്ടായി. ഇതിനു പിന്നാലെയാണ് ഇരുവരെയും വീട്ടിൽ നിന്നു കാണാതായതെന്നും പൊലീസ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ