സെനറ്റ് മെജോറിറ്റി ലീഡർ കൂടിയായ റിപ്പബ്ലിക്കൻ പാർട്ടിയുടെ മുതിർന്ന നേതാവ് മിച്ച് മെക് കോണെൽ ഇന്ന് ഇതാദ്യമായി പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ വിജയിച്ചത് ജോ ബൈഡൻ തന്നെയാണെന്ന് പ്രഖ്യാപിച്ചു. ഇതോടെ, തെരഞ്ഞെടുപ്പിനെ വെല്ലുവിളിച്ചുകൊണ്ടുള്ള തന്റെ പോരാട്ടത്തിൽ പാർട്ടി ഒപ്പമുണ്ടാകും എന്ന ട്രംപിന്റെ പ്രതീക്ഷയും അവസാനിക്കുകയാണ്. എല്ലാ 50 സംസ്ഥാനങ്ങളിലും ഇലക്ടർമാർ യോഗം ചേർന്നു എന്നും അതോടെ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് പൂർത്തിയായി എന്നും അദ്ദെഹം സെനറ്റിൽ അറിയിച്ചു.

ഇലക്ടറൽ കോളേജിന്റെ യോഗം തീർന്നതോടെ പുതിയ പ്രസിഡണ്ട് ജോ ബൈഡനാണെന്ന് ഉറപ്പായതായും താൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നതായും മെക് കോണെൽ പറഞ്ഞു. മെക് കോണെലുമായി താൻ ഫോണിൽ സംസാരിച്ചു എന്നും അദ്ദേഹത്തിന്റെ അഭിനന്ദനങ്ങൾക്ക് നന്ദി അറിയിച്ചു എന്നും ജോ ബൈഡൻ മാധ്യമങ്ങളോട് പറഞ്ഞു. സെനറ്റിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന ജോർജ്ജിയയിൽ ഒരു പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനു മുൻപാണ് ബൈഡൻ മാധ്യമ പ്രവർത്തകരെ കണ്ടത്.

പുതിയ പ്രസിഡണ്ടിനേയും വൈസ് പ്രസിഡണ്ടിനേയും അഭിനന്ദിക്കുന്നതിന് മുൻപായി കഴിഞ്ഞ നാല് വർഷത്തെ ട്രംപ് ഭരണത്തിന്റെ നേട്ടങ്ങളെ കുറിച്ചും മെക് കോണെൽ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസംഗം കഴിഞ്ഞ് മിനിറ്റുകൾക്കുൾലിൽ തെരഞ്ഞെടുപ്പ് തട്ടിപ്പായിരുന്നു എന്ന് പറഞ്ഞ ട്രംപ് ട്വീറ്റ് ചെയ്തു. തട്ടിപ്പ് നടന്നു എന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ടെന്നും രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ഇത്രയും വലിയൊരു തട്ടിപ്പ് നടന്നിട്ടില്ലെന്നും അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തു.

അമേരിക്കൻ കോൺഗ്രസ്സ് ബൈഡന്റെ വിജയം സാക്ഷിപ്പെടുത്തുന്ന ജനുവരി 6 ന് താൻ ഇലക്ടറൽ കോളേജ് വോട്ടുകൾക്കെതിരെ പരാതി നൽകുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. നിയമവിധേയമായ വോട്ടുകൾ മാത്രമാണ് എണ്ണിയിരുന്നതെങ്കിൽ താൻ തന്നെ ജയിക്കുമായിരുന്നു എന്നാണ് ട്രംപ് അവകാശപ്പെടുന്നത്. നിയമാനുസൃതം തെരഞ്ഞെടുപ്പിൽ ജയിച്ചത് താനാണെന്നും, നിയമവിരുദ്ധമായ രീതിയിൽ കള്ളവോട്ടുകളുടെ സഹായത്തോടെയാണ് ബൈഡൻ ജയിച്ചതെന്നുമാണ് ട്രംപ് പറയുന്നത്.

അതിനിടയിൽ ട്രംപിന് തിരിച്ചടിയായി റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനും ഇന്നലെ അമേരിക്കയുടെ നിയുക്ത പ്രസിഡണ്ട് ജോ ബൈഡനെ വിളിച്ച് അഭിനന്ദനം അറിയിച്ചു. ട്രംപിന്റെ ഉറ്റ ചങ്ങാതിയായി അറിയപ്പെട്ടിരുന്ന പുട്ടിൻ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിട്ട് ഇത്രനാളായിട്ടും ബൈഡനെ വിളിച്ചിരുന്നില്ല. ഇന്ത്യ ഉൾപ്പടെ ഒട്ടുമിക്ക രാജ്യങ്ങളുടെയും ഭരണത്തലവന്മാർ ബൈഡനെ അഭിനന്ദനങ്ങൾ അറിയിച്ചിട്ടും പുട്ടിൻ മാറി നിൽക്കുകയായിരുന്നു.

എന്നാൽ, 232 ന് എതിരെ 306 ഇലക്ടറൽ വോട്ടുകൾക്ക് ബൈഡൻ ജയിക്കുമെന്ന് തിങ്കളാഴ്‌ച്ച ഉറപ്പായതോടെയാണ് പുട്ടിൻ ബൈഡനെ വിളിച്ചത്. ലോകത്തിന്റെ തന്നെ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും ഏറെ ഉത്തരവാദിത്തങ്ങൾ ഉള്ള അമേരിക്കയും റഷ്യയും തമ്മിലുള്ള വ്യത്യാസങ്ങൾ എല്ലാം മറന്ന് ലോകത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുമെന്ന് പുട്ടിൻ പ്രത്യാശ പ്രകടിപ്പിച്ചു.