രു സുപ്രഭാതത്തിൽ ടെക്‌നോളജി ഇല്ലാതാവുക. ഗൂഗിളും ജി മെയിലു യൂട്യൂബുമെല്ലാം പെട്ടെന്ന് നിലച്ച് പോകുക. ലോകത്തുള്ള ഒരു മനുഷ്യർക്കും ഇന്നത്തെ കാലത്ത് ചിന്തിക്കാൻ പറ്റാത്ത ഒരു കാര്യമാണ് ഇത്. എന്നാൽ കഴിഞ്ഞ ദിവസം അതും സംഭവിച്ചു. ലോകത്തെ മുഴുവൻ ഭീതിയിലാഴ്‌ത്തി സാങ്കേതിക വിദ്യയിൽ തടസ്സം നേരിട്ടു. ഗൂഗിളിന്റെ സേവനങ്ങൾ ഒന്നും തന്നെ ലഭിക്കാതെ വന്നു. എന്തായാലും ഗൂഗിൾ സേവനങ്ങൾ മരവിച്ചു നിന്നത് പല ഉപയോക്താക്കളെയും അന്ധാളിപ്പിച്ചു എന്നാണ് ലോകമെമ്പാടും നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്. ഏകദേശം 45 മിനിറ്റു നേരത്തേക്കാണ് ഗൂഗിൾ സേവനങ്ങൾ പണി മുടക്കിയത്.

ലോകമെമ്പാടുമുള്ള ഗൂഗിൾ ഉപയോക്താക്കൾ മാത്രമല്ല ഗൂഗിൾ കമ്പനി പോലും എന്താണ് സംഭവിച്ചതെന്ന് അറിയാതെ ഒരുനിമിഷം നിന്നു പോയി എന്നാണ് വാർത്തകൾ പറയുന്നത്. തങ്ങളുടെ വിവിധ സേവനങ്ങൾ യാതൊരു മുന്നറിയിപ്പുമില്ലാതെ നിലച്ചു പോയത് എന്താണെന്ന് പെട്ടെന്നു കണ്ടെത്താൻ ഗൂഗിളിന്റെ അതിവിദഗ്ദർക്കും ആയില്ല. ഏതാണ്ട് മുക്കാൽ മണിക്കൂറോളം കിണഞ്ഞ് പരിശ്രമിച്ചതിന് ശേഷമാണ് ഗൂഗിളിന്റെ സേവനങ്ങൾ പഴയത് പോലെയാക്കാൻ ഗൂഗിൾ സാങ്കേതിക വിദഗ്ദർക്ക് കഴിഞ്ഞത്.

അതൊരു ആന്തരിക സ്റ്റോറേജ് വീതംവയ്ക്കലിന്റെ (internal storage quota) പ്രശ്നമായിരുന്നു എന്നാണ് കമ്പനിയുടെ വിശദീകരണം. സ്റ്റോറേജ് പരിധി ഉപയോഗിച്ചു കഴിഞ്ഞപ്പോൾ ഓട്ടോമാറ്റിക്കായി സ്വീകരിക്കപ്പെടേണ്ടിയിരുന്ന കാര്യങ്ങൾ നടക്കാതെ പോയതാണ് ഗൂഗിളിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയത്. ഇത് ഗൂഗിളിന്റെ ഒതന്റിക്കേഷൻ സിസ്റ്റത്തിന് സംഭവിച്ച പ്രശ്നം മൂലമാണെന്നാണ് കമ്പനി നൽകുന്ന വിശദീകരണം. ഓരോ സേവനത്തിനും അനുവദിച്ചു നൽകിയിരുന്ന സ്റ്റോറേജിന്റെ വീതംവയ്ക്കലിൽ ഉണ്ടായ കൺഫ്യൂഷനാണ് ഇതിൽ കൊണ്ടുചെന്നെത്തിച്ചത് എന്നാണ് കമ്പനിയുടെ ഔദ്യോഗിക ഭാഷ്യം. ഇതിനായി കമ്പനി ഏർപ്പെടുത്തിയിരുന്ന സജ്ജീകരണങ്ങൾ തങ്ങൾ പ്രതീക്ഷിച്ചതു പോലെ പ്രവർത്തിക്കാതെ വന്നതാണ് പ്രശ്നം സൃഷ്ടിച്ചത്.

സ്റ്റോറേജ് പരിധി ഉപയോഗിച്ചു കഴിഞ്ഞപ്പോൾ ഓട്ടോമാറ്റിക്കായി സ്വീകരിക്കപ്പെടേണ്ടിയിരുന്ന കാര്യങ്ങൾ നടക്കാതെ വന്നുവെന്നാണ് കമ്പനി കണ്ടെത്തിയിരിക്കുന്നത്. അതാണ് തങ്ങളുടെ സിസ്റ്റം തകർന്നത് എന്നാണ് കമ്പനി പറയുന്നത്. ലോകത്തെ ഏറ്റവും കുറ്റമറ്റ സിസ്റ്റങ്ങളിൽ ഒന്നായാണ് ഗൂഗിളിന്റെ സിസ്റ്റം അറിയപ്പെടുന്നത്. അതും പണി മുടക്കിയപ്പോൾ ലോകത്തെ തന്നെ പേടിപ്പെടുത്തിയ 45 മിനറ്റുകളാണ് കടന്നു പോയത്. കാരണം വിദ്യാഭ്യാസം മുതൽ ആരോഗ്യ പരിചരണത്തിന് വരെ സാങ്കേതിക വിദ്യയെ ആശ്രയിക്കുന്ന മനുഷ്യന്റെ എല്ലാ സുപ്രധാന വിവരങ്ങളും ഗൂഗിളിലാണ് സേവ് ചെയ്തിരിക്കുന്നത്.

മറ്റൊരു രീതിയിലും ഇതിനെ കാണാമെന്നും വിദഗ്ദ്ധർ പറയുന്നു: കംപ്യൂട്ടറുകളുടെ സംഭരണശേഷി തീരുകയും വീണ്ടും ഡേറ്റ സ്റ്റോർ ചെയ്യാനായി വരികയും ചെയ്തു കൊണ്ടിരുന്നാൽ കംപ്യൂട്ടറിന്റെ എല്ലാ പ്രവർത്തനവും താറുമാറാകും. ഇതാണ് ഗൂഗിളിനും സംഭവിച്ചത്. ഗൂഗിളിന്റെ പ്രവർത്തനം താറുമാറായതോടെ ഗൂഗിൾ ഒതന്റിക്കേഷൻ വേണ്ട മറ്റു കമ്പനികളുടെ അഥവാ തേഡ്പാർട്ടി സേവനങ്ങളും നിലച്ചു. തങ്ങളുടെ ഗൂഗിൾ വ്യക്തിത്വം വേരിഫൈ ചെയ്യാനാകാതെ ഉപയോക്താക്കൾ വിഷമിച്ചു നിന്നു. എന്നാൽ, നേരത്തെ ലോഗ് ഇൻ ആയിരുന്നവരെ ഇതു ബാധിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ, ഗൂഗിളിന്റെ ഇടപെടലില്ലാതെ ഈ പ്രശ്നം പരിഹരിച്ചവരും ഉണ്ട്. പല ഉപയോക്താക്കളും പറയുന്നത് തങ്ങളുടെ ബ്രൗസറുകളുടെ ഇൻ-കോഗ്‌നിറ്റോ മോഡ് ഉപയോഗിച്ചപ്പോൾ തങ്ങൾക്ക് യുട്യൂബ് അടക്കമുള്ള സേവനങ്ങൾ ഉപയോഗിക്കാനായി എന്നാണ്. ഇക്കാര്യം നിരവധി ഉപയോക്താക്കൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇൻകോഗ്‌നിറ്റോ വിൻഡോയിലൂടെ വിവിധ ഗൂഗിൾ സേവനങ്ങൾ തങ്ങൾക്ക് ലഭ്യമായി എന്നാണ് അവർ അവകാശപ്പെടുന്നത്. എന്തായാലും ഇക്കാര്യം എല്ലാവരും മനസിൽ വയ്ക്കുന്നത് നന്നായിരിക്കും.

ഇൻ-കോഗ്‌നിറ്റോ മോദിൽ ഒരാൾ യുട്യൂബിൽ പ്രവേശിച്ചാൽ അയാൾ സൈൻ-ഔട്ടായാണ് അതിലെത്തുന്നത്. സൈൻഡ്-ഔട്ട് മോദിൽ ഒതന്റിക്കേഷൻ ആവശ്യമില്ല. അതിനാലാണ് ഒതന്റിക്കേഷൻ സജ്ജീകരണങ്ങൾ താറുമാറായപ്പോഴും ഇൻ-കോഗ്‌നിറ്റോ മോദിൽ യുട്യൂബ് വിഡിയോ കാണാൻ എത്തിയവർക്ക് അതു ലഭ്യമായത് എന്നാണ് വിശദീകരണം. അതേസമയം, ജിമെയിൽ, ഡ്രൈവ് തുടങ്ങിയ സേവനങ്ങൾക്ക് ഇതു പരിഹാരമല്ല.

ഗൂഗിളിന്റെ പ്രവർത്തനം നിലച്ചപ്പോൾ സ്മാർട് ഉപകരണങ്ങളിലെ ഗൂഗിൾ അസിസ്റ്റന്റ് പോലും പണിമുടക്കാൻ ഈ ഔട്ടേജ് കാരണമായി. നെസ്റ്റ് സ്പീക്കറുകൾ, സ്മാർട് ലൈറ്റുകൾ, സ്വിച്ചുകൾ, സുരക്ഷാ ക്യാമറകൾ തുടങ്ങിയവയുടെ പ്രവർത്തനവും നിലച്ചു. അതോടെ, ഗൂഗിൾ അസിസ്റ്റന്റ് പ്രവർത്തിപ്പിക്കുന്ന ലൈറ്റുകൾ തെളിയിക്കാനാകാതെ ആളുകൾ ഇരുട്ടിൽ കഴിഞ്ഞെന്നും ചില റിപ്പോർട്ടുകളുണ്ട്. ജോ ബ്രൗൺ എന്ന ട്വിറ്റർ ഉപയോക്താവ് പറഞ്ഞത് തന്റെ പിച്ചവച്ചു തുടങ്ങിയ കുട്ടിക്കൊപ്പം താൻ മുറിയിൽ വെളിച്ചമില്ലാതെ കഴിയേണ്ടി വന്നുവെന്നാണ്. ഗൂഗിൾ ഹോം ആയിരുന്നു അദ്ദേഹത്തിന്റെ വീടിന്റെ ലൈറ്റുകളെ നിയന്ത്രിച്ചിരുന്നത്.