കോതമംഗലം: ഉരുക്കുകോട്ടയിൽ യൂഡിഎഫിന് അപ്രതീക്ഷിത തിരിച്ചടി. മുസ്ലിം ലീഗിന്റെ കരുത്തിൽ ഭരണത്തിലെത്തിയിരിരുന്ന താലൂക്കിലെ പല്ലാരിമംഗലം പഞ്ചായത്ത് എൽ ഡി എഫ് തൂത്തുവാരി.

13 വാർഡുകളിൽ 3 വാർഡിൽ മാത്രമാണ് ഇക്കുറി യൂഡി എഫിന് വിജയിക്കാനായത്.പഞ്ചായത്ത് രൂപീകൃതമായ ശേഷം ഇത് രണ്ടാംവട്ടമാണ് എൽ ഡി എഫ് ഭരണത്തിലെത്തുന്നത്.ജില്ലയിൽ ലീഗിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിച്ചിരുന്ന ഏക പഞ്ചായത്താണ് പല്ലാരിമംഗലം.
ഔദ്യോഗീക സ്ഥാനാർത്ഥികൾക്ക് റിബലായി മൽസരിച്ച രണ്ടുപേർ ഇവിടെ വിജയമുറപ്പിച്ചത് അക്ഷരാർത്ഥിത്തിൽ ലീഗ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.ഒന്നാം വാർഡിൽ അബൂബക്കർ മാങ്കുളം 94 വോട്ടിന്റെ ഭൂരിപക്ഷത്തിലും രണ്ടാം വാർഡിൽ മൈതീൻ കുറിഞ്ഞിലിക്കാട്ട് 516 വോട്ടിന്റെ ഭൂരിപക്ഷത്തിലുമാണ് വിജയിച്ചത്.ഇവർ ഇരുവരും ലീഗിന്റെ സജീവപ്രവർത്തകരായിരുന്നു.

അബുബക്കർ ലീഗിന്റെ മടിയൂർ ശാഖ സെക്രട്ടറിയായും മൈതീൻ പാർട്ടിയുടെ മുൻ പഞ്ചായത്ത് ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.പാർട്ടി പ്രദേശിക നേതൃത്വം ഇവർ ഇരുവർക്കും സീറ്റ് നൽകാൻ ധാരണയായിരുന്നെന്നും പിന്നീട് മേൽഘടകങ്ങൾ ഇടപെട്ട് ഇവരോട് മൽസരരംഗത്തുനിന്ന് പിന്മാറാൻ ആവശ്യപ്പെടുയായിരുന്നെന്നുമാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം.ഒന്നാം വാർഡിൽ പി എം ഹസ്സൻകുഞ്ഞും 2-ാംവാർഡിൽ എം എം അൻസാറുമായിരുന്നു ലീഗിന്റെ ഔദ്യോഗീക സ്ഥാനാർത്ഥികൾ. എൽ ഡി എഫിന്റെ അക്കൗണ്ടിലെ തിളക്കമാർന്ന വിജയമായുന്നു 5-ാം വാർഡിലേതാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.ചരക്കുവാഹന ഡ്രൈവറായ റിയാസ് തുരുത്തേലിനേയാണ് എൽ ഡി എഫ് ഈ വാർഡിൽ മത്സരിക്കാൻ നിയോഗിച്ചത്.പാർട്ടി സീറ്റ് നൽകാൻ തയ്യാറായപ്പോൾ മത്സരംഗത്തേയ്ക്കില്ലന്നറിയിച്ച് റിയാസ് ഒഴിഞ്ഞുമാറുകയായിരുന്നു.പിന്നീട് ആന്റിണി ജോൺ എം എൽ എ അടക്കമുള്ള പാർട്ടിനേതാക്കൾ നേരിട്ടിറങ്ങിയാണ് റിയാസിനെ മത്സരക്കളത്തിലിറക്കിയത്.

രാഷ്ട്രീയരംഗത്ത് ആത്ര സജീവമായിരുന്നില്ലങ്കിലും നാട്ടിലുണ്ടായിരുന്ന ക്ലീൻ ഇമേജാണ് റിയാസിന് പ്രധാന അനുകൂലഘടകമായത്.ഓട്ടത്തിനിടയിലാണെങ്കിലും വീട്ടിലുള്ളപ്പോഴാണെങ്കിലും തന്നാൽ കഴിയുന്ന എന്തുസഹായത്തിനും റിയാസ്സ് മടികാണിച്ചിരുന്നില്ല.ജനസേവന പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു. മൂന്നാം തവണ അങ്കത്തിനിറങ്ങിയ പി എം സിദ്ദിഖായിരുന്നു ഇവിടെ യൂഡിഎഫ് സ്ഥാനാർത്ഥി.109 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് റിയാസ് ഇവിടെ വിജയിച്ചത്.മുമ്പ് എൽ ഡി എഫ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തിയ പാരമ്പര്യമാണ് ഈ വാർഡിനുള്ളത്.ഒരു തവണ ഈ വാർഡിൽ നിന്നും തൊട്ടുമുമ്പുനടന്ന തിരഞ്ഞെടുപ്പിൽ 6-ാം വാർഡിൽ നിന്നും സിദ്ദിഖ് വിജയിച്ചിരുന്നു.

1978-ൽ പോത്താനിക്കാട്, കവളങ്ങാട്, വാരപ്പെട്ടി പഞ്ചായത്തുകൾ വിഭജിച്ചാണ് പല്ലാരിമംഗലം പഞ്ചായത്ത് രൂപീകരിച്ചത്.മൺമറഞ്ഞ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ പി മക്കാരായിരുന്നു പഞ്ചായത്ത് രൂപീകരണത്തിന് ചുക്കാൻ പിടിച്ചത്.എറണാകുളം ജില്ലയിൽ മുസ്ലിംലീഗിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിച്ചിരുന്ന ഏക പഞ്ചായത്തും ഇുതതന്നെ.കോൺഗ്രസ്സുമായി ഇണങ്ങിയും പിണങ്ങിയും നിന്നുകൊണ്ട് മുസ്ലിം ലീഗാണ് പഞ്ചായത്തിൽ കൂടുതൽകാലവും അധികാരത്തിൽ ഇരുന്നിട്ടുള്ളത്. 2000-ത്തിൽ മാത്രമാണ് ഇവിടെ എൽ ഡി എഫ്് അധികാരത്തിലെത്തിയത്.