ചിറയിൻകീഴ്: തിരുവനന്തപുരത്ത് നാലംഗ കുടുംബം ആത്മഹത്യ ചെയ്തത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നെന്ന് റിപ്പോർട്ട്. വീട്ടിൽ സന്ധ്യയായിട്ടും വെളിച്ചം കാണാതിരുന്നതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മാതാപിതാക്കളേയും മക്കളേയും മരിച്ച നിലയിൽ കണ്ടെത്തിയത്.

വട്ടവിള വിളയിൽവീട്ടിൽ സുബി (51), ഭാര്യ ദീപകുമാരി(41), മക്കളായ അഖിൽ(17), ഹരിപ്രിയ(13) എന്നിവരെയാണു വീട്ടിലെ കിടപ്പുമുറികളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം നൽകിയ വളർത്തു നായയെ അവശനിലയിൽ കണ്ടെത്തി.

ഇന്നലെ വൈകിട്ടാണു ദുരന്തം പുറംലോകമറിഞ്ഞത്. കടക്കെണിയിലാണെന്നും ജീവനൊടുക്കുകയാണെന്നുമുള്ള കത്തു പൊലീസിനു ലഭിച്ചു. ഗൾഫിലായിരുന്ന സുബി ഒന്നരവർഷങ്ങൾക്കു മുൻപു ജോലി നഷ്ടപ്പെട്ടതിനെത്തുടർന്നു നാട്ടിലെത്തുകയായിരുന്നു. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയായിരുന്നു ഈ കുടുംബം നേരിട്ടത്.

അടുത്തിടെ കുറക്കടയിൽ കട തുടങ്ങിയിരുന്നു. കൂന്തള്ളൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് അഖിൽ. ഹരിപ്രിയ ചിറയിൻകീഴ് പാലകുന്ന് ഗവൺമെന്റ് യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്.