പന്തളം: വീട്ടമ്മയെ ടാപ്പിങ് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി ചാക്കിൽ കെട്ടി റോഡരികിൽ തള്ളിയ കേസിൽ രണ്ടാം ഭർത്താവ് അറസ്റ്റിൽ. അടൂർ ആനന്ദപ്പള്ളി കുറിയമുളയ്ക്കൽ വീട്ടിൽ മധുസൂദനനാണ്(52) അറസ്റ്റിലായത്. കൊല്ലപ്പെട്ട അട്ടത്തോട് സ്വദേശിനിയായ സുശീലയുടെ (58) രണ്ടാം ഭർത്താവായ മധുസൂദനനൻ ഒരു ലക്ഷം രൂപയെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് സുശീലയെ കുത്തിക്കൊന്നത്.

രണ്ട് വർഷമായി ഇവർ കുരമ്പാല പറയന്റയ്യത്ത് സ്ഥലം വാങ്ങി വീടുവച്ചു താമസിക്കുകയായിരുന്നു. അട്ടത്തോട് പ്ലാന്റേഷൻ കോർപ്പറേഷനിലെ ജോലിയിൽനിന്നു വിരമിച്ചപ്പോൾ സുശീലയ്ക്ക് ലഭിച്ച 3 ലക്ഷം രൂപയിൽ നിന്നു 2 ലക്ഷം രൂപ ചെലവഴിച്ചു പറയന്റയ്യത്ത് സ്ഥലം വാങ്ങി. ബാക്കി തുകയെ ചൊല്ലി ഇരുവരും തമ്മിൽ തർക്കവും അടിപിടിയും പതിവായിരുന്നു. പതിവ് കലഹം കയ്യാങ്കളിയിലെത്തിയതാണ് കൊലപാതകത്തിൽ കലാശിച്ചത്.

ചൊവ്വാഴ്ച രാത്രി തർക്കത്തിനിടെ മധുസൂദനൻ കമ്പിയെടുത്ത് സുശീലയെ അടിക്കുകയും ടാപ്പിങ് കത്തി കൊണ്ട് കുത്തുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ സുശീല മരിച്ചെന്നുറപ്പായതോടെ, ബുധനാഴ്ച പുലർച്ചെ അഞ്ചോടെ ചാക്കിൽ കെട്ടി തന്റെ ഓട്ടോറിക്ഷയിൽ കുരമ്പാല ഇടയാടിയിൽ ജംക്ഷനു സമീപമുള്ള ഉപറോഡിന്റെ അരികിൽ തള്ളി. 16ന് രാവിലെയാണ് നാട്ടുകാർ മൃതദേഹം കാണുന്നത്. തുടർന്ന് പൊലീസ് എത്തി നടത്തിയ അന്വേഷണത്തിൽ മൃതദേഹം സുശീലയുടേതാണെന്ന് തിരിച്ചറിഞ്ഞു.

പൊലീസിന്റെ കൃത്യമായ അന്വേഷണത്തിന്റെ ഭാഗമായി മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ സംബന്ധിച്ച സൂചന ലഭിച്ചെന്നും ഇന്നലെ രാവിലെ പത്തോടെ അറസ്റ്റ് ചെയ്‌തെന്നും ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ടാപ്പിങ് തൊഴിലാളികളായിരുന്ന ഇരുവരും രണ്ട് വർഷം മുൻപ് ളാഹ എസ്റ്റേറ്റിൽ വച്ചാണ് പരിചയപ്പെട്ടത്. തുടർന്ന് വിവാഹിതരായി. മധുസൂദനന്റെ പന്നിവിഴയിലെ വീട് വിറ്റു കുരമ്പാലയിൽ താമസമാക്കി. ഇതിനിടയിലാണ് കുടുംബ കലഹവും കൊലപാതകവും നടന്നത്.