പത്തനംതിട്ട: തിരുവല്ലയിൽ പ്രഭാത സവാരിക്കിറങ്ങിയവരെ വെട്ടി കൊലപ്പെടുത്താൻ ശ്രമം. വ്യാഴാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. നഗരത്തിൽ രണ്ടിടത്തായാണ് ആക്രമണമുണ്ടായത്. മാരുതി ഓമ്നി വാനിലെത്തിയ സംഘം പ്രഭാത സവാരിക്കിറങ്ങിയവരെ ആക്രമിക്കുകയായിരുന്നു. വാനിലെത്തിയ സംഘത്തിൽ ഒരു യുവതിയും ഉണ്ടായിരുന്നു. ഇവരെ നാട്ടുകാർ വാഹനം തടഞ്ഞ് പിടികൂടാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. വാഹനത്തിൽനിന്ന് വലിച്ചെറിഞ്ഞ മാരകായുധവും കണ്ടെടുത്തിട്ടുണ്ട്.

പുലർച്ചെ 4.30-നും അഞ്ചിനും ഇടയിലായിരുന്നു സംഭവം. തിരുവല്ല മതിൽ ഭാഗത്ത് റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ കാവുംഭാഗം സ്വദേശി രാജന് നേരേയാണ് ആദ്യം ആക്രമണമുണ്ടായത്. പിന്നാലെ അമ്പിളി ജങ്ഷന് സമീപം പെരിങ്ങര സ്വദേശി മുരളീധരക്കുറുപ്പിന് നേരേയും ആക്രമണമുണ്ടായി. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൊല്ലം പാരിപ്പള്ളി സ്വദേശിയുടേതാണ് വാഹനമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെക്കുറിച്ച് പൊലീസിന് സൂചനകൾ ലഭിച്ചതായാണ് വിവരം. അതേസമയം, ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല.