ലക്‌നൗ: വിവാഹ ദിനത്തിൽ ടെറസിൽ നിന്നും വീണ് പരിക്കേറ്റ യുവതിയെ ആശുപത്രി കിടക്കയിൽ താലി ചാർത്തി വരൻ. യുപിയിലെ പ്രയാഗ്രാജ് ജില്ലയിൽ നിന്നുള്ള ആരതി മോർയയ്ക്കാണ് വിവാഹദിനത്തിൽ പരുക്കേറ്റത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആരതിയെ വരൻ ആശുപത്രിയിൽ എത്തി ഡോക്ടറുടെ അനുമതിയോടെ താലി ചാർത്തുക ആയിരുന്നു. വീടിന്റെ ടെറസിൽനിന്ന് വീഴാൻ പോയ കുട്ടിയെ രക്ഷിക്കുന്നതിനിടയിലാണ് ആരതി ടെറസിൽ നിന്നും താഴേയ്ക്ക് വീണത്..

യുവതിയുടെ നട്ടെല്ലിന് പരിക്കേറ്റിട്ടും വിവാഹത്തിൽനിന്ന് പിന്മാറാൻ വരൻ അവ്‌ദേഷ് തയാറായില്ല. തുടർന്ന് ആശുപത്രിയിൽ വച്ച് വിവാഹ ചടങ്ങുകൾ നിർവഹിക്കാൻ അനുവാദം നൽകിയതായി പെൺകുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർ സച്ചിൻ സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഡിസംബർ എട്ടിനാണ് ആരതിയുടെയും അവ്‌ദേഷിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. പെൺകുട്ടിയുടെ നട്ടെല്ലിനു ക്ഷതമേറ്റിട്ടുണ്ടെന്നും നാളുകളോളം കിടക്കയിൽ തന്നെ കഴിയേണ്ടി വരുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അതൊന്നും കാര്യമാക്കാതെ അവ്‌ദേഷ് ആ പെൺകുട്ടിയെ തന്നെ വിവാഹം ചെയ്യുക ആയിരുന്നു.

പെൺകുട്ടിയുടെ അനുജത്തിയെ അവ്‌ദേഷിനെ കൊണ്ട് വിവാഹം കഴിപ്പിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായി. എന്നാൽ എന്തൊക്കെ സംഭവിച്ചാലും അതെല്ലാം വിധിയാണെന്നും ഈ മോശം സമയത്ത് ആരതിയുടെ കൂടെ നിൽക്കാനാണ് തന്റെ തീരുമാനമെന്ന അവ്‌ദേഷിന്റെ നിലപാടിനെ ഒടുവിൽ ബന്ധുക്കളും അനുകൂലിക്കുകയായിരുന്നു.