- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജപ്പാനിൽ കനത്ത മഞ്ഞുവീഴ്‌ച്ചയ്ക്കിടെ റോഡ് ഗതാഗതം താറുമാറായി; 15 കിലോമീറ്റർ നീണ്ട ഗതാഗത കുരുക്കിൽ റോഡ് നിശ്ചലമായത് 40 മണിക്കൂറോളം: കിടുകിട വിറപ്പിച്ച മഞ്ഞിൽ റോഡിൽ കഴിച്ചു കൂട്ടിയത് ആയിരത്തിലധികം യാത്രക്കാർ
ടോക്യോ: ജപ്പാനിൽ കനത്ത മഞ്ഞുവീഴ്‌ച്ചയ്ക്കിടെ റോഡ് ഗതാഗതം താറുമാറായതോടെ തണുത്ത് വിറച്ച് റോഡരുകിൽ കിടന്നത് ആയിരത്തിലധികം യാത്രക്കാർ. വ്യാഴാഴ്ച ജപ്പാനിലെ കനെറ്റ്സു എക്സ്പ്രസ് ഹൈവേയിലുണ്ടായ രൂക്ഷമായ ഗതാഗതക്കുരുക്കിൽ വ്യാഴാഴ്ച രാത്രിയാണ് ആളുകൾ റോഡിൽ കുടുങ്ങിയത്. ഒട്ടുമിക്ക വാഹനങ്ങളും 40 മണിക്കൂറിലേറെ നിശ്ചലമായി റോഡിൽ കിടന്നു. കനത്ത മഞ്ഞുവീഴ്ചയ്ക്കിടെ 15 കിലോമീറ്ററോളം നീളത്തിലുള്ള ഗതാഗതക്കുരുക്കിൽ ഭക്ഷണമോ വെള്ളമോ ഇല്ലാതെയാണ് ആയിരത്തിലധികം പേർ മണിക്കൂറുകളോളം തങ്ങളുടെ വാഹനങ്ങളിൽ ചെലവഴിച്ചത്.
ടോക്യോയേയും നിഗാറ്റ പ്രവിശ്യയേയും ബന്ധിപ്പിക്കുന്ന കനെറ്റ്സു എക്സ്പ്രസ് ഹൈവേയിൽ ബുധനാഴ്ച മുതലാണ് ഗതാഗതകുരുക്ക് അനുഭവപ്പെട്ടത്. വ്യാഴാഴ്ച രാത്രിയോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായതെന്നും ഏകദേശം 15 കിലോമീറ്ററോളം ദൂരത്തിൽ വാഹനങ്ങൾ കുടുങ്ങിക്കിടന്നുവെന്നും ദേശീയപാത ഓപ്പറേറ്റർമാരായ നിപ്പോൺ എക്സ്പ്രസ്വേ കമ്പനി അറിയിച്ചു. ദേശീയ പാതയുടെ മധ്യത്തിലായി ഒരു കാർ മഞ്ഞിൽ ഇടിച്ചുനിന്നതാണ് ഭീമൻ ഗതാഗതക്കുരുക്കിലേക്ക് നയിച്ചത്.
റോഡിൽ വാഹനങ്ങളുടെ നീണ്ടനിര അനുഭവപ്പെട്ടതോടെ കൂടുതൽ ഗതാഗത തടസം ഒഴിവാക്കാൻ അധികൃതർ ദേശീയപാതയിലേക്കുള്ള പ്രവേശനം തടഞ്ഞിരുന്നു. ഗതാഗതക്കുരുക്ക് തീർക്കാൻ ഊർജിത ശ്രമങ്ങളാണ് നടക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്കും ആയിരത്തോളം വാഹനങ്ങൾ റോഡിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. വാഹനങ്ങളിൽ കുടുങ്ങിയവർക്ക് ബ്രെഡ്, ബിസ്‌കറ്റ്, മധുര പലഹാരങ്ങൾ, 600 കുപ്പി വെള്ളം എന്നിവ അടിയന്തര സഹായമായി എത്തിച്ച് നൽകിയിരുന്നു. എന്നാൽ കനത്ത മഞ്ഞുവീഴ്ചക്കിടയിൽ മണിക്കൂറുകളോളം ചെലഴിക്കാൻ ഇവ പര്യാപ്തമല്ലായിരുന്നു. ശ്വസന പ്രശ്നങ്ങളെ തുടർന്ന് ചില യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ജപ്പാനിലെ മധ്യ, വടക്കൻ മേഖലകളിൽ വ്യാഴാഴ്ച രാവിലെ കനത്ത മഞ്ഞുവീഴ്ചയുണ്ടായിരുന്നു. ഗതാഗത തടസത്തിനൊപ്പം നിരവധി ഇടങ്ങളിൽ വൈദ്യുതിബന്ധം തടസപ്പെടുകയും ചെയ്തു. മഞ്ഞുവീഴ്ചയെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. സേവനങ്ങൾ പുനഃസ്ഥാപിക്കാനും ദുരിതബാധിതരെ സഹായിക്കാനും ഉദ്യോഗസ്ഥർ ഒരുമിച്ച് പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശം നൽകി.